ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 44

പൂര്‍വ്വാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്‍ത്തതേ

യോഗഭ്രഷ്ടനായെങ്കിലും പൂര്‍വ്വജന്മത്തിലെ യോഗാനുഷ്ഠാന സംസ്കാരവുമായി വന്നു ജനിക്കുന്നുവന്‍ കഴിഞ്ഞകാലത്തെ യോഗാനുഷ്ഠാന സംസ്കാരം കൊണ്ടുതന്നെ ആത്മാന്വേഷണത്തിനു പ്രേരിതനായി ഭവിക്കുന്നു. ഈ ജന്മത്തില്‍ യോഗത്തിന്റെ (ബ്രഹ്മപ്രാപ്തിയുടെ) സ്വരൂപമറിയണമെന്ന് ആഗ്രഹമെങ്കിലും ഉണ്ടാകുന്നവന്‍ ശബ്ദനിഷ്ഠമായ പ്രപഞ്ചാനുഭവത്തെ കടക്കാനിടവരുന്നു.

ഇപ്പോള്‍ പൂര്‍വ്വജന്മത്തിന്റെ അവസാനത്തില്‍ കൈവരിച്ചിരുന്ന ജ്ഞാനം അവനു സ്വായത്തമാകുന്നു. ഭൂമിക്കടിയില്‍ ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടുപിടിക്കുന്നതിനു കഴിയുന്ന ദിവ്യാഞ്ജനമെഴുതിയ ദൃഷ്ടികള്‍ ഉള്ളവനെപ്പോലെ ദുര്‍ഗ്രഹങ്ങളായ സിദ്ധാന്ത തത്വങ്ങളെ ഗുരുവിന്റെ സഹായം കൂടാതെ അനായാസേന ഗ്രഹിക്കുന്നതിന് അവന് കഴിയുന്നു. അനിയന്ത്രിതമായിരുന്ന അവന്റെ പ്രഭാവമുള്ള ഇന്ദ്രിയങ്ങള്‍ അവന്റെ മനോനിയന്ത്രണത്തില്‍ വരുന്നു. മനസ്സ് പ്രാണവായുവില്‍ ആമഗ്നമാകുന്നു. പ്രാണന്‍ ചിത്തത്തോടുകൂടി ചിദാകാശത്തില്‍ ലയിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ പഴയകാലത്തെ പരിശീലനം കൊണ്ടു യോഗം അവനില്‍ അനായാസേന പരിപുഷ്ടമായി വളരുകയും സമാധി അവനെ തേടിയെത്തുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരുവനെ യോഗവിദ്യയുടെ അധിഷ്ഠാനദേവനായ കാലഭൈരവനെപ്പോലെ കണക്കാക്കണം. യോഗത്തിന്റെ വിവിധ അവസ്ഥകളും ആദ്ധ്യാത്മികജ്ഞാനവും അവന്റെ അന്തരംഗത്തില്‍ അങ്കുരിക്കുന്നു. അവന്‍ പരിത്യാഗത്തിന്റെ പാതയിലെ പരമസത്യമായ വൈരാഗ്യാനുഭവത്തിന്റെ മൂര്‍ത്തീമത്ഭാവമാണ്. പ്രാപഞ്ചികമായ അസ്തിത്വത്തിന്റെ അളവുകോലാണ് അവന്‍. സുഗന്ധം ചന്ദനത്തിന്റെ രൂപം ധരിച്ചിരിക്കുന്നതുപോലെ സന്തോഷം അവന്റെ രൂപം ധരിച്ചിരുന്നു. പരിപൂര്‍ണ്ണതയുടെ ഭണ്ഡാഗാരത്തില്‍ നിന്ന് ആവിര്‍ഭവിച്ചതുപോലെ കാണപ്പെടുന്ന അവന്‍, അവന്‍ സത്യാന്വേഷി ആയിരിക്കുമ്പോള്‍ത്തന്നെ അവന്റെ ആത്മീയവൈശിഷ്ട്യം പ്രത്യഷമായി പ്രകടമാകുന്നു.