കര്‍മ്മയോഗത്തിന്റെ വഴികള്‍ (ജ്ഞാ.5 .29)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 29
ഭോക്താരം യജ്ഞതപസാം
സര്‍വ്വലോക മഹേശ്വരം
സുഹൃതം സര്‍വ്വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി
യജ്ഞങ്ങളുടേയും തപസ്സുകളുടേയും ഫലങ്ങളെ നല്കുന്നവനായും സകലലോകങ്ങള്‍ക്കും മഹേശ്വരനായും സര്‍വ്വജീവികളിലും കാരുണ്യം ചൊരിയുന്ന സുഹൃത്തായും എന്നെ, യോഗനിഷ്ഠകൊണ്ടു കണ്ടറിയുന്ന യോഗിക്ക് ശാശ്വതമായ ശാന്തി ലഭിക്കുന്നു.
ഞാന്‍ മുമ്പു പറഞ്ഞതുപോലെ, ചിലര്‍ ശരീരത്തിലിരിക്കുമ്പോള്‍ത്തന്നെ ബ്രഹ്മത്വം പ്രാപിക്കുന്നു. അവര്‍ ഇതു കൈവരിക്കുന്നത് യോഗത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാണ്. മനോനിയന്ത്രണമാകുന്ന മലയുടെ കൊടിമുടി കയറിയും യോഗാനുഷ്ഠാനത്തിന്റെ പാരാവാരം നീന്തിയും പ്രപഞ്ചത്തിലെ അസ്തിത്വത്തിന്റെ അതിര്‍വരമ്പുകള്‍ അതിക്രമിച്ചു കടക്കുമ്പോഴും അവര്‍ക്ക് ബ്രഹ്മാനന്ദം അനുഭവപ്പെടുന്നു. എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും മോചിതരായ അവര്‍ ലൗകികജീവിതം നയിക്കുന്നുവെങ്കിലും ആത്മസാക്ഷാല്‍ക്കാരം ലഭിച്ചവരെന്ന നിലയില്‍ അവര്‍ക്ക് എപ്പോഴും ശാന്തി ലഭിക്കുന്നു.
യോഗാനുഷ്ഠാനത്തിന്റെ പൊരുള്‍ ഭഗവാന്‍ അര്‍ജ്ജുനനു വിശദീകരിച്ചുകൊടുത്തപ്പോള്‍, തീഷ്ണമനസ്കനായ അര്‍ജ്ജുനന്‍ പകച്ചു നിന്നുപോയി. അര്‍ജ്ജുനന്റെ മനസ്സിലുണ്ടായ വികാരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ കൃഷ്ണന്‍ പുഞ്ചിരിയോടെ ചോദിച്ചു:
പാര്‍ത്ഥാ, എന്റെ സംഭാഷണം നിന്നെ തൃപ്തിപ്പെടുത്തിയോ?
അര്‍ജ്ജുനന്‍ പ്രതിവചിച്ചു: ഭഗവന്‍, അന്യരുടെ മനോവ്യാപാരം മനസ്സിലാക്കുന്നതില്‍ പ്രവീണനായ അങ്ങ് എന്റെ ചിത്തവൃത്തി ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് അങ്ങ് നേരത്തേതന്നെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അങ്ങ് പറഞ്ഞകാര്യങ്ങളൊക്കെ ഒരിക്കല്‍ക്കൂടി ഋജുവായും ലളിതമായും എനിക്കു പറഞ്ഞുതന്നാലും. നീന്തിക്കടക്കേണ്ടുന്ന ഒരു നദിയേക്കാള്‍ നിഷ്പ്രയാസം കടക്കാന്‍ കഴിയുന്നത് ഇറങ്ങിക്കയറാവുന്ന ഒരു പുഴയാണ്. അതുപോലെ അങ്ങ് ഉപദേശിച്ചുതന്ന കര്‍മ്മയോഗം പ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെങ്കില്‍ത്തന്നെയും, എന്നെപ്പോലെയുള്ള ബലഹീനന്മാര്‍ക്കു സാംഖ്യയോഗത്തേക്കാള്‍ അനായാസമായും അപ്രമേയമായും സ്വീകരിക്കാവുന്നത് അതാണ്. ആകയാല്‍ എനിക്കു ശരിക്കും ഗ്രഹിക്കാനായി അത് ഒരിക്കല്‍ക്കൂടി എടുത്തുപറഞ്ഞാലും. അത് ആവര്‍ത്തനമാണെങ്കില്‍പോലും സമ്പൂര്‍ണ്ണമായി വിവരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഭഗവാന്‍ പറഞ്ഞു: ആഹാ! അങ്ങനെയോ ഈ മാര്‍ഗ്ഗമോണു ഭേദമെന്നു നീ കരുതുന്നുവെങ്കില്‍ നിനക്കുവേണ്ടി അത് ആവര്‍ത്തിക്കുന്നതിന് എനിക്കു സന്തോഷമേയുള്ളൂ. നിനക്ക് ഔത്സുക്യമുള്ള സ്ഥിതിക്ക് അത് വീണ്ടും ഉപദേശിക്കുന്നതിന് ഞാന്‍ മടിക്കുന്നതെന്തിന്? നീ നല്ലപോലെ ശ്രദ്ധിച്ചു കേള്‍ക്കുകയും അതനുഷ്ഠിക്കുകയും ചെയ്യുക.
തന്റെ വാത്സല്യഭാജനമായ പുത്രനോട് സംസാരിക്കുന്ന ഒരമ്മയുടെ അന്‍പു നിറഞ്ഞ ഹൃദയമാണ് ഭഗവാനുണ്ടായിരുന്നത്. ഹൃഷികേശിന്റെ ഹൃത്തടത്തില്‍ അലയടിച്ചുയര്‍ന്ന പ്രേമസാഗരത്തിന്റെ ആഴം അളക്കാന്‍ ആര്‍ക്കാണു കഴിയുക? അദ്ദേഹത്തിന്റെ താലോലമായ കടാക്ഷം അനുഗൃഹീതവും കരുണാമയവും മൃദുലവുമായ ചേതോവികാരത്തിന്റെ അമൃതബിന്ദുക്കള്‍ പൊഴിക്കുന്നതുമായിരുന്നു. ഭഗവാന് അര്‍ജ്ജുനനോടുള്ള പ്രേമവായ്പ്പ് എത്രത്തോളം വിശദീകരിച്ചാലും വ്യക്തമാക്കാന്‍ കഴിയുന്നതല്ല. അത് അത്രത്തോളം അഗാധമായിരുന്നു. അര്‍ജ്ജുനനോടുള്ള അനുരാഗോവേശം കൊണ്ട് മതിമറന്ന ഭഗവാന്‍ പറഞ്ഞു:
അര്‍ജ്ജുനാ, ഞാന്‍ കര്‍മ്മയോഗത്തിന്റെ വഴികളെപ്പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും അത് അനുഷ്ഠിക്കുന്നതിന് അര്‍ഹരായവരെപ്പറ്റിയും വിശദമായി നിനക്ക് ഉപദേശിച്ചുതരാം. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാന്‍ വിവരിക്കുകയും ചെയ്യാം. നീ ശ്രദ്ധിച്ചുകേള്‍ക്കുക.
അടുത്ത അദ്ധ്യായത്തിലെ വിഷയം കൃഷ്ണന്റെ ഈ പ്രസ്താവനയെ ആസ്പദമാക്കിയുള്ളതാണ്. പ്രായോഗിക ജീവിതത്തെ ഉപേക്ഷിക്കാതെതന്നെ ഈ യോഗം പ്രാപിക്കുന്നത് എങ്ങനെ എന്ന്, കൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചത്, ശ്രോതാക്കളായ നിങ്ങളോട് ഞാന്‍ വ്യക്തമാക്കാം.
നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനേശ്വരന്‍ തന്റെ ശ്രോതാക്കളോട് പറഞ്ഞു.
ഓം തത് സത്
ഇതി ശ്രീമത് ഭഗവത്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണ അര്‍ജ്ജുനസംവാദേ
കര്‍മ്മസന്യാസയോഗോ നാമ
പഞ്ചമോഽദ്ധ്യായഃ
കര്‍മ്മസന്ന്യാസയോഗമെന്ന അഞ്ചാം അദ്ധ്യായം കഴിഞ്ഞു.