ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 11,12

ശുചൗ ദേശേ പ്രതിഷ്ഠാപ്യ
സ്ഥിരമാസനമാത്മനഃ
നാത്യുച്ഛ്റിതം നാതിനീചം
ചൈലാജിനകുശോത്തരം

തത്രൈകാഗ്രം മനഃ കൃത്വാ
യതചിത്തേന്ദ്രിയക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്
യോഗമാത്മവിശുദ്ധയേ

പരിശുദ്ധമായ സ്ഥലത്ത് അധികം ഉയരമില്ലാതെയും അധികം താണുപോകാതെയും, കുശപ്പുല്ല്, മാന്തോല്‍, വസ്ത്രം എന്നിവയെ ഒന്നിനുമുകളിലൊന്നായി വിരിച്ച് തനിക്ക് ഉറച്ചിരിക്കാനുള്ള ആസനം തയ്യാറാക്കണം. എന്നിട്ട് ആ ആസനത്തിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയിട്ട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കായിക്കൊണ്ട് ബ്രഹ്മധ്യാനത്തെ ചെയ്യേണ്ടതാകുന്നു.

ഇപ്പോള്‍ ഞാന്‍ അതേപ്പറ്റി വിശദമായി വിവരിക്കാം. എന്നാല്‍ പ്രത്യക്ഷമായ അനുഭവംകൊണ്ട് മാത്രമേ അതിന് ഫലപ്രാപ്തിയണ്ടാവുകയുള്ളൂ. ആദ്യമായി അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കണം. കാഴ്ചമാത്രയില്‍ത്തന്നെ വൈരാഗ്യം ദ്വിഗുണീഭവിക്കത്തക്കവണ്ണം ചിത്തൈകാഗ്ര്യത്തിന് യോജിച്ച സ്ഥലമായിരിക്കണം അത്. യാദൃശ്ചികമായി അവിടെ വന്നുചേരാനിടയായാകുന്ന നാസ്തികനുപോലും തപസ്സനിഷ്ഠിക്കാനുള്ള താല്പര്യം ഉണ്ടാകത്തക്കവണ്ണം ആകര്‍ഷണീയമായ സ്ഥലവുമായിരിക്കണം അത്. വിഷയാസക്തരായ പ്രാപഞ്ചികര്‍ ഈ സ്ഥലത്തെത്തിയാല്‍ ഐതിഹസുഖങ്ങളിലേക്ക് മടങ്ങിപോകുന്നതിനുള്ള അവരുടെ അഭിവാഞ്ഛ ഇല്ലാതാകണം. പരമാനന്ദം ലഭിക്കത്തക്കവണ്ണം പരിശുദ്ധവും പരിപാവനവുമായ സ്ഥലവുമായിരിക്കണം അത്. ഭോഗേച്ഛുവായ ഒരു രാജാവ് ഈ സ്ഥലം കാണാനിടയായാല്‍ അയാളുടെ രാജ്യംപോലും ഉപേക്ഷിച്ച് അവിടെ ഏകാന്തനായിരിക്കാന്‍ തോന്നത്തക്കവണ്ണം അഭികാമ്യമായ സ്ഥാനമായിരിക്കണം അത്. യോഗാനുഭവത്തെ തേടുന്നവന്‍ സാധാരണയായി വരുന്നതും, യാത്രക്കാരുടെ കാലടിയൊച്ചകള്‍ ശല്യപ്പെടുത്താതുമായിരിക്കണം. ഫല വൃക്ഷങ്ങള്‍ തിങ്ങിവളരുന്നതും വേനല്‍ക്കാലത്തുപോലും ശുദ്ധജലത്തിനു ക്ഷാമമില്ലാത്തതിന്‍വണ്ണം നീരുറവകളുള്ളതുമായിരിക്കണം ഈ പ്രദേശം. അല്പമായ ചൂടും സുഖപ്രദമായ കുളിര്‍മയും ഉണ്ടായിരിക്കേണ്ട ഈ സ്ഥലത്ത് അസഹ്യമായ ശബ്ദമോ ക്രൂരമൃഗങ്ങളുടെ കോലാഹലമോ പാടില്ല. ഹംസങ്ങളേോ കുയിലുകളോ താറാവുകളോ മയിലുകളോ ഇടയ്ക്കിടയ്ക്ക് അവിടെ വരുകയും പോവുകയും ചെയ്യുന്നതില്‍ പന്തികേടൊന്നുമില്ല.

അല്ലയോ, അര്‍ജ്ജുന, തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട ഒരു ആശ്രമമോ ശിവക്ഷേത്രമോ ഉള്ളതു നന്നായിരിക്കും. ഇതില്‍ ഏത് ഹിതകരമായിരിക്കണമെന്നു തോന്നുന്നുവോ, അവിടെ ഏകാന്തമായ ഒരു സ്ഥലത്ത് ഇരിക്കണം. അവിടെയിരിക്കുമ്പോള്‍ മനസ്സ് അചഞ്ചലവും സ്വസ്ഥവും ആണെന്നു തോന്നിയാല്‍ ധ്യാനത്തിനുവേണ്ടിയുള്ള ഒരു ആസനം തയ്യാറാക്കണം. എങ്ങനെയാണെന്നോ? കുശപ്പുല്ലിനുമുകളില്‍ പരിശുദ്ധമായ വെള്ളത്തുണി വിരിച്ചുകൊണ്ട് ഈ ആസനം അധികം ഉയര്‍ന്നതോ വളരെ താണതോ ആയിരിക്കാന്‍ പാടില്ല. ഉയര്‍ന്നതാണെങ്കില്‍ ശരീരം ആടുന്നതിനും താണതാണെങ്കില്‍ ഭൂമിയുടെ സമ്പര്‍ക്കംകൊണ്ട് തണുപ്പ് തട്ടുന്നതിനും ഇടയുണ്ട്. അതുകൊണ്ട് മിതമായ വിധത്തില്‍ ഉയര്‍ന്നിരിക്കണം.

പിന്നീട് സത്യാന്വേഷി അവന്റെ ഗുരുവിനെ സ്മരിച്ചുകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കി ആനന്ദവാനായി ഇരിക്കണം. ഗുരുസ്മരണകൊണ്ട് സത്വഭാവം മനസ്സില്‍ വ്യാപിപ്പിച്ച് അഹംഭാവത്തിന്റെ കാഠിന്യം അലിയുന്നതുവരെ അവന്‍ ഈ നിലയില്‍ ഇരുപ്പുറപ്പിക്കണം. അപ്പോള്‍ എല്ലാ വിഷയങ്ങളും വിസ്മരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കുന്നു. സദാ വെളിയില്‍ സഞ്ചരിക്കുന്ന മനസ്സ് ഹൃദയത്തിനുള്ളില്‍ സ്ഥിരപ്പെട്ടു നില്‍ക്കുന്നു. മനസ്സ് ഹൃദയവുമായി ഐക്യബോധം ഉണ്ടാകുന്നതുവരെ യോഗി ഈ നിലയില്‍ ഇരിക്കണം. അപ്പോള്‍ ശരീരം അതിന്റെ സമതുലിതാവസ്ഥ നിലനിര്‍ത്തും ശ്വാസോച്ഛ്വാസം അനുയോജ്യമാംവണ്ണം ക്രമീകരിക്കപ്പെടും. അതോടെ സാധകന്റെ അനുഭവസിദ്ധി ഉയരത്തിലെത്തുന്നു. അപ്പോള്‍ മനസ്സിന്റെ ബഹിര്‍ഗമന വാസനകള്‍ പിന്‍വലിക്കപ്പെടുകയും ഉള്ളില്‍ സമാധിയുടെ ചൈതന്യം അനുഭവപ്പെടുകയും ചെയ്യുന്നു.