ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 24
സങ്കല്പപ്രഭവാന്‍ കാമാന്‍
ത്യക്ത്വാ സര്‍വ്വാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം
വിനിയമ്യ സമന്തതഃ
സങ്കല്പം കൊണ്ടുണ്ടാകുന്ന യോഗത്തിനു പ്രതികൂലങ്ങളായ സകല വിഷയേച്ഛകളും വാസനാ സഹിതം ഉപേക്ഷിച്ച് മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയ സമൂഹത്തെ സകല വിഷയങ്ങളില്‍ നിന്നു നിവര്‍ത്തിപ്പിച്ച് യോഗത്തെ അഭ്യസിക്കേണ്ടതാകുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ യോഗത്തിന്റെ പാത വളരെ ലളിതമാണ്. സങ്കല്പത്തിന്റെ സന്തതികളായ ഇച്ഛ തൃഷ്ണ മുതലായവയെ ഒരുവന്‍ നിഗ്രഹിച്ചാല്‍ സങ്കല്പം തന്റെ സന്തതികളുടെ നാശത്തില്‍ വിലപിക്കും. അതിനിടയാക്കുന്ന ഒരുവന് യോഗം അനായാസേന കൈവരിക്കാന്‍ കഴിയും. ഇന്ദ്രിയവിഷയങ്ങളെ ഉന്മൂലം ചെയ്യുന്നതോടെ ഇന്ദ്രിയങ്ങളെ നിശ്ശേഷം അടിമപ്പെടുത്തിയെന്ന് മനസ്സിലാക്കുമ്പോള്‍ സങ്കല്പം ഹൃദയം പൊട്ടി മരിക്കും. വൈരാഗ്യംകൊണ്ട് ഒരുവന്റെ ശരീരത്തിലേയും മനസ്സിലേയും സൂഷ്മരന്ധ്രങ്ങള്‍ നിറയുമ്പോള്‍ സങ്കല്പം അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ബുദ്ധി ആത്മസ്ഥൈര്യത്തിന്റെ മണിമാളികയില്‍ ആനന്ദതുന്ദിലമായി വസിക്കുകയും ചെയ്യും.