ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ആറ്

ധ്യാനയോഗം

സ്ഞ്ജയന്‍ ധൃതരാഷ്ട്ര മഹാരാജാവിനോടു പറഞ്ഞു:

മഹാരാജോവേ, യോഗത്തിന്റെ വഴികളെപ്പറ്റി ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു വെളിവാക്കിക്കൊടുത്ത സാരഗര്‍ഭമായ ആശയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നറിഞ്ഞാലും. ബ്രഹ്മജ്ഞാനത്തിന്റെ അമൃതബിന്ദുക്കളില്‍ വിളയിച്ചെടുത്ത വിഭവസമൃദ്ധമായ ഒരു വിരുന്നുസത്ക്കാരമായിരുന്നു അത്. എന്തൊരു മഹാഭാഗ്യം. ക്ഷണിക്കപ്പെടാത്ത ഒരു വിരുന്നുകാരനായി എനിക്കും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ദാഹിക്കുന്ന ഒരുവന് കുടിക്കാന്‍ ലഭിച്ച ജലം കുടിച്ചപ്പോള്‍ അമൃതായിത്തീര്‍ന്നാലുണ്ടാകുന്ന ആനന്ദമാണ് അതു ശ്രവിച്ച ഞങ്ങള്‍ക്കെല്ലാം ഉണ്ടായത്.

അപ്പോള്‍ ദൃതരാഷ്ട്രര്‍ പറഞ്ഞു: ഇതൊന്നും പറയാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെട്ടില്ലല്ലോ.

ഇതുകേട്ടപ്പോള്‍ രാജാവ് അസ്വസ്ഥനാണെന്നും അദ്ദേഹത്തിന്റെ മനസ്സ് തന്റെ പുത്രന്മാരുടെ വിധിയോര്‍ത്ത് കലുഷമായിരിക്കയാണെന്നും സഞ്ജയന് മനസ്സിലായി. അദ്ദേഹം മന്ദസ്മിതത്തോടെ സ്വയം പറഞ്ഞു:

പാവം വൃദ്ധന്‍, പുത്രസ്നേഹത്താല്‍ വ്യാമോഹിതനായിരിക്കുന്നു. അല്ലെങ്കില്‍ ആനന്ദദായകമായ കൃഷ്ണാര്‍ജ്ജുന സംവാദത്തെ അഭിനന്ദിക്കാതിരിക്കുമോ? ജന്മനാ അന്ധനായ ഒരുവന്‍ എങ്ങനെയാണ് പുലരിയുടെ പ്രസന്നത ആസ്വദിക്കുന്നത്?

വസ്തുതകള്‍ വ്യക്തമായി പറഞ്ഞാല്‍ അതു മഹരാജാവിനെ കോപിഷ്ഠനാക്കിയേക്കുമെന്നു സഞ്ജയന്‍ ഭയപ്പെട്ടു. കൃഷ്ണാര്‍ജ്ജുന സംവാദം സഞ്ജയന്റെ ഹൃദയത്തെ ആനന്ദതുന്ദിലമാക്കിയിരുന്നു. അദ്ദേഹം ശാന്തനായി അത്യാദരവോടെ ഈ സംവാദം ദൃതരാഷ്ട്രനെ പറഞ്ഞുകേള്‍പ്പിച്ചു.