ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 34

ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വായോരിവ സുദുഷ്കരം

അല്ലയോ കൃഷ്ണ, മനസ്സ് ദേഹത്തേയും ഇന്ദ്രിയങ്ങളേയും ഇളക്കിമറിക്കുന്നത് വിഷയങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നതും സ്വഭാവേന ചലനമുള്ളതും വിചാരംകൊണ്ട് തന്നെ ജയിപ്പാനസാദ്ധ്യമായിട്ടുള്ളതും ആണല്ലോ. അതിനെ അടക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെ ദുഷ്കരമാണെന്നു ഞാന്‍ കരുതുന്നു.

അനന്തരം അര്‍ജ്ജുനന്‍ ചോദിച്ചു: പ്രഭോ എന്നോടുള്ള വാത്സല്യംകൊണ്ട് യോഗത്തിന്റെ വഴികള്‍ അങ്ങ് എനിക്ക് വെളിവാക്കിത്തന്നു. എന്നാല്‍ ചപലസ്വഭാവമുള്ള മനസ്സിന് അത് താങ്ങാന്‍ കഴിയുന്നില്ല. മനസ്സ് എന്താണെന്നും എങ്ങനെയുള്ളതാണെന്നും നിരൂപിക്കുമ്പോള്‍ അതിന്റെ സ്വഭാവത്തിന്‍റേയും വ്യാപ്തിയുടേയും ആഴം അളക്കാന്‍ നാം അശക്തരാണ്. അതിനു അലഞ്ഞുതിരിഞ്ഞു നടക്കാന്‍ അനന്തമായ ത്രിഭുവനങ്ങള്‍പോലും അപര്യാപ്തമാണ്. ഒരു മര്‍ക്കടന് എപ്പോഴെങ്കിലും സ്വസ്ഥമായിരിക്കാന്‍ കഴിയുമോ? കൊടുങ്കാറ്റിനു ശാന്താത്മകത്വമുണ്ടോ?

മനസ്സ് ബുദ്ധിയെ ചിത്രവധം ചെയ്യുന്നു. ദൃഢനിശ്ചയത്തെ ഇളക്കുന്നു. സാത്വിക പ്രഭാവത്തെ അടിച്ചോടിക്കുന്നു. സദ്വികാരങ്ങളെ നശിപ്പിക്കുന്നു. വിവേചനാശക്തിയെ വികലമാക്കുന്നു. ആശാസുഷിരങ്ങള്‍ നിര്‍മ്മിച്ച് ആനന്ദത്തെ ചോര്‍ത്തിക്കളയുന്നു. എങ്ങുംപോകാതെ ഒരിടത്തുതന്നെ ഇരിക്കാന്‍ തീരുമാനിക്കുമ്പോഴും എല്ലായിടത്തും അലഞ്ഞുതിരിഞ്ഞു നടക്കാന്‍ നമ്മെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. കടിഞ്ഞാണിട്ട് നിയന്ത്രിച്ചാല്‍ കുതിച്ചോടാന്‍ ശ്രമിക്കും. ഒതുക്കിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ വീര്യം വര്‍ദ്ധിക്കാന്‍ ഇടയാകും. ഇപ്രകാരമുള്ള മനസ്സിന് അതിന്റെ ചപലസ്വഭാവം എങ്ങനെ കൈവെടിയാന്‍ കഴിയും? അതുകൊണ്ട് മനസ്സിനെ സ്ഥിരമാക്കി നിര്‍ത്തി സമചിത്തത കൈവരിക്കാന്‍ സാധ്യമല്ല.