ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 43

തത്ര തം ബുദ്ധിസംയോഗം
ലഭതേ പൗര്‍വ്വദേഹികം
യതതേ ച തതോ ഭൂയഃ
സംസിദ്ധൗ കുരുനന്ദന

അല്ലയോ അര്‍ജ്ജുന, മുമ്പു പറഞ്ഞ പ്രകാരം നല്ല കുലത്തില്‍ പുനര്‍ജന്മം ലഭിക്കുക കാരണം പൂര്‍വ്വജന്മത്തിലെ വാസനയെ ആശ്രയിച്ച്, യോഗസാധനാനുഷ്ഠാനംകൊണ്ട് പാകപ്പെട്ട് ആ ബുദ്ധിയുമായി യോഗത്തെ പ്രാപിക്കുന്നു. അതിനുശേഷം പൂര്‍വ്വജന്മത്തില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്ന ആ യോഗസിദ്ധിയെ പ്രാപിക്കുന്നതിനുവേണ്ടി പിന്നെയും അതിലധികമായിട്ട് അയാള്‍ പ്രയത്നം ചെയ്യുന്നു.

അല്ലാത്തപക്ഷം യോഗഭ്രഷ്ടന്‍ യോഗിമാരുടെ ഒരു കുടുംബത്തില്‍ ജന്മമെടുക്കുന്നു. ഈ കുടുബത്തിലെ അംഗങ്ങളെല്ലാം യാഗാഗ്നിയായി ആരാധിക്കുന്നത് യജ്ഞത്തെയാണ്. എല്ലായ്പ്പോഴും സംവദിക്കുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്. പാരമ്പര്യമായി ബ്രഹ്മസുഖത്തെ അനുഭവിച്ചുവരുന്നവരാണ്. സന്തോഷത്തിന്റെ പുഷ്പവാടിയില്‍ പഞ്ചമരാഗം മുഴക്കുന്ന രാപ്പാടികളാണ്. വിവേകജ്ഞാനത്തിന്റെ സ്വാദിഷ്ഠങ്ങളായ ഫലങ്ങള്‍ സമൃദ്ധിയായി കായ്ക്കുന്ന വൃഷത്തണലിലാണ് അവര്‍ ഇരിക്കുന്നത്. അവന്‍ ജനിക്കുമ്പോള്‍ത്തന്നെ ആത്മജ്‍ഞാനം അവനില്‍ ഉദിക്കുന്നു. അരുണോദയത്തില്‍ പ്രകാശം പരക്കുന്നതുപോലെ, ത്രികാലജ്ഞത്വം അവന്‍ യുവാവാകുന്നതിനുവേണ്ടി കാത്തുനില്‍ക്കാതെ അവന്റെ ബാല്യത്തില്‍ത്തന്നെ അവനെ പരിഗ്രഹിക്കുന്നു. അപ്പോള്‍ മുജ്ജന്മത്തില്‍ സമ്പാദിച്ച ബുദ്ധിയും വിദ്യയും കലയും അവനെ സേവിക്കാനെത്തുകയും അവന്‍ശാസ്ത്രങ്ങളെപ്പറ്റി സംസാരിച്ചുതുടങ്ങുകയും ചെയ്യുന്നു. യോഗഭ്രഷ്ടനായ ഇവന്‍ ജന്മമെടുത്ത കുലീനമായ കുടുംബത്തില്‍ വന്നു പിറക്കുന്നതിനായി സ്വര്‍ഗ്ഗവാസികള്‍ ജപതപ ഹോമാദികള്‍ നടത്തുകയും മര്‍ത്യലോകത്തെ പ്രശംസിച്ച് സ്തുതിഹീതങ്ങള്‍ പാടുകയും ചെയ്യുന്നു.