ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 3

ആരുരുക്ഷോര്‍മുനേര്‍യോഗം
കര്‍മ്മ കാരണമുച്യതേ
യോഗാരുഢസ്യ തസ്യൈവ
ശമഃ കാരണമുച്യതേ

യോഗത്തെ ആരോഹണം ചെയ്യാനിച്ഛിക്കുന്ന മുനിക്ക് കര്‍മ്മമാണ് ഉപായം. യോഗത്തില്‍ ആരൂഢനായ അയാള്‍ക്കു പിന്നീട് ആ അനുഭവം നിലനിര്‍ത്താന്‍ ശമം (ആത്മസംയമം) ആവശ്യമായി കരുതപ്പെടുന്നു.

യോഗത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തുന്നതിന് ആഗ്രഹിക്കുന്ന ഒരുവന്‍, കര്‍മ്മത്തിന്റെ വഴികളില്‍ കാണുന്ന ചവിട്ടുപടികള്‍ നിരാകരിക്കരുത്. യമനിയമാദികള്‍ വഴിയായി ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിച്ച് യോഗാദ്രിയുടെ അടിവാരത്ത് എത്തിക്കഴിഞ്ഞാല്‍, യോഗാസനങ്ങളാകുന്ന നടപ്പാതയില്‍കൂടി മുന്നോട്ടു പോയി മദ്ധ്യത്തിലുള്ള പ്രാണായാമമാകുന്ന കൊടുമുടി കയറണം. അവിടെ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നു നിയന്ത്രിക്കുന്ന ചിത്തസംയമനമെന്ന ചെങ്കുത്തായ ചുരം കാണപ്പെടും. അത്യധികം വഴുക്കുന്ന ആ കുന്നില്‍ ബുദ്ധിക്കുപോലും അതിന്റെ കാലടികള്‍ ഉറപ്പിക്കാന്‍ കഴിയുകയില്ല. ഇവിടെ ഹഠയോഗികളും അവരുടെ നിയന്ത്രണംതെറ്റി തല കുത്തനെ താഴോട്ടു വീഴുന്നു. എന്നാല്‍ നിരന്തരമായ പരിശീലനവും അനുഷ്ഠാനവുംകൊണ്ട് നഖങ്ങള്‍ ചിത്തസംയമനമാകുന്ന കുന്നിന്റെ ഉപാന്തത്തില്‍ ഉടുമ്പിനെപ്പോലെ കുത്തിയിറക്കി, ശ്വാസനിയന്ത്രണമാകുന്ന ശകടം ഉപയോഗിച്ചു മുകളിലേക്കു കയറിയാല്‍ കുന്നിന്റെ സമതലത്തിലെത്താം. അവിടെ നിന്നു ധാരണാശക്തിയാകുന്ന വിസ്തൃതമായ മാര്‍ഗ്ഗത്തില്‍ക്കൂടി ധ്യാനനിഷ്ഠയുടെ കൊടുമുടിയിലെത്തുന്നതുവരെ ആരോഹണം തുടരണം. എല്ലാ വഴികളും ഈ കൊടുമുടിയില്‍ എത്തുന്നതോടെ അവസാനിക്കുന്നു. ഇവിടെ സാധനയും സാദ്ധ്യവും തമ്മില്‍ വ്യത്യാസമില്ലാത്തതായിത്തിര്‍ന്നിരിക്കുന്നു. അവ പരസ്പരം ആശ്ലേഷിച്ച് യോഗി ബ്രഹ്മൈക്യം പ്രാപിക്കുന്നു. അവനു കര്‍മ്മങ്ങളോടുള്ള ആസക്തി അവസാനിക്കുന്നു. സമാധിയുടെ സമതലത്തില്‍ ഉറച്ചു വര്‍ത്തിക്കുന്ന അവന് വീണ്ടും മുന്നേട്ടേയ്ക്കുള്ള ഗമനമോ, ഗതകാലകര്‍മ്മങ്ങളെപ്പറ്റിയുള്ള സ്മരണയോ ഇല്ലാതാകുന്നു.

ഇനിയും ഈ വിധത്തില്‍ ധ്യാനത്തിലൂടെയും ഏകാഗ്രതയിലൂടെയും പരമാകഷ്ഠയെ പ്രാപിച്ച ഒരു യോഗിയുടെ ലക്ഷണങ്ങളെപ്പറ്റി ഞാന്‍ വിവരിക്കാം. കേള്‍ക്കൂ..