ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 47

യോഗിനാമപി സര്‍വ്വേഷാം
മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാന്‍ ഭജതേ യോ മാം
സ മേ യുക്തതമോ മതഃ

ശ്രദ്ധാപൂര്‍വ്വം എന്നില്‍ ചിത്തമുറപ്പിച്ച് യാതൊരുവന്‍ എന്നെ ഭജിക്കുന്നുവോ, അവന്‍ എല്ലാ യോഗികളിലും വച്ച് ഉത്തമ യോഗിയാണെന്നാണ് എന്റെ അഭിപ്രായം.

ഈ യോഗി ദേവാധിദേവനാണെന്ന് അറിഞ്ഞാലും. അവന്‍ എന്റെ സുഖ സര്‍വ്വസ്വമാണ്- അല്ല എന്റെ ആത്മാവുതന്നെയാണ്. ഉപാസകന്‍ , ഉപാസന, ഉപാസനാവിഷയം എന്നീ ഭക്തിയുടെ മൂന്നുപകരണങ്ങളും ഉള്‍ക്കൊള്ളുന്ന ത്രിമൂര്‍ത്തിയാണ് ഞാനെന്ന് അവന് നിരന്തരമായ അനുഭവം ഉണ്ട്. കൂടാതെ ഞാനും എന്റെ ഭക്തനും തമ്മില്‍ നിലനില്‍ക്കുന്ന വാത്സല്യം വാക്കുകളാല്‍ വര്‍ണ്ണിക്കുവാന്‍ വിഷമമാണ്. ഞാന്‍ ദേഹവും അവന്‍ ദേഹിയുമാണ്. എന്നുള്ള ഉപമയ്ക്കു മാത്രമേ ഞങ്ങളുടെ പ്രേമപൂര്‍വ്വമായ ഐക്യത്തെപ്പറ്റി വര്‍ണ്ണിക്കുന്നതിനു കഴിയുകയുള്ളൂ.

സഞ്ജയന്‍ ധൃതരാഷ്‌ട്രനോടുപറഞ്ഞു : ഭക്തന്മാരാകുന്ന ചകോരപഖ്ഷികള്‍ക്കു സന്തോഷം പ്രധാനം ചെയ്യുന്ന സോമബിംബമാകുന്നശ്രീ കൃഷ്ണന്‍ ശ്രേഷ്ഠമായ ഗുണങ്ങളുടെ സാഗരമാകുന്ന ഭഗവാന്‍ ത്രൈലോക്യത്തിലും രാജാവാകുന്ന താമരക്കണ്ണന്‍ ഇപ്രകാരം പറഞ്ഞു. തന്റെ ഉപദേശം കേള്‍ക്കുന്നതിനുള്ള ആഗ്രഹം അര്‍ജ്ജുനനു ദ്വിഗുണീഭവിച്ചുവെന്ന് യദുകുലനാഥനു ബോദ്ധ്യമായി. അര്‍ജ്ജുനന്റെ മനോവികാരങ്ങള്‍ ഒരു മുകുരത്തിലെന്നപോലെ അവന്റെ മുഖത്തു പ്രത്യക്ഷമായിക്കണ്ടപ്പോള്‍ ശ്രീകൃഷ്ണന്റെ ഹൃദയം പുളകംകൊണ്ടു.

ജ്ഞാനേശ്വരന്‍ പറയുന്നു:

ഭഗവാനുണ്ടായ സന്തോഷത്തിന്റെ പ്രേരണയാല്‍ അദ്ദേഹം ശേഷിച്ച കഥാഭാഗം പറയുന്നതാണ്. അടുത്ത അദ്ധ്യായം അത് ശാന്തിരസം വളരെ വ്യക്തമായി പ്രകടമാക്കുകയും ജ്ഞാനത്തിന്റെ ബീജങ്ങള്‍ അടങ്ങിയ ഭാണ്ഡം തുറക്കുകയും ചെയ്യുന്നതാണ്. അപ്പോഴുണ്ടാകുന്ന ധാര്‍മ്മിക വികാരങ്ങളുടെ അതിവര്‍ഷം ശ്രോതാക്കളുടെ മനസ്സിനെ ആര്‍ദ്രമാക്കുകയും അവരുടെ ചിത്തം ജ്ഞാനത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ തക്കവണ്ണം രൂപാന്തരപ്പെടുകയും ചെയ്യുന്നതാണ്. ശ്രോതാക്കളുടെ ഏകാഗ്രത ഈ മണ്‍തിട്ടയുടെ അധികമായ ഈര്‍പ്പം ഇല്ലാതാക്കി കളഞ്ഞിരിക്കുന്നു. ഇവിടെ മഹത്തായ സിദ്ധാന്തങ്ങള്‍ വിതയ്ക്കാന്‍ നിവൃത്തിനാഥ് ആഗ്രഹിക്കുന്നു. അദ്ദേഹം അതിന്റെ ബീജങ്ങള്‍ എന്റെ ഹൃദയത്തിലും കൈകള്‍ എന്റെ ശിരസ്സിലുംവച്ച് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. തന്മൂലം എന്റെ നാവില്‍നിന്നുതിരുന്ന ഏതു വാക്കും മഹാത്മാക്കളുടെ ശ്രോതാക്കളുടെ ഹൃദയം തുളച്ചുകയറും. ശ്രീകൃഷ്മന്‍ അര്‍ജ്ജുനനോട് പറഞ്ഞത് എന്താണെന്ന് ഞാന്‍ പറയാം. അതു നിങ്ങള്‍ ശരിക്കും ശ്രദ്ധിക്കുകയും ബുദ്ധിപൂര്‍വ്വം അതിനെപ്പറ്റി ചിന്തിക്കുകയും വേണം. തദനന്തരം ഈ സിദ്ധാന്തങ്ങളെ നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുകയും വേണം. അത് എപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കും.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
ധ്യാനയോഗോ നാമ
ഷഷ്ഠോഽദ്ധ്യായഃ

ധ്യാനയോഗം എന്ന ആറാം അദ്ധ്യായം കഴിഞ്ഞു.