ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 45

പ്രയത്നാദ്യതമാനസ്തു
യോഗീ സംശുദ്ധ കില്ബിഷഃ
അനേകജന്മസംസിദ്ധഃ
തതോ യാതി പരാം ഗതിം

യോഗപഥത്തില്‍ അവിരതം മുന്നേറാന്‍ പ്രയത്നിക്കുന്ന യോഗി പാപത്തില്‍നിന്നു മോചിച്ചവനായി പല ജന്മങ്ങളില്‍ ചെയ്ത യോഗാഭ്യാസം കൊണ്ട് ജ്ഞാനസിദ്ധിയെ പ്രാപിച്ചതിന്റെ ശേഷം പുരുഷാര്‍ത്ഥമായിരിക്കുന്ന മോക്ഷത്തെ പ്രാപിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ ലക്ഷോപലക്ഷം വര്‍ഷങ്ങളിലായി ആയിരക്കണക്കിന് ജന്മങ്ങളില്‍ക്കൂടി പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തുകഴിഞ്ഞിരിക്കുന്ന അവന്‍ ഇപ്പോള്‍ ആത്മസാക്ഷാല്‍ക്കാരത്തിന്റെ തീരത്ത് അണഞ്ഞിരിക്കുന്നു. തന്മൂലം മോചനത്തിന്റെ വിജയത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും സ്വാഭാവികമായി അവനെ പിന്തുടരുകയും അവന്‍ വിവേകജ്ഞാനത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയും ചെയ്യുന്നു. പിന്നീട് ചിന്തയുടെ വേഗതയില്‍ അവന്‍ വിവേകത്തെ പിന്നിലാക്കി ചിന്തയ്ക്കുപോലും എത്താന്‍ കഴിയാത്ത ബ്രഹ്മത്തില്‍ ലയിക്കുന്നു. മേഘരൂപമാകുന്ന മനസ്സ് അപ്രത്യക്ഷമാകുന്നു. ശ്വാസവായുവിന്റെ സഹജമായ ഇളക്കം നിലയ്ക്കുന്നു. അതോടെ ചിദാകാശം ആത്മാവില്‍ ലയിക്കുന്നു. വര്‍ണ്ണനാതീതമായ ആനന്ദമാണ് അപ്പോള്‍ അവന്‍ അനുഭവിക്കുന്നത്. പ്രണവമന്ത്രമായ ഓങ്കാരംപോലും അവന്റെ മുന്നില്‍ ശിരസ്സ് താഴ്ത്തുന്നു. പദാവലിയില്‍ അവന്റെ മുന്നില്‍നിന്നും പിന്‍വാങ്ങുന്നു. അവന്‍ നിശബ്ദതയെ വേള്‍ക്കുന്നു. ഇപ്രകാരം അവന്‍ പരമോന്നത ലക്ഷ്യമായ നിരാകാരബ്രഹ്മത്തിന്റെ മൂര്‍ത്തീകരണമായിത്തീരുന്നു. അനേകം ജന്മങ്ങളില്‍ക്കൂടി സംശയങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും അപജയങ്ങളുടേയും മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞ് അവന്‍ സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന്‍ സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന്‍ ജനിക്കുന്ന അവസരത്തില്‍ത്തന്നെ ഈശ്വരനെ പ്രാപിക്കുവാനുള്ള സമയവും നിര്‍ണ്ണയം ചെയ്യപ്പെട്ടിരിക്കുന്നു. അവന്‍ ബ്രഹ്മാവസ്ഥയെ പരിഗ്രഹിക്കുകയും അതുമായി ഐക്യം പ്രാപിക്കുകയും ചെയ്യുന്നു. കാര്‍മേഘങ്ങള്‍ ആകാശത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒന്നായി അപ്രത്യക്ഷമാകുന്നതുപോലെ, അവന്‍ ഈ ശരീരത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയും ലയവുമായ ബ്രഹ്മവുമായി അലിഞ്ഞുചേരുന്നു.