ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 16

നാത്യശ്നതസ്തു യോഗോഽസ്തി
ന ചൈകാന്ത മനശ്ശതഃ
ന ചാതി സ്വപ്നശീലസ്യ
ജാഗ്രതോ നൈവചാര്‍ജ്ജുന

അല്ലയോ അര്‍ജ്ജുന, അധികം ഭക്ഷിക്കുന്നവന് ധ്യാനസ്ഥിരത ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദീര്‍ഘസമയം പട്ടിണികിടക്കുന്നവനും അധികം ഉറങ്ങുന്നവനും ലേശം ഉറങ്ങാത്തവനും ധ്യാനയോഗം സിദ്ധിക്കുന്നതല്ല.

ആസ്വാദ്യകരമായ ആഹാരത്തിനും ഉറക്കത്തിനും അടിമയായ ഒരുവനും യോഗം അഭ്യസിക്കുന്നതിന് അര്‍ഹതയില്ല. അതുപോലെ തന്നെ വിശപ്പും ദാഹവും അമര്‍ച്ചചെയ്ത് പട്ടിണിക്കിടക്കുന്നവനും യോഗം സംഭവിക്കുകയില്ല. ഒരുവന്‍ മര്‍ക്കടമുഷ്ടികൊണ്ട് ഇപ്രകാരം പെരുമാറിയാല്‍ അവന്റെ ശരീരം പോലും അവന്റെ നിയന്ത്രണത്തില്‍ നില്‍ക്കുകയില്ല. പിന്നെങ്ങനെയാണ് അവന്‍ യോഗത്തില്‍ വിജയിക്കുന്നത്? ആകയാല്‍ ഒരുവന്‍ ഇന്ദ്രിയവിഷയങ്ങളുടെ അമിതമായ ആസ്വാദനം ഒഴിവാക്കുന്നതുപോലെ തന്നെ, അതിനെ നിശ്ശേഷം തിരസ്കരിക്കുകയോ അവന്റെ സഹജമായ വാസനകളെ പൂര്‍ണ്ണമായും നിഗ്രഹിക്കുകയോ ചെയ്യരുത്.