ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 19
യഥാ ദീപോ നിവാതസ്ഥോ
നേങ്ഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ
യുഞ്ജതോ യോഗമാത്മനഃ
കാറ്റില്ലാത്ത ദിക്കില്‍ കത്തുന്ന ദീപം എപ്രകാരം നിശ്ചലമായിരിക്കുമോ, അപ്രകാരം ആത്മധ്യാനം അഭ്യസിക്കുന്ന ജിതമാനസനായിരിക്കുന്ന യോഗിയുടെ ചിത്തവും നിശ്ചലമായിരിക്കുന്നു.
നിയന്ത്രിതമായ ആഹാരം, പ്രവൃത്തികള്‍ തുടങ്ങിയവ യോഗചര്യയുമായി ഒത്തിണങ്ങുമ്പോള്‍ ഉണ്ടാകുന്ന ആനന്ദാനുഭവം ഒരുവന്റെ ശരീരത്തെ പ്രയാഗാസംഗമംപോലെ പരിശുദ്ധമാക്കിത്തീര്‍ക്കുന്നു. ഇങ്ങനെ പരിശുദ്ധമാക്കപ്പെട്ട ശരീരത്തില്‍ അതിന്റെ അന്ത്യംവരെ ദൃഢനിശ്ചയത്തോടെ ചിത്തത്തെ ഉറപ്പിച്ചുനിര്‍ത്തുന്നവന്‍ യോഗി എന്നു വിളിക്കപ്പെടാന്‍ അര്‍ഹനാണ്. അപ്രകാരമുള്ള ഒരുവന്റെ മനസ്സിനെ കാറ്റടിച്ചിളക്കാതെ നിശ്ചലമായി നില്‍ക്കുന്ന ഒരു ദീപത്തോട് താരതമ്യപ്പെടുത്താം. അര്‍ജ്ജുനാ നിന്റെ മനസ്സിലെ ചിന്തകള്‍ കണക്കിലെടുക്കുമ്പോള്‍ നിന്നോട് ചില കാര്യങ്ങള്‍ വ്യക്തമായി പറയണമെന്ന് എനിക്ക് തോന്നുന്നു. നീ അത് ശ്രദ്ധിച്ചുകേള്‍ക്കണം. നീ യോഗം അഭ്യസിച്ച് വിജയിക്കാന്‍ കൊതിക്കുന്നു. എന്നാല്‍ അതിനുവേണ്ടിയുള്ള ക്ലേശങ്ങള്‍ സഹിക്കാന്‍ – അദ്ധ്വാനം ചെയ്യാന്‍ – നീ തയ്യാറാകുന്നില്ല. അതെന്തേ? ഈ യോഗത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് നീ എന്തിനാണ് ഭയപ്പെടുന്നത്? അല്ലയോ പാര്‍ത്ഥ! നീ ഒരു തരത്തിലും സംഭീതനാകേണ്ട ആവശ്യമില്ല വഞ്ചകന്മാരായ ഇന്ദ്രിയങ്ങള്‍ നിസ്സാരകാര്യങ്ങള്‍കൊണ്ട് നിന്നെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തുകയാണ്. ആസന്നമരണനായ ഒരുവനെ മരണവക്ത്രത്തില്‍നിന്നും രക്ഷിച്ച് ദീര്‍ഘായുസ്സാക്കിത്തീര്‍ക്കുന്ന ദിവ്യ ഔഷധത്തെ ശത്രുവായി കരുതി അവന്റെതന്നെ ജിഹ്വ എതിര്‍ക്കാറില്ലേ? അതുപോലെ പരമമായ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെല്ലാം ദുഃഖപര്യവസായിയായിട്ടാണ് ഇന്ദ്രിയങ്ങള്‍ കരുതുന്നത്. അല്ലെങ്കില്‍ യോഗത്തെപ്പോലെ ഇത്ര ലളിതമായ മാര്‍ഗ്ഗം വേറെ എന്തെങ്കിലുമുണ്ടോ?