ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 39

ഏതന്മേ സംശയം കൃഷ്ണാ!
ഛേത്തുമര്‍ഹസ്യ ശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ
ഛേത്താ ന ഹ്യൂപപദ്യതേ

അല്ലയോ കൃഷ്ണ, എന്റെ ഈ സംശയത്തെ നിശ്ശേഷം നീക്കിത്തരുന്നതിന് അങ്ങ് കടപ്പെട്ടവനാകുന്നു. അങ്ങല്ലാതെ മറ്റാരും ഈ സംശയം തീര്‍ക്കുന്നതിന് കഴിവുള്ളവരായി ഇല്ല.

അല്ലയോ കൃഷ്ണാ, മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു സംശയം എന്നെ വേട്ടയാടുന്നു. അങ്ങയ്ക്കല്ലാതെ മറ്റാര്‍ക്കും അതു പരിഹരിക്കാനാവില്ല. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി വേണ്ടതു വ്യക്തമാക്കിതന്നാലും. അചഞ്ചലമായ ആസ്തിക്യബോധമുള്ള ഒരുവന്‍ യോഗാനുഷ്ഠാനങ്ങളൊന്നും കൂടാതെതന്നെ മുക്തി സമ്പാദിക്കുന്നതിന് ആഗ്രഹിക്കുന്നുവെന്ന് വിചാരിക്കുക. ഇന്ദ്രിയങ്ങളാകുന്ന ഗ്രാമങ്ങളെ പുറംതള്ളി, ഈശ്വരവിശ്വാസമാകുന്ന വീഥിയിലൂടെ, ആത്മസാക്ഷാത്കാരമാകുന്ന നഗരത്തിലെത്താന്‍ വെമ്പല്‍കൊണ്ട് ഒരുവന്‍ പുറപ്പെടുന്നു. എന്നാല്‍ അവന് ലക്ഷ്യസ്ഥാനത്തെത്തി മുക്തി കൈവരിക്കുന്നതിനോ പിന്‍വാങ്ങി ഇന്ദ്രിയ സുഖങ്ങള്‍ അനുഭവിക്കുന്നതിനോ കഴിയുന്നില്ല. അവന്റെ ജീവിതസൂര്യന്‍ അസ്തമിക്കുകയും അവന്റെയാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാതെ അവന്‍ കരയ്ക്കടിഞ്ഞു പോവുകയും ചെയ്യുന്നു. അകാലങ്ങളില്‍ ആകാശത്തില്‍ കാണുന്ന നേരിയ കാര്‍മേഘങ്ങള്‍ക്ക് തടിച്ചുകൂടുന്നതിനോ മാരിചൊരിയുന്നതിനോ കഴിവില്ലാത്തതുപോലെ അവന് രണ്ടും നഷ്ടപ്പെടുന്നു. മോചനം അകലത്തിലായിരുന്നതുകൊണ്ട് അത് കൈവരിക്കാന്‍ കഴിഞ്ഞില്ല. ഈശ്വരഭക്തിയില്‍ ഉറച്ചുനിന്ന് ഇന്ദ്രിയങ്ങളെ ഒഴിവാക്കിയതുകൊണ്ട് ഇന്ദ്രിയ സുഖങ്ങളും അനുഭവിക്കാന്‍ കഴിഞ്ഞില്ല. ഇപ്രകാരം ആസ്തിക്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും രണ്ടും നഷ്ടപ്പെട്ട ഒരുവന്‍ ഏതു സ്ഥിതിയാണു കൈവരിക്കുക?