ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 17

യുക്താഹാര വിഹാരസ്യ
യുക്ത ചേഷ്ടസ്യ കര്‍മ്മസു
യുക്ത സ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ

മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്‍തൃകര്‍മ്മങ്ങളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവനും നിയതകാലങ്ങളില്‍ ഉറങ്ങിയുണരുന്നവനുമായ യോഗിക്ക് ധ്യാനയോഗം സര്‍വ്വസംസാര ദുഃഖങ്ങളേയും നശിപ്പിക്കുന്നതായി ഭവിക്കുന്നു.

ഒരുവന്‍ ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കണം. എന്നാല്‍ അതു മിതമായും ഹിതകരമായും ആയിരിക്കണം. എന്തെല്ലാം ജോലി ഏറ്റെടുത്താലും അത് അടക്കത്തില്‍ നിര്‍വ്വഹിക്കണം. വാക്കില്‍ മിതസ്വരം പുലര്‍ത്തണം. സാവധാനം നടക്കണം. ക്ലിപ്തസമയത്ത് ഉറങ്ങണം. ഉണര്‍ന്നിരിക്കുന്നതുപോലും ക്ലിപ്തസമയത്തേക്ക് മാത്രം ആയിരിക്കണം ഇപ്രകാരമുള്ള ഒരു നിയന്ത്രിത ജീവിതംകൊണ്ട് ഒരുവന് അവന്റെ ശരീരത്തിലുള്ള സപ്തധാതുക്കളേയും നിശ്ചിതയളവില്‍ നിലനിര്‍ത്താന്‍ കഴിയും. പരിമിതമായ തോതില്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ വ്യാപരിപ്പിച്ചാല്‍ മനസ്സും തൃപ്തിയടഞ്ഞുകൊള്ളും.