ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 6

ബന്ധുരാത്മാത്മനസ്തസ്യ
യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ
വര്‍ത്തേതാത്മൈവ ശത്രുവത്

ഇന്ദ്രിയവിഷയസംബന്ധമായ മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപിയായി ഭവിച്ച ഒരു ജ്ഞാനിക്ക് സ്വന്തം അന്തഃകരണം ഒരുറ്റബന്ധുവിനെപോലെ സഹായിയാണ്. എന്നാല്‍ മനോനിയന്ത്രണത്തിനു തുനിയാത്ത ഒരു ലൗകികന് അവന്റെ അന്തഃകരണം ഒരു ശത്രുവിനെപോലെ അവനെതിരായി പ്രവര്‍ത്തിക്കുന്നു.

ഒരുവന്‍ സ്വയം വിചിന്തനം ചെയ്ത് അഹംഭാവത്തെ ഒഴിവാക്കിയാല്‍ അവന്‍ ശാശ്വതസ്വരൂപമായ ബ്രഹ്മവുമായി ഒന്നുചേരുകയും പരമമായ നന്മ കൈവരിക്കുകയും ചെയ്യും. പട്ടുനൂല്‍പുഴു പട്ടുനൂലുകൊണ്ട് സ്വയം കൂടു നിര്‍മ്മിച്ച് അതിലിരുന്ന് ശ്വാസംമുട്ടിമരിക്കുന്നു. അതുപോലെ, മോടിപിടിപ്പിച്ച് തന്റെ ശരീരത്തോടുള്ള മമതകൊണ്ട്, അതുതന്നെയാണ് ആത്മാവെന്നുകരുതുന്നവന് ആത്മാവുതന്നെ ശത്രുവായിത്തീര്‍ന്ന് അവന്റെ നാശത്തിനു വഴിതെളിക്കുന്നു. ഭാഗ്യം കടാക്ഷിക്കുന്നതിനു തയ്യാറായി ഒരു ഖനിതന്നെ മുന്നില്‍ തുറന്നുവയ്ക്കുമ്പോള്‍, കണ്ണുണ്ടെങ്കിലും അന്ധനായി സങ്കല്പിച്ച്, അതു കാണാതെ കണ്ണടച്ചുകളയുന്ന ഒരു നിര്‍ഭാഗ്യവാനെപ്പോലെയോ, കേവലം മതിഭ്രമംകൊണ്ടുമാത്രം ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നിരിക്കുന്നു, എനിക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്ന വൃഥാ സങ്കല്പിക്കുന്ന ഒരു മാനസികരോഗിയെപോലെയൊ ഒരുവന്‍ വസ്തുതകള്‍ക്കു വിപരീതമായി സ്വയം പെരുമാറാന്‍ തുടങ്ങിയാല്‍ അതിനെന്താണൊരു പ്രതിവിധി? യഥാര്‍ത്ഥത്തില്‍ ആത്മാവ് ബ്രഹ്മം തന്നെയാണെങ്കിലും അവന്റെ മനസ്സ് ആ നിലയില്‍ ചിന്തിക്കാതിരിക്കുന്നത് എത്ര ദയനീയമാണ്?

സ്വപ്നത്തില്‍ ഏറ്റതായി കരുതുന്ന ഒരു മുറിവുകൊണ്ട് ആരെങ്കിലും മരിക്കുമോ? അജ്ഞാനിയായ ഒരു മനുഷ്യന്‍ തത്തയും കുഴല്‍ത്തണ്ടും എന്ന കഥയിലെ തത്തയെപ്പോലെയാണ്. തത്തയെ പിടിക്കുന്നതിനുവേണ്ടി വൃക്ഷത്തില്‍ വേടന്‍ ഘടിപ്പിക്കുന്ന കുഴല്‍ത്തണ്ടില്‍ തത്ത വന്നിരിക്കുമ്പോള്‍ അതിന്റെ ഭാരംകൊണ്ട് തണ്ട് കറങ്ങിത്തുടങ്ങുന്നു. തന്നിമിത്തം ഭയപ്പെടുന്ന തത്ത തണ്ടില്‍ മുറുക്കിപ്പിടിക്കുന്നു. അതിന് എപ്പോവേണമെങ്കിലും പിടിവിടിവിക്കാമെങ്കിലും അതു മനസ്സിലാക്കാതെ കുഴല്‍ത്തണ്ട് വേഗത്തില്‍ കറങ്ങുന്തോറും ആ തത്ത കൂടുതല്‍ കൂടുതല്‍ തണ്ടില്‍ മുറുക്കിപ്പിടിക്കുകയാണ് ചെയ്യുന്നത്. പിടിച്ചുവലിച്ചാല്‍പോലും തത്ത കുഴല്‍ത്തണ്ടിന്മേലുള്ള അതിന്റെ പിടി വിടുകയില്ല. അതുകൊണ്ട് അതിനെ കുഴല്‍ത്തണ്ടിനോട് ബന്ധിച്ചിരിക്കുന്നുവെന്ന് പറയാന്‍ കഴിയുമോ? അതുപോലെയാണ് മനുഷ്യന്‍റേയും സ്ഥിതി. താന്‍ ബന്ധിതനാണെന്നുള്ള ചിന്ത ഉള്ളിടത്തോളം കാലം അവന്‍ കൂടുതല്‍ കൂടുതല്‍ ബന്ധനത്തിലേക്കു വഴുതി വീഴുന്നു. അര്‍ജ്ജുനാ അഹംഭാവം നിറഞ്ഞ ഒരുവന്‍ അവന്റെതന്നെ ശത്രുവാണ്. താന്‍ ബന്ധിതനാണെന്നുള്ള അബദ്ധധാരണയില്ലാത്തവന്‍ വിവേകിയാണെന്നു ധരിച്ചാലും.