ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 10
യോഗീ യുഞ്ജീത സതതം
ആത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ
നിരാശീരപരിഗ്രഹഃ
മനസ്സ്, ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയെ സ്വാധീനപ്പെടുത്തി, ആശയില്ലാത്തവനായി, തനിക്കായി ഒരുവസ്തുവിനേയും സൂക്ഷിച്ചുവയ്ക്കാത്തവനായി, ആത്മാനുഭവരൂപമായ യോഗം കൊതിക്കുന്ന സാധകന്‍, ഏകാകിയായി വിജനപ്രദേശത്തു സ്ഥിരമായിരുന്നുകൊണ്ട് മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിക്കേണ്ടതാകുന്നു.
ഒരിക്കലും അസ്തമിക്കാത്ത അദ്വൈതഭാനുമാന്‍ ഒരുവനില്‍ ഉദിക്കുമ്പോള്‍, അവര്‍ ശാശ്വതാനന്ദത്തില്‍ നിരന്തരമായി നിമഗ്നനാകുന്നു. അല്ലയോ അര്‍ജ്ജുന, ഇപ്രകാരമുള്ള ഒരു വിവേകി അനിതരസാധാരണനാണ്. എന്തെന്നാല്‍ പരിഗ്രഹശൂന്യനായി പാരിലൊട്ടാകെ കാണുന്ന ഏക വ്യക്തി ഇയാള്‍ മാത്രമാണ്.
ഒരു പരിപൂര്‍ണ്ണ ജ്ഞാനിയുടെ പ്രത്യേക ലക്ഷണങ്ങള്‍ ഇപ്രകാരം അര്‍ജ്ജുനനു വിവരിച്ചുകൊടുത്ത ഭഗവാന്‍ തന്റെ ദിവ്യമായ മഹത്ത്വത്തെക്കാളും മഹിമയേറിയതാണ് യോഗിയുടെ മാഹാത്മ്യമെന്നു പ്രശംസിക്കുകയുണ്ടായി.
ഭഗവാന്‍ തുടര്‍ന്നു: യോഗി സിദ്ധന്മാരില്‍ ശ്രേഷ്ഠനാണ് അദ്ദേഹം. കണ്ണുകള്‍ക്ക് പ്രകാശമാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ് ഈ വിശ്വത്തെ സൃഷ്ടിച്ചത്. പവിത്രമായ ഓംകാരത്തിന്റെ ശില്പശാലയില്‍ നെയ്തെടുത്ത വര്‍ണ്ണശബളമായ വേദപാഠങ്ങളാകുന്ന വിദ്യാവസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ വൈശിഷ്ട്യത്തിനു ധരിക്കാന്‍ പറ്റാത്തവണ്ണം അപര്യാപ്തമാണ്. അദ്ദേഹത്തിന്റെ ആഭ ചൊരിയുന്ന ശരീരകാന്തി സൂര്യചന്ദ്രന്മാരുടെ പ്രവര്‍ത്തനങ്ങളെ നിലനിര്‍ത്തുന്നു. അപ്പോള്‍പിന്നെ അദ്ദേഹത്തിന്റെ ആശ്രയമില്ലാതെ ലോകം എങ്ങനെ ജീവിക്കും? അതു മാത്രമോ? യോഗിയുടെ നാമത്തിന്റെ മാഹാത്മ്യം വിസ്തൃതമായ വാനത്തിന്റെ സീമകളെപ്പോലും ലംഘിക്കുന്നു. ഇപ്രകാരമുള്ള ഒരാളിന്റെ ഗുണഗണങ്ങളെ മുഴുവന്‍ എങ്ങനെയാണ് ഗ്രഹിക്കുന്നത്? യോഗിയുടെ ലക്ഷണങ്ങള്‍ എങ്ങനെയാണ് വര്‍ണ്ണിക്കേണ്ടതെന്ന് എനിക്കറിഞ്ഞുകൂട. എങ്കിലും അതു നിന്നോടു പറയണമെന്ന് എനിക്കു തോന്നി.
ജ്ഞാനേശ്വരന്‍ പറയുന്നു: ദ്വന്ദ്വഭാവത്തെ ഇല്ലാതാക്കുന്ന ആത്മജ്ഞാനത്തിന്റെ എല്ലാ രഹസ്യഭാവങ്ങളും അര്‍ജ്ജുനന് വെളിപ്പെടുത്തിക്കൊടുത്താല്‍ അതു പ്രിയങ്കരനായ അര്‍ജ്ജുനനോടുള്ള മധുരമായ സ്നേഹത്തിന്റെ ആനന്ദാനുഭവത്തിനു ഹാനികരമായിരിക്കുമെന്ന് ഭഗവാന്‍ കരുതി. അതുകൊണ്ട് അദ്ദേഹം അര്‍ജ്ജുനനോട് എല്ലാം തുറന്നുപറഞ്ഞില്ല. ഒരു നേരിയ മൂടുപടംകൊണ്ട് ആത്മജ്ഞാനത്തെ താത്കാലികമായി മറച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. തന്റെ മനസ്സ് അര്‍ജ്ജുനനില്‍നിന്ന് വേറിട്ടുനിന്നെങ്കിലേ തങ്ങളുടെ ദ്വന്ദഭാവം നിലനില്‍ക്കുകയുള്ളൂവെന്നും അപ്പോള്‍മാത്രമേ തങ്ങള്‍ക്കു പരസ്പര സ്നേഹബന്ധം പുലര്‍ത്തി ആനന്ദിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അര്‍ജ്ജുനന്‍ തന്റെ വാത്സല്യസുഹൃത്താണ്. അവന്റെ സഖിത്വമില്ലാതെ ഒറ്റപ്പെടുന്ന താന്‍ എന്തുചെയ്യും? പിന്നെ ആരുടെ ദര്‍ശനംകൊണ്ടാണ് തന്റെ കണ്ണുകള്‍ കുളിര്‍ക്കേണ്ടത്? അകമഴിഞ്ഞുസംസാരിക്കാന്‍ കഴിയുന്നത് ആരോടാണ്? ആരെ ഗാഢാശ്ലേഷം ചെയ്താണ് തനിക്ക് പുളകംകൊള്ളാന്‍ കഴിയുന്നത്? അര്‍ജ്ജുനന്‍ താനുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നീടു തന്റെ ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പുന്ന സദ്വികാരങ്ങളെ താന്‍ ആരോടാണുപറയുക? ഇപ്രകാരമുള്ള കാരുണ്യപൂര്‍വ്വമായ ചിന്തകള്‍കൊണ്ട് ആര്‍ദ്രമാനസനായിത്തീര്‍ന്ന കൃഷ്ണന്‍, അര്‍ജ്ജുനന് മറ്റുകാര്യങ്ങളില്‍വേണ്ട ഉപദേശങ്ങള്‍ നല്കാനെന്നുള്ള നാട്യത്തോടെ അര്‍ജ്ജുനന്റെ മനസ്സിനെ തന്റെ മനസ്സിനോട് ചേര്‍ത്ത് ആലിംഗനം ചെയ്തു. ഇതു കേട്ടിട്ട് വിചിത്രമായി തോന്നുണ്ടെങ്കില്‍, ശ്രീകൃഷ്ണന്റെ ദിവ്യപ്രേമത്തിന്‍റേയും ആനന്ദത്തിന്‍റേയും മൂര്‍ത്തീമത് ഭാവമാണ് അര്‍ജ്ജുനനെന്നുള്ള വസ്തുത എപ്പോഴും ഓര്‍മ്മിക്കുക.
വന്ധ്യയാണെന്നു വിശ്വസിച്ചിരുന്ന സ്ത്രീ പില്‍ക്കാലത്ത് ഒരു ശിശു പിറന്ന് മാതാവായിത്തീരുമ്പോള്‍ അവള്‍ മാതൃവാത്സല്യത്തിന്റെ അവതാരരൂപമായിത്തീരുന്നതുപോലെ ആയിരുന്നു കൃഷ്ണന്റെ അവസ്ഥ. അര്‍ജ്ജുനനോടുള്ള വാത്സല്യാതിരേകംകൊണ്ട് ഭഗവാന്‍ ആനന്ദനൃത്തമാടി. എന്തൊരത്ഭുതദൃശ്യം, എത്രമാത്രം ആശ്ചര്യകരം ഒരു ഭാഗത്ത് അക്രമത്തിന്റെ അലര്‍ച്ചയും യുദ്ധക്കളത്തിലെ സംഹാരതാണ്ഡവവും ലോകത്തെ വലയംചെയ്യാന്‍ തയ്യാറായിരിക്കുന്നു. അപ്പോഴാണ് ഒരുപാവയെപ്പോലെ ഭഗവാന്‍ പ്രേമത്തിന്റെ അവതാരമൂര്‍ത്തിയായി അര്‍ജ്ജുനന്റെ ചുറ്റും നൃത്തമാടുന്നത്. അഗാധമായ സ്നേഹത്തിന്റെ മുന്നില്‍ സങ്കോചം ഓടിയൊളിക്കും ലാളനാവിഷയങ്ങളില്‍ ഒഴുകുന്ന ഒരാള്‍ക്ക് ഒരിക്കലും ക്ഷീണംതോന്നുകയില്ല. ഉന്മാദലഹരിയില്‍ മതിഭ്രമം സംഭവിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അര്‍ജ്ജുനന്‍ ഭഗവാന്റെ സ്നേഹവായ്പിന്റെ ഒരു ആശ്രയസ്ഥാനമാണ്; പ്രേമാനന്ദംകൊണ്ടുനിറഞ്ഞ ഭഗവാന്റെ ഹൃദയം പ്രതിബിംബിക്കുന്ന ഒരു മുഖകണ്ണാടിയാണ്.
ഭഗവാന്റെ കൃപകൊണ്ട് പരിശുദ്ധനും പവിത്രനുമായ അര്‍ജ്ജുനന്‍ ഭക്തിയുടെ വിത്തുവിതയ്ക്കുന്നതിന് അര്‍ഹതയുള്ള വിളഭൂമിയായിത്തീര്‍ന്നിരിക്കുന്നു. ഒന്‍പതുവിധത്തിലുള്ള ഭക്തിയില്‍ ഏറ്റവും ഉന്നതമായ ആത്മനിവേദനത്തിന്റെ തൊട്ടടുത്തുള്ള സംഖ്യഭക്തിയാണ് അര്‍ജ്ജുനന് ഇപ്പോഴുള്ളത്. ഈശ്വരനെ തന്റെ സഖിയായിക്കാണുന്ന അര്‍ജ്ജുനന്റെ ഭക്തിയില്‍ അതീവസന്തുഷ്ടനായ ഭഗവാന്‍ തന്റെ സ്വന്തം അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതിനാണ്. ഭര്‍ത്താവിനെ ഭക്തിയോടെ സേവിക്കുന്ന വിശ്വസ്തയായ ഒരു ഭാര്യയെ, ഭര്‍ത്താവ് അങ്ങേയറ്റം ബഹുമാനിക്കുമ്പോള്‍ ആ നാരീരത്നത്തെയല്ലേ ഭര്‍ത്താവിനേക്കാള്‍ കൂടുതലായി പുകഴ്ത്തേണ്ടത്? അതുപോലെ മുപ്പാരിലും വച്ച് വിശിഷ്ടമായ ഭാഗ്യത്തിന്റെ ഗുണഭോക്താവായിത്തീര്‍ന്ന അര്‍ജ്ജുനനെ പ്രത്യേകമായി സ്തുതിക്കേണ്ടതാണെന്ന് ഞാന്‍ വിചാരിച്ചു. അര്‍ജ്ജുനനോടുള്ള നിസ്സീമമായ സ്നേഹംകൊണ്ട് നിരാകാരനായ ഈശ്വരന്‍ മര്‍ത്യാകാരം കൈക്കൊണ്ടിരിക്കുന്നു. അദ്ദേഹം സമ്പൂര്‍ണ്ണനാണെങ്കിലും അര്‍ജ്ജുനന്റെ ചങ്ങാത്തം ആഗ്രഹിക്കുന്നു.
ഇതെല്ലാം അത്യന്തം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ശ്രോതാക്കള്‍ പറഞ്ഞു:
ഞങ്ങള്‍ എത്രയോ ഭാഗ്യവാന്മാര്‍, എന്തൊരു വശ്യമായ വാഗ്വിലാസം, വിവിധവര്‍ണ്ണങ്ങളാല്‍ മോടിപിടിപ്പിക്കപ്പെട്ട ചേതോഹരമായ അംബരംപോലെ ആകര്‍ഷണീയവും അര്‍ത്ഥസമ്പുഷ്ടവുമായ വാക്കുകള്‍ അതിന്റെ സംഗീതാംശം നാദബ്രഹ്മത്തിന്റെ സ്വരമാധുര്യത്തെപ്പോലും അതിശയിപ്പിക്കുന്നു. അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അറിവ് അമൃതകിരണത്തിന്റെ കിരണകന്ദളങ്ങള്‍പോലെ തിളങ്ങുന്നു. കാവ്യതല്ലജങ്ങളിലെ ഭാവനാവിലാസം രാത്രിയില്‍വിടരുന്ന കുമുദത്തെപ്പോലെ ഹൃദയാവര്‍ജ്ജകമായിരിക്കുന്നു. യാതൊരുവിധമായ ആഗ്രഹങ്ങള്‍ ഇല്ലാത്തവര്‍പോലും ഇതു കേള്‍ക്കുന്നതിന് ആഗ്രഹിക്കുന്നു. ഇത് ശ്രവിക്കുമ്പോള്‍ അതില്‍ ആമഗ്നരായി അവര്‍ ആനന്ദിക്കുകയും അവരുടെ ഹൃദയം അതിന്റെ പ്രകാശത്തില്‍ വികസിക്കുകയും ചെയ്യുന്നു.
ശ്രോതാക്കളുടെ പ്രതികരണം മനസ്സിലാക്കി ആമോദംപൂണ്ട നിവൃത്തിശിഷ്യനായ ജ്ഞാനേശ്വരന്‍ തുടര്‍ന്നു:
ശ്രദ്ധിച്ചുകേള്‍ക്കുക. ഭഗവാന്‍ കൃഷ്ണന്റെ കൃപാകടാക്ഷമാകുന്ന സൂര്യോദയം പാണ്ഡവരുടെ ജീവിതത്തില്‍ മഹത്തായ ഒരു പ്രഭാതത്തിന്റെ ഉദയമായിരുന്നു. ദേവകിയുടെ ഉദരത്തില്‍, ജനിക്കുകയും യശോദയുടെ മടിത്തട്ടില്‍ വാത്സല്യപൂര്‍വ്വം വളരുകയും ചെയ്ത ഭഗവാന്‍ കൃഷ്ണന്‍ അവസാനം പാണ്ഡവരുടെ തുണയ്ക്കെത്തി. ഭാഗ്യശാലിയായ അര്‍ജ്ജുനന് കൃഷ്ണന്റെ അനുപാലനം ലഭിക്കുന്നതിന് അമിതമായ പരിശ്രമമോ അധികം കാലമോ വേണ്ടിവന്നില്ല.
ഗീതയുടെ ശേഷിച്ച ഭാഗങ്ങള്‍ കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരുന്ന ശ്രോതാക്കള്‍ പറഞ്ഞു: അങ്ങ് വിഷയത്തില്‍നിന്ന് വിട്ടുപോകുന്നു. കഥ തുടര്‍ന്നാലും.
ജ്ഞാനേശ്വരന്‍ തുടര്‍ന്നു: അര്‍ജ്ജുനന്‍ ഭഗവാനോട് പ്രേമപൂര്‍വ്വം പറഞ്ഞു: ഭഗവാനേ, ഒരു പുണ്യാത്മാവിന്റെ യാതൊരു ലക്ഷണവും എനിക്കില്ല. എനിക്ക് അതിനുള്ള അര്‍ഹതയോ പ്രാപ്തിയോ ഇല്ല എങ്കിലും അങ്ങയുടെ ഉപദേശങ്ങള്‍ ലഭിച്ചാല്‍ അതിനുവേണ്ട കഴിവ് കൈവരിക്കാന്‍ എനിക്കുകഴിയും. അങ്ങ് ഇച്ഛിക്കുന്നുവെങ്കില്‍ എനിക്ക് പരബ്രഹ്മപദംപോലും ലഭ്യമാകുന്നതാണ്. അങ്ങയുടെ വാക്കുകള്‍ അക്ഷരം പ്രതി പാലിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങയുടെ സംസാരം ആരെപ്പറ്റിയാണ് എന്ന് എനിക്ക് പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കിലും അദ്ദേഹത്തെ ഞാന്‍ ശ്ലാഘിക്കുന്നു. അതുപോലെയുള്ള ഒരു ദിവ്യാത്മാവായിത്തീരണമെങ്കില്‍ എത്രത്തോളം ഉത്കൃഷ്ടമായ ഗുണഗണമാണ് ഒരുവന് ഉണ്ടായിരിക്കേണ്ടത്? ഞാനും അപ്രകാരം ഒരുവനായിത്തീരുവാന്‍ ആഗ്രഹിക്കുന്നു പ്രഭോ! എനിക്ക് അതിനുള്ള ത്രാണി ഉണ്ടാക്കിത്തന്നാലും.
അപ്പോള്‍ കൃഷ്ണന്‍ മന്ദസ്മിതത്തോടെ പറഞ്ഞു: ശരി നിനക്കുവേണ്ടി ഞാനതു ചെയ്തുതരാം.
ദിവ്യമായ ആനന്ദം അനുഭവിക്കുന്നതുവരെ ഒരുവന് സംതൃപ്തി ഉണ്ടാവുകയില്ല. അവന്‍ ഇടയ്ക്കിടയ്ക്ക് ദുഃഖിതനാവും. അവന്‍ സുഖത്തിനുവേണ്ടി കാത്തുകെട്ടി ഇരിക്കുന്നുണ്ടാവും. എന്നാല്‍ ഒരിക്കല്‍ സംതൃപ്തനായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നുംതന്നെ അവന് ആവശ്യപ്പെടാനോ ആഗ്രഹിക്കാനോ ഇല്ല. പരമകാരുണ്യകന്റെ ഭക്തന് പരബ്രഹ്മവുമായി അനായാസേന സാത്മ്യം പ്രാപിക്കാം. നോക്കുക അര്‍ജ്ജുനന്റെ ഭാഗ്യോതിരേകംകൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് വഴങ്ങിക്കൊടുത്തിരിക്കുന്നു. ഇന്ദ്രാദിദേവന്മാര്‍പോലും ആയിരം ജന്മമെടുത്തിട്ടും പ്രാപിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനായ ഭഗവാന്‍, അര്‍ജ്ജുനന്റെ ഏതഭിലാഷവും സാധിച്ചുകൊടുക്കാന്‍ വേണ്ടി ഒരു ദാസനെപ്പോലെ കാത്തുനില്‍ക്കുന്നു. എന്തൊരാശ്ചര്യം? ഈ അവസ്ഥ വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാന്‍ വിഷമമാണ്.
പരബ്രഹ്മവുമായി സാത്മ്യം പ്രാപിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് അര്‍ജ്ജുനന്‍ പറഞ്ഞതുകേട്ട് ഭഗവാന്‍ ചിന്തിച്ചു;
അര്‍ജ്ജുനന്‍ പരബ്രഹ്മമാകണമെന്ന് തീക്ഷണമായി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അപ്പോള്‍ വൈരാഗ്യത്തിന്റെ ബീജം അവന്റെ ബോധേന്ദ്രിയമാകുന്ന ഗര്‍ഭാശയത്തില്‍ പ്രവേശിച്ചുകഴിഞ്ഞിരിക്കണം. വിരക്തിയുടെ ഭ്രൂണം പൂര്‍ണ്ണവളര്‍ച്ചയിലെത്തിയിട്ടില്ലെങ്കിലും സമബുദ്ധിയാകുന്ന വസന്താഗമത്തോടെ ഞാന്‍ പരബ്രഹ്മമാകുന്നു എന്ന പുഷ്പസഞ്ചയങ്ങളാകുന്ന തോന്നല്‍ അതിനെ കണക്കിലേറെ വളര്‍ത്തും. പിന്നെ അതിന്റെ പരിസമാപ്തിക്ക് അധികസമയം വേണ്ടിവരില്ല. പരിത്യാഗത്തിന്റെ പൊരുള്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നതുകൊണ്ട് പരബ്രഹ്മവുമായി ഒന്നുചേരുക എന്ന അവസ്ഥ കാലവിളംബംകൂടാതെ അര്‍ജ്ജുനന് അനായാസേന കരഗതമാവുകയും ചെയ്യും. അര്‍ജ്ജുനന്റെ ഏതു പ്രവൃത്തിയും അതിന്റെ ആരംഭം മുതല്‍ക്കുതന്നെ വിജയിക്കും. അതിന്റെ ഫലം അവന്‍ അനുഭവിക്കുകയും ചെയ്യും. യോഗവിദ്യയെപ്പറ്റി അര്‍ജ്ജുനന് ഉപദേശം നല്കിയാല്‍ അത് ഒരിക്കലും വ്യര്‍ത്ഥമാവുകയില്ല.
ഇപ്രകാരമുള്ള ചിന്തകളോടെ ഭഗവാന്‍ അര്‍ജ്ജുനനോട് പറഞ്ഞു: അര്‍ജ്ജുനാ, യോഗാഭ്യാസനത്തിലേക്കു നയിക്കുന്ന രാജവീഥിയെപ്പറ്റി കേള്‍ക്കൂ. യോഗ വൃക്ഷത്തിന്റെ അടിവാരത്തിലുള്ള ഈ വഴിയില്‍ വിമോചനത്തിന്റെ ആയിരകണക്കിലുള്ള കനികള്‍ കിടപ്പുണ്ട്. പരമശിവന്‍പോലും ഇപ്പോഴും ഈ വഴിയില്‍ക്കൂടി യാത്ര ചെയ്യുന്ന ഒരു തീര്‍ത്ഥാടകനാണ്. അനേകം തപസ്വികള്‍ ആദ്യം അവരുടെ അന്തരംഗത്തിലുള്ള ഊടുവഴികളില്‍ക്കൂടി ഈശ്വരനെത്തേടി സഞ്ചരിച്ചുവെങ്കിലും, അവസാനം അനുഭവത്തിന്റെ വെളിച്ചത്തില്‍ അജ്ഞതയുടെ ആ വഴികള്‍ ഉപേക്ഷിച്ചിട്ട് ആത്മജ്ഞാനത്തിന്റെ ഈ രാജവീഥിയെ അവര്‍ സമാശ്രയിച്ചിട്ടുണ്ട്. മഹാമുനികള്‍ ഈ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ജ്ഞാനികളും വിശ്രുതന്മാരായ ആചാര്യന്മാരും ഈ പന്ഥാവില്‍ക്കൂടി പ്രയാണംചെയ്ത് പരമമായ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ഈ പാതയില്‍ എത്തുന്നവര്‍ വിശപ്പും ദാഹവും വിസ്മരിക്കുന്നു. രാവും പകലും തമ്മിലുള്ള വ്യത്യാസം അവര്‍ അറിയുന്നതേയില്ല. ഈ വഴിയില്‍ കാലുകുത്തുന്ന തീര്‍ത്ഥാടകന്റെ മുന്നില്‍ മോചനത്തിന്റെ ഒരു ഖനി തന്നെ തുറന്നു വെയ്ക്കപ്പെട്ടിരിക്കുന്നു. എതെങ്കിലും വിധത്തില്‍ വഴിയില്‍ തടസ്സമുണ്ടായാല്‍പോലും സ്വര്‍ഗ്ഗീയ സുഖലബ്ധി ഉറപ്പാണ്. ഈ വഴിയില്‍ക്കൂടി സഞ്ചരിക്കുന്നവന്റെ മനസ്സ് അചഞ്ചലമായിരിക്കണം. അവന്റെ ലക്ഷ്യത്തെപ്പറ്റി ബോധവാനായിരിക്കണം. അവസാനം അവനും അവന്റെ ലക്ഷ്യവും തമ്മില്‍ ഐക്യം പ്രാപിച്ചതായി അവന് ബോധ്യപ്പെടുന്നു. ഞാന്‍ ഇതെല്ലാം എന്തിനാണ് നിന്നോട് പറയുന്നത്. താമസിയാതെ നിനക്കുതന്നെ ഇത് നേരിട്ടു മനസ്സിലാക്കാന്‍ ഇടയാകും.
ഇതെല്ലാം കേട്ട പാര്‍ത്ഥന്‍ അക്ഷമനായി. അവന്‍ ചോദിച്ചു:
ഭഗവന്‍, അങ്ങ് ഈ യോഗത്തെപ്പറ്റി വിശദമായി എന്നോടു പറഞ്ഞു. ഉല്‍ക്കടമായ ആകാംഷയുടെ ആഴിയില്‍ മുങ്ങിക്കിടക്കുന്ന എന്നെ എപ്പോഴാണ് കരകയറ്റുന്നത്?
ഭഗവാന്‍ പ്രതിവചിച്ചു: എന്തിനാണ് നീ ഇത്രമാത്രം അക്ഷമനായിരിക്കുന്നത്? ഇതെപ്പറ്റി ഞാന്‍ വിശദീകരിക്കാന്‍ ഒരുമ്പെടുകയായിരുന്നല്ലോ.