ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 30
യോമാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി
ആര്‍ എല്ലാറ്റിലും എന്നേയും എല്ലാം എന്നിലും കാണുന്നുവോ അവനു ഞാനോ എനിക്ക് അവനോ ഒരിക്കലും നഷ്ടപ്പെടുകയില്ല.
ഞാന്‍ എല്ലാ ദേഹങ്ങളിലും, എല്ലാ ജീവജാലങ്ങള്‍ എന്നിലും വസിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഈ ലോകവും അതിലുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നുള്ള ധാരണ നിനക്ക് ഉണ്ടായിരിക്കണം. ആകയാല്‍ എന്റെ ഭക്തന്‍ എന്നെ സര്‍വ്വ ഭൂതങ്ങളിലും ഏകത്വബോധത്തോടെ ദര്‍ശിക്കുകയും സമഭാവത്തോടെ ആരാധിക്കുകയും ചെയ്യുന്നു. ജീവജാലങ്ങള്‍ പലതും വിവിധതരത്തില്‍ ഉള്ളതാണെങ്കിലും ഒരു വ്യത്യാസവും ഇല്ലാതെ എല്ലാറ്റിലും ഒരുപോലെ അവന്‍ എന്നെ ദര്‍ശിക്കുന്നു. ഞാന്‍ എല്ലായിടത്തും എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നവെന്ന് അവന്‍ അറിയുന്നു. അപ്പോള്‍ പിന്നെ ഞാനും അവനും ഒരുപോലെയാണെന്ന് പറയുന്നത് അപ്രസക്തമാണ്. അല്ലയോ അര്‍ജ്ജുന, നീ അറിയുക. ഞാന്‍ തന്നെയാണ് അവന്‍. ഒരു വിളക്കും അതിന്റെ വെളിച്ചവും ഒന്നായിരിക്കുന്നപൊലെയാണ് ഞാന്‍ അവനിലും അവന്‍ എന്നിലും സ്ഥിതിചെയ്യുന്നത്. ദ്രവത്വം വെള്ളത്തിലും അന്തമില്ലായ്മ ആകാശത്തിലും സഹജമായിട്ടു സ്ഥിതിചെയ്യുന്നതുപോലെ, മേല്‍പ്പറഞ്ഞപ്രകാരമുള്ള ഒരു യോഗി എന്റെ രൂപത്തില്‍ സ്ഥിതിചെയ്യുന്നു. തന്മൂലം അവന്‍ രൂപവാനായിരിക്കുന്നു.