ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 41

പ്രാപ്യ പുണ്യകൃതാം ലോകാന്‍
ഉഷിത്വാശാ ശ്വതീഃ സമാഃ
ശുചീനാം ശ്രീമതാം ഗേഹേ
യോഗഭ്രഷ്ടോ ഽഭിജായതേ

യോഗഭ്രഷ്ടന്‍ പുണ്യവാന്‍മാര്‍ പ്രാപിക്കുന്ന സ്വര്‍ഗ്ഗാദിലോകങ്ങളിലെത്തിച്ചേര്‍ന്ന് വളരെക്കാലം അവിടെ സുഖിച്ചു വസിച്ചതിനു ശേഷം പിന്നീട് സദാചാരന്മാരും ഐശ്വര്യസമ്പന്നരുമായ ആളുകളുടെ കുടുംബത്തില്‍ വന്നു ജനിക്കുന്നു.

അപ്രകാരമുള്ള ഒരു സത്യാന്വേഷിക്ക് നൂറു യജ്ഞങ്ങള്‍ നടത്തിയാല്‍പോലും ഇന്ദ്രനു ലഭിക്കാന്‍ പ്രയാസമുള്ള അമര്‍ത്യലോകം അനായാസേന ലഭിക്കുന്നത് ഒരത്ഭുതമല്ലേ? അവി‌ടെയുള്ള അക്ഷയമായ സ്വര്‍ഗ്ഗീയ സുഖം അവന്റെ മനസ്സിനെ മടുപ്പിക്കുന്നു. പശ്ചാത്തപിച്ചുകൊണ്ട് അവന്‍ സ്വയം ചോദിക്കുന്നു. അല്ലയോ ദൈവമേ, എന്റെ പാതയില്‍ ഈ പ്രതിബന്ധങ്ങള്‍ എന്തുകൊണ്ടു വന്നുചേര്‍ന്നു? താമസിയാതെ അവന്‍ മര്‍ത്യലോകത്തുള്ള ഒരു സല്‍ക്കുലത്തില്‍ ജനിക്കുന്നു. എല്ലാ നന്മകളുടേയും വിളഭൂമിയായിരിക്കും ആ കുടുംബം. വിളവെടുപ്പു നടത്തിക്കഴിയുന്ന ചെടികളില്‍ നിന്ന് അനേകം മുളകള്‍ പോട്ടി വളര്‍ന്ന് തരുണമായി നില്‍ക്കുന്ന ഒരു കൃഷിനിലം പോലെ, ധാര്‍മ്മിക സമ്പത്ത് തഴച്ചുവളര്‍ന്നു നില്‍ക്കുന്ന ഒരു കുടുംബമായിരിക്കും അത്. അവിടെ വീണ്ടും ജനിക്കാനിടവരുന്ന സത്യാന്വേഷി സദാചാരത്തിന്റെ വീഥിയില്‍ക്കൂടി സദാ സഞ്ചരിക്കുന്നു. സത്യം തുറന്നുപറയുന്നു. ശാസ്ത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ ദൃഢമായി പാലിക്കുന്നു. അയാള്‍ക്ക്, വേദങ്ങള്‍ ജീവിച്ചിരിക്കുന്ന ദേവതകളാണ്. കര്‍ത്തവ്യപാലനം അയാള്‍ക്ക് മാര്‍ഗ്ഗദര്‍ശിത്വം നല്‍കുന്നു. സമ്യഗ് വിചാരമാണ് അയാളുടെ പ്രമുഖ ഉപദേഷ്ടാവ്. ഈശ്വരന്‍ മാത്രം ചിന്താവിഷയവും. ഗൃഹദേവത അയാളില്‍ ക്ഷേമൈശ്വര്യം ചൊരിയുന്നു. യോഗഭ്രഷ്ടനായവന്‍ ഈ വിധത്തില്‍ അവന്റെ പൂര്‍വ്വപുണ്യപരിപാകംകൊണ്ട് ധാര്‍മ്മികവും ലൗകികവുമായ ഐശ്വര്യങ്ങള്‍ നിറഞ്ഞ ഒരു സല്‍ക്കുലത്തില്‍ വീണ്ടും പിറക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായ സമൃദ്ധിയും എല്ലാ ആനന്ദവും അവന് അവിടെ ലഭിക്കുന്നു.