ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 26
യതോ യതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈതത്
ആത്മന്യേവ വശം നയേത്
ചഞ്ചലവും അസ്ഥിരവുമായ മനസ്സ് ബാഹ്യവിഷയങ്ങളില്‍ ഏതേതിലേക്കു ചെല്ലുന്നുവോ അതാതില്‍ നിന്നെല്ലാം അതിനെ നിയന്ത്രിച്ച് ആത്മാവില്‍ത്തന്നെ ഉറപ്പിക്കണം.
ബുദ്ധിക്ക് ആത്മധൈര്യത്തിന്റെ ദൃഢമായ പിന്തുണയുണ്ടെങ്കില്‍ അതു മനസ്സിനെ പടിപടിയായി ആത്മാനുഭവത്തിന്റെ പാതയിലേക്കു നയിക്കുകയും പരബ്രഹ്മത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇത് ഒരു തരത്തിലുള്ള ബ്രഹ്മപ്രാപ്തിയാണ്. ഇപ്രകാരം അനുഷ്ഠിക്കാന്‍ പ്രയാസം തോന്നുന്നുണ്ടെങ്കില്‍ വിഷമം കുറഞ്ഞ മറ്റൊരുവഴി ഞാന്‍ പറയാം. അതിപ്രകാരമാണ്. ഒരു തീരുമാനമെടുത്താല്‍ അതില്‍നിന്ന് മനസ്സ് യാതൊരു കാരണവശാലും വ്യതിചലിക്കുന്നില്ലെന്നുള്ള ഒരു നിയമം ആദ്യം സ്വയം സ്വീകരിക്കണം. മനസ്സ് നിയമംപാലിച്ച് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കാര്യം വിഷമമില്ലാതെ സാധിക്കും. അതല്ല, മനസ്സ് ഈ നിയമത്തെ അതിലംഘിക്കുകയാണെങ്കില്‍ അതിനെ അതിന്റെ പാട്ടിനു വിട്ടേക്കണം. അതു സ്വതന്ത്രമായി വിഹരിക്കട്ടെ. എന്നാല്‍ അതിനെ മുമ്പുണ്ടാക്കിയ വ്യവസ്ഥകള്‍ തന്നെ പിന്തുടര്‍ന്ന് തിരികെ യഥാസ്ഥാനത്തു കൊണ്ടുവരും. അതു ക്രമേണ സ്വയമേവ സുസ്ഥിരമാവുകയും ചെയ്യും.