ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 31

സര്‍വ്വഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സര്‍വ്വഥാ വര്‍ത്തമാനോപി
സ യോഗീ മയി വര്‍ത്തതേ

യാതൊരുവന്‍ ഏകത്വബോധത്തില്‍ പ്രതിഷ്ഠിതനായിട്ട് സര്‍വ്വപ്രാണികളിലും ഇരിക്കുന്ന എന്നെ ഭജിക്കുന്നവോ, ആ യോഗി ഏതു മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവനായാലും എന്നില്‍ത്തന്നെ ഇരിക്കുന്നു.

നൂല്‍ക്കപ്പെട്ട നൂല് മാത്രമാണ് വസ്ത്രമെന്ന് കാണുന്നതുപോലെ ഐക്യബോധത്തോടെ അവന്‍ എല്ലായിടത്തും ദര്‍ശിക്കുന്നു. വിവിധതരത്തിലുള്ള ആഭരണങ്ങളെല്ലാം കാഞ്ചനമായിട്ട് മാത്രം കാണാന്‍ കഴിയുന്ന അവന്‍ വിശ്വത്തിലെ എല്ലാറ്റിനേയും ഏകമായിട്ട് വീക്ഷിക്കുന്നു. അനേകം ഇലകള്‍ നിറഞ്ഞ ഒരു വൃക്ഷം ഏകമായ ഒരു ബീജത്തില്‍ നിന്ന് മുളച്ചുവന്നതായി അവന്‍ മനസ്സിലാക്കുന്നതുപോലെ, ഏകത്വബോധമാകുന്ന സൂര്യന്റെ ഉദയത്തോടെ അജ്ഞതയുടെ രാത്രി അവസാനിക്കുന്നു. എല്ലാം ഏകമാണെന്നുള്ള ബോധം അവനില്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവന്റെ ദേഹബുദ്ധി അവനെ ലോകത്തില്‍ തളച്ചുനിര്‍ത്തുകയില്ല. നാനാത്വത്തില്‍ അവന്‍ അനുഭവിക്കുന്ന ഏകത്വത്തില്‍ക്കൂടി എന്റെ സര്‍വ്വവ്യാപക സ്വഭാവത്തെ അവന്‍ മനസ്സിലാക്കുന്നു. ശരീരത്തില്‍ വസിക്കുന്നവെങ്കിലും ശരീരത്തോടുള്ള അവന്റെ മമത ഇല്ലാതാകുന്നു. ഇതെല്ലാം എങ്ങനെയാണ് വാക്കുകളില്‍ക്കൂടി വിശദമാക്കുന്നത്?