ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
രണ്ടാം ഭാഗം
ശ്ലോകം 13,14
സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയന്‍
പ്രശാന്താത്മാ വിഗതഭീര്‍-
ബ്രഹ്മാചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ
ധ്യാനത്തിന്റെ ഫലമായി ശരീരത്തില്‍ ബാഹ്യമായും ആന്തരികമായും സംഭവിക്കാവുന്ന ചില പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളെക്കുറിച്ചും കുണ്ഡലിനി എന്ന ശക്തിശ്രോതസ്സിന്റെ ഉണര്‍വ്വിനെക്കുറിച്ചും അതുളവാക്കുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ചും ശ്രീ ജ്ഞാനദേവന്‍ മനോഹരമായ പ്രതീകാത്മകഭാഷയില്‍ വര്‍ണ്ണിച്ചിരിക്കുന്നു.
അപ്പോള്‍ സങ്കല്പങ്ങള്‍ ഒതുങ്ങുകയും മാനസ്സികോര്‍ജ്ജത്തിന്റെ വ്യയം കുറയുകയും ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുകയും ചെയ്യുന്നു. വിശപ്പും നിദ്രയും അയാളെ ബുദ്ധിമുട്ടിക്കുന്നില്ല. അവയെക്കുറിച്ചുള്ള ഓര്‍മ്മപോലും ഇല്ലാതായെന്നുവരും മൂലബന്ധത്താല്‍ തടയപ്പെട്ട അപാനന്‍ പിന്നോക്കം നീങ്ങുകയും അവിടെയും തടയപ്പെട്ട് വികസിക്കുകയും ചെയ്യുന്നു. ഈ അമര്‍ത്തല്‍മൂലം ഉത്തേജിപ്പിക്കപ്പെടുന്ന അപാനന്‍ നട്ടെല്ലില്‍ ഉദരഭാഗത്തായുള്ള മണിപൂരചക്രത്തെ ഉണര്‍ത്തുന്നു. വികസിച്ചുവരുന്ന അപാനന്‍ എല്ലാ ഭാഗങ്ങളില്‍ നിന്നും ഉദരാവയവങ്ങളെ മഥിക്കുകയും കുട്ടിക്കാലം മുതല്‍ അവയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ അകറ്റുകയും ചെയ്യുന്നു. അത് ഉദരത്തിലെ പിത്ത കഫ സംബന്ധമായ ദോഷങ്ങളെ നശിപ്പിക്കുന്നു. സപ്തധാതുക്കളെ മാറ്റിമറിച്ച് തകര്‍ക്കുന്നു. കൊഴുപ്പുപാളികളുടെ കൂട്ടങ്ങളേയും എല്ലിനുള്ളിലെ മജ്ജയേയും ഇളക്കുന്നു. രക്ത ധമനികളെ വെടിപ്പാക്കുന്നു. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സാവധാനമാക്കി കൈകാലുകളുടെ പ്രവര്‍ത്തനശേഷിയില്‍ അയവുവരുത്തി സാധകനെ പരിഭ്രമിപ്പിച്ചെന്നുവരും. പക്ഷേ അയാള്‍ പരിഭ്രമിക്കേണ്ടതില്ല. ചില അസുഖങ്ങള്‍ അതുളവാക്കും എന്നാല്‍ ഉടന്‍തന്നെ സുഖപ്പെടുത്തുകയും ചെയ്യും. അത് കഫം പിത്തരസം തുടങ്ങിയ ദ്രാവകങ്ങളേയും മാംസം മജ്ജ എല്ലുകള്‍ എന്നിവയിലുള്ള ധാതുക്കളേയും തമ്മില്‍ സംയോജിപ്പിക്കുന്നു. ഇതിനിടയില്‍ യോഗാസനം ശരീരത്തില്‍ ഉളവാക്കുന്ന താപത്തില്‍ കുണ്ഡലിനീ ശക്തി ഉണര്‍ത്തപ്പെടുന്നു. ചുവന്ന കുങ്കുമപ്പൊടിയില്‍ പൂശപ്പെട്ട് മൂന്നര ചുറ്റുചുറ്റി തല കീഴോട്ടാക്കി ഉറങ്ങുന്ന ഒരു പെണ്‍സര്‍പ്പത്തെപ്പോലെയാണ് കുണ്ഡലിനിയുടെ സ്ഥിതി. ഒരു പ്രകാശപാളിപോലെ ഒരു അഗ്നിജ്വാലയുടെ മടക്കുപോലെ, ശുദ്ധമായ തങ്കംപോലെയാണ് കുണ്ഡലിനി.
വജ്രാസനം കുണ്ഡലിനീശക്തിയെ ഉണര്‍ത്തുന്നു. ഉജ്ജ്വലമായ ഒരു നക്ഷത്രം പതിക്കുന്നതുപോലെയോ, പ്രകാശത്തിന്റെ വിത്ത് മുളച്ചുവരുന്നതുപോലെയോ, തന്റെ ചുറ്റുകളഴിച്ച് കുണ്ഡലിനീശക്തി നാഭീകേന്ദ്രത്തില്‍ ഉണര്‍ന്നെഴുന്നേല്കുന്നു. വളരെനാളായി വിശന്നിരിക്കുന്ന അവള്‍ പിളര്‍ന്നിരിക്കുന്ന വായ് മേല്‍പ്പോട്ട് തുറന്നുവച്ചുകൊണ്ട് നില്‍ക്കുന്നു. അവിടെയുള്ള അപാനന്‍ അവളുടെ ഇരയായിത്തീരുന്നു. കുണ്ഡലിനിയുടെ തീവ്രശക്തി മാംസഭാഗങ്ങളെ അശിക്കുന്നു. ഹൃദയഭാഗത്തുള്ള ചില മാംസപേശികള്‍പോലും അവള്‍ക്ക് ഇരയായിത്തീരുന്നു. എന്നിട്ട് അവള്‍ കരങ്ങളുടേയും പാദങ്ങളുടേയും മേല്‍ഭാഗം തുരന്നിറങ്ങി കൈകാലുകളേയും സന്ധിബന്ധങ്ങളേയും വിറപ്പിക്കുന്നു. നഖങ്ങളുടെ സത്ത് വലിച്ചടുക്കുന്നു. ത്വക്കിനെ ശുദ്ധീകരിക്കുന്നു. അസ്ഥികളോട് അടുക്കുന്നു. അസ്ഥികളേയും വെടിപ്പാക്കുന്നു. സപ്തധാതുക്കളെ നുകര്‍ന്ന് അവള്‍ തന്റെ ദാഹം ശമിപ്പിക്കുന്നു. അതിന്റെ ഫലമായി ശരീരത്തിന് ഉണക്കുബാധിച്ചതുപോലെ അനുഭവപ്പെടുന്നു. നാസാരന്ദ്രങ്ങളില്‍ക്കൂടി പുറത്തേയ്ക്കുപോകുന്ന പ്രാണന്‍ എന്ന വായുവിനെ അവള്‍ ശക്തിപൂര്‍വ്വം നാലുവിരലിട അകത്തേയ്ക്കുവലിക്കുന്നു. അപാനനെ മേല്‍പ്പോട്ടുയര്‍ത്തുന്നു. പ്രാണനെ കീഴ്പ്പോട്ടുകൊണ്ടുവരുന്നു. അവ യോജിക്കുകയാണെങ്കില്‍ പിന്നെ അവശേഷിക്കുന്നത് നാഡീകേന്ദ്രങ്ങളുടെ ബാഹ്യ ഉറകള്‍ മാത്രമായിരിക്കും. എന്നാല്‍ അപ്പോള്‍ അല്പം അസ്വസ്ഥയായിത്തീരുന്ന കുണ്ഡലിനി അവ രണ്ടിനോടും വേര്‍പെട്ടു നില്‍ക്കാന്‍ ആജ്ഞാപിക്കുന്നു. അല്ലയോ അര്‍ജ്ജുനാ, ശരീരത്തിലെ ഖര ദ്രാവക പദാര്‍ത്ഥങ്ങളെയെല്ലാം അശിച്ചു കഴിഞ്ഞശേഷം ഈ കുണ്ഡലിനി തികച്ചും തൃപ്തയായി നട്ടെല്ലില്‍ സ്വസ്ഥയായി കഴിയുന്നു.
ഇങ്ങനെ തൃപ്തിയായിരിക്കുന്ന അവസരത്തില്‍ അവള്‍ തുപ്പുന്ന വിഷം ജീവിതത്തെ പുഷ്കലമാക്കുന്ന മധുവായി മാറുന്നു. പുറത്തുവരുന്ന തീക്ഷ്ണമായ വിഷം ശരീരത്തിന്റെ ആന്തരികരംഗങ്ങളെ തണുപ്പിക്കുന്നു. അതോടെ പൊയ്പോയ ശക്തി ശരീരം വീണ്ടെടുക്കുന്നു. നാഡീവേഗങ്ങളും പ്രാണനൊഴികെയുള്ള ഒന്‍പത് ജീവവായുക്കളുടെ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നു. ശരീരത്തിന് അതിന്റെ ജോലികള്‍ ഇല്ലാതാകുന്നു. അപ്പോള്‍ ഇടതും വലതും നാസ്വാദ്വാരങ്ങളിലൂടെ വായുക്കള്‍ സമ്മേളിക്കുന്നു. താഴെയുള്ള നാഡീകേന്ദ്രങ്ങളിലെ മൂന്നു ഗ്രന്ഥികള്‍ അയയുന്നു. ആറ് നാഡീകേന്ദ്രങ്ങള്‍ തമ്മില്‍ വിഘടിക്കപ്പെടുന്നു. ഒരു നേരിയ നൂല് മുമ്പില്‍ പിടിച്ചാല്‍ അല്പംപോലും ഇളകാത്തവിധത്തില്‍ നാസാദ്വാരങ്ങളിലൂടെയുള്ള സൂര്യ-ചന്ദ്ര ശ്വാസഗതികള്‍ വളരെസൂഷ്മതരമായിത്തീരുന്നു. ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം അപ്പോള്‍ അവസാനിക്കുകയും നാസാരന്ദ്രങ്ങളിലെ സുഗന്ധം കുണ്ഡലിനീശക്തിയോടൊത്ത് സുഷുമ്നാനാഡിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. മുകളില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രമണ്ഡല- മധുനിറഞ്ഞ പാത്രം ഒരു വശത്തേക്കു ചരിയുകയും കുണ്ഡലിനിയുടെ വായിലേയ്ക്ക് അത് ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ മധു അവളില്‍ നിറയുകയും പ്രാണന്റെ സഹായത്താല്‍ ശരീരത്തെ ആകെ നനയ്ക്കുകയും ചെയ്യുന്നു. പഴുത്തുചുവന്ന മൂശയിലുള്ള മെഴുക് ഉരുകി അതിനെ നിറയ്ക്കുന്നതുപോലെ, ത്വക്കിനാല്‍ മൂടപ്പെട്ട പ്രകാശധാര മനുഷ്യ ശരീരത്തിന്റെ രൂപത്തില്‍ ആഭിര്‍ച്ചിരിക്കുകയാണെന്നു തോന്നും, ഒരു മേഘപാളിക്കപ്പുറം മറഞ്ഞിരുന്ന സൂര്യന്‍ മേഘം ചിന്നിച്ചിതറുമ്പോള്‍ ഉജ്ജ്വലപ്രകാശത്തോടെ പുറത്തുവരുന്നതുപോലെ, ഉണങ്ങിവെടിച്ചിരുന്നപോലെ തോന്നിയ ത്വക്കിന്റെ പാളികള്‍ പൊഴിഞ്ഞുപോകുമ്പോള്‍ സ്ഫടികത്താല്‍ രൂപീകൃതമായതുപോലെയോ ശരീരം സുഭഗതയാര്‍ജ്ജിക്കുന്നു. കുണ്ടിലിനി ചന്ദ്രമണ്ഡലമധുനുകരുമ്പോള്‍ ശരീരം ശോണിമയാര്‍ന്ന മനോഹാരിതയോടുകൂടിയതായോ തേന്‍നിറഞ്ഞതായോ കാണപ്പെടുന്നു. ആഹ്ലാദത്തിന്റെ ഒരു ചിത്രംപോലെയോ, ആനന്ദത്തിന്റെ ഒരു രൂപംപോലെയോ സംതൃപ്തിയുടെ പന്തലിച്ച ഒരു മരംപോലെയോ, തളിരിലകള്‍ നിറഞ്ഞ ഒരു ഉദ്യാനംപോലെയോ, ഒരു പീഠത്തില്‍ ഇരിക്കുന്ന പ്രകാശനിര്‍മ്മിതമായ ഒരു പ്രതിമയെപ്പോലെയോ, അത് ആയിത്തീരുന്നു. മണത്തിന്റെ ദേവതപോലും ഭയഭക്തിബഹുമാനത്തോടെ അയാളുടെ മുമ്പാകെ പരുങ്ങി നില്‍ക്കുന്നു.
അപ്പോള്‍ വാര്‍ദ്ധക്യം പിന്‍വാങ്ങുന്നു. യുവത്വം പിന്നോട്ട് കുതിച്ചുപായുന്നു. വളരെനാള്‍ കഴിഞ്ഞുപോയ ബാല്യം മടങ്ങിയെത്തുന്നു. അത്ര ചെറുപ്പമാണെന്നു തോന്നുന്നുവെങ്കില്‍പോലും അയാള്‍ മഹത്തായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. അയാളുടെ ധീരത അതുപോലെ തന്നെ മഹത്തും വിശിഷ്ടവുമാണ്. സുവര്‍ണ്ണ വൃക്ഷത്തിന്റെ ഇലകളില്‍ നിന്ന് തിളക്കമാര്‍ന്നമൊട്ടുകള്‍ പുറത്തുവരുന്നതുപോലെ അയാളുടെ വിരലുകളില്‍ തിളക്കമാര്‍ന്ന നഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അയാള്‍ക്കു പുതിയ പല്ലുകള്‍ മുളയ്ക്കുന്നു. എന്നാല്‍ അവ രണ്ടുവരി മുത്തുകളെപ്പോലെ തോന്നിക്കുമാറ് ചെറിയവനായിരിക്കും. അണു സദൃശമായ രത്നക്കല്ലുകളെപ്പോലെ ചുവന്ന നിറമുള്ളതായിത്തീരുന്നു. അയാളുടെ മിഴിവുറ്റ നേത്രങ്ങളെ എങ്ങനെ വിവരിക്കാനാണ്.അകത്തെ രത്നം വളര്‍ച്ചപ്രാപിക്കുമ്പോള്‍ അതുള്‍ക്കൊള്ളാനാകാതെ മുത്തുച്ചിപ്പി പിളരുന്നതുപോലെ, കണ്‍പോളകള്‍ക്ക് ഒതുക്കാനാവാത്ത അയാളുടെ കാഴ്ച ആകാശമണ്ഡലത്തിന്റെ അതിവിദൂരതകളിലേയ്ക്ക് വ്യാപിക്കുന്നു. അല്ലയോ അര്‍ജ്ജുനാ, അയാളുടെ ശരീരം സ്വര്‍ണ്ണനിറം പൂകുന്നു. എന്നാല്‍ ഖരദ്രാവകഭാഗങ്ങള്‍ പൊയ്പോയ ശരീരത്തിന് വായുവിന്റെ ലാഘവമാണ്.
അപ്പോള്‍ യോഗിക്ക് സാഗരങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ കാണാം സ്വര്‍ഗത്തിലെ നാദങ്ങള്‍ ശ്രവിക്കാം. ഒരുറുമ്പിന്റെപോലും ആഗ്രഹം ഗ്രഹിക്കാം. അയാള്‍ക്ക് വായുവിലേറി സഞ്ചരിക്കാം. കാല്‍ നനയ്ക്കാതെ വെള്ളത്തിലൂടെ നടക്കാം. അയാള്‍ പല അത്ഭുത സിദ്ധികളും സമ്പാദിക്കുന്നു. പ്രാണന്റെ കരം പിടിച്ച് ഹൃദയമണ്ഡലത്തിലെ പടികള്‍ കയറി കുണ്ഡലിനി സുഷുമ്നാനാഡിയിലൂടെ ഹൃദയചക്രത്തില്‍ പ്രവേശിക്കുന്നു. പ്രപഞ്ചത്തിന്റെ മാതാവാണ് ഈ കുണ്ഡലിനി. അവളാണ് ആത്മസത്തയെ പ്രകാശിപ്പിക്കുന്നത് അവളാണ് മുളച്ചുവരുന്ന പ്രപഞ്ചവിത്തിന് തണലേകുന്നത്. രൂപരഹിതമായ ബ്രഹ്മത്തിന്റെ ആവിഷ്കാരഭാവം അവളാണ്. മഹാശൂന്യതയുടെ ഇരിപ്പിടമാണവള്‍. ശിവന്റെ പാത്രരൂപത്തിലുള്ള പ്രതിബിംബമാണ്. പവിത്രമായ ‘ഓം’ന്റെ പ്രധാന സ്ഫുരണവും അവളാണ്. യൗവനം നിറഞ്ഞ ഈ കുണ്ഡലിനി ഹൃദയചക്രത്തില്‍ പ്രവേശിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടാത്ത ഒരു ശബ്ദം കേള്‍ക്കുന്നു. ‘ഓം’മിന്റെ വരകള്‍ എഴുതപ്പെട്ട രൂപങ്ങള്‍പോലെയാണ് അവയുടെ ആവിര്‍ഭാവം. ഇക്കാര്യം സങ്കല്പത്തിലൂടെ മാത്രമേ അറിയുവാന്‍ കഴിയൂ. പക്ഷേ, അതിന് കഴിവുള്ള ആളെ എവിടെ കണ്ടെത്താനാണ്?
എന്തെന്തു മുഴക്കങ്ങളാണ് ഹൃദയചക്രത്തില്‍ നടക്കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂട. അല്ലയോ അര്‍ജ്ജുന, മേഘപടലങ്ങളുടെ ഇരമ്പലുകളോട് സാദൃശ്യമുള്ള ഈ ശബ്ദങ്ങള്‍ അവിടെ മുഴങ്ങുമ്പോള്‍ ബ്രഹ്മരന്ധ്രത്തിലേക്കുള്ള ജാലകങ്ങള്‍ തുറക്കപ്പെടുന്നു. ഒരു താമരപ്പുവിന്റെ ബീജകോശത്തിന് സദൃശമായ മറ്റൊരു മഹാകേന്ദ്രം മുകളിലുണ്ട്. അതാണ് ആത്മാവിന്റെ ആവാസസ്ഥാനം. കുണ്ഡലിനി പരമാത്മാവിന്റെ ഈ വാസസ്ഥാനത്ത് പ്രവേശിച്ച് അതിന് അവളുടെ പ്രകാശധോരണി നിവേദ്യമായി അര്‍പ്പിക്കുന്നു. അവള്‍ ബുദ്ധിശക്തിയെത്തന്നെ പിന്നീട് അതില്‍ ദ്വന്ദ്വബോദത്തിന്റെ ഒരു ലാഞ്ചനയും അവശേഷിക്കാത്ത വിധത്തിലേക്ക് പരമാത്മാവിന് ഒരു സസ്യഭോജനമായി സമര്‍പ്പിക്കുന്നു. അപ്പോള്‍ കുണ്ഡിലിനി അവളുടെ അഗ്നിവര്‍ണ്ണം കൈവെടിഞ്ഞ് വായുരൂപത്തില്‍ നിലകൊള്ളുന്നു. ഈ വായുരൂപത്തില്‍ സ്വയം വിലയംകൊണ്ട് അവള്‍ സുവര്‍ണ്ണരേഖകളുള്ള സ്വന്തം കഞ്ചുകം മാറ്റിവയ്ക്കുന്നു. കാറ്റിന്റെ സ്പര്‍ശംകൊണ്ട് വെളിച്ചം അണയുന്നതുപോലെയോ, ആകാശത്തില്‍ മിന്നല്‍പിണര്‍ മിന്നിവന്ന് അപ്രത്യക്ഷമാകുന്നതുപോലെയോ കുണ്ഡിലിനി ഹൃദയകേന്ദ്രത്തിന്റെ പത്മത്തില്‍ പ്രവേശിക്കുമ്പോള്‍ അവള്‍ ഒരു സ്വര്‍ണ്ണമാലപോലെയോ പ്രകാശത്തിന്റെ ഒരു അരുവിപോലെയോ കാണപ്പെടുന്നു. ഉടനെ പെട്ടെന്ന് അവള്‍ ഹൃദയത്തിന്റെ ബീജകോശത്തില്‍ അസ്തമിക്കുന്നു. അവളുടെ രൂപം രൂപരഹിതമായ ശക്തിയില്‍ വിലയംകൊള്ളുന്നു. അവളെ ശക്തിയെന്ന് വിളിക്കുന്നെങ്കിലും ഇപ്പോഴും അവള്‍ വായുരൂപിയാണ്. ഈ അവസ്ഥയില്‍ ഒരാള്‍ നാദത്തിനെക്കുറിച്ചോ ബിന്ദുവിനെക്കുറിച്ചോ കാലജ്യോതിയെക്കുറിച്ചോ ബോധവാനല്ല. അപ്പോള്‍ മനസ്സിന്റെ കീഴടക്കലും ശ്വാസനിയന്ത്രണവും ധ്യാനവും ഒന്നും അവശേഷിക്കുന്നില്ല. ചിന്തയും അതിന്റെ ഇല്ലായ്മയും നിന്നുപോകുന്നു. അങ്ങനെ എല്ലാ സ്ഥൂലാവസ്ഥകളും തകര്‍ത്തുകളയുന്ന ഒരുമൂശയാണവള്‍. ശരീരംതന്നെ ശരീരത്തെ വിഴുങ്ങണമെന്നാണല്ലോ നഥ സമ്പ്രദായസാധകരുടെ വീഷണം. അതിന്റെ തത്ത്വമാണ് വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്‍ ഇവിടെ വെളിവാക്കുന്നത്. ഈ തത്ത്വവീഷണത്തിന്റെ കെട്ട് അഴിച്ച് ആ സത്യം വെളിവാക്കിക്കൊണ്ട് അതുകേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരായ നിങ്ങളുടെ മുമ്പാകെ ഞാന്‍ വെയ്ക്കുന്നു.