ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 5

അപരേയമിതസ്ത്വന്യാം
പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ!
യയേദം ധാര്യതേ ജഗത്.

അല്ലയോ മഹാബാഹോ! മേല്‍ എട്ടുവിധമായി വിഭാഗിക്കപ്പെട്ട ഈ പ്രകൃതി അപരാ പ്രകൃതിയാണ്. എന്നാല്‍ ഇതില്‍ നിന്നു ഭിന്നമായും ജീവസ്വരൂപമായും ഈ ജഗത്തിനെ ധരിച്ചുകൊണ്ടിരിക്കുന്നതുമായ എന്റെ പ്രകൃതിയെ പരാ പ്രകൃതി എന്ന് അറിഞ്ഞാലും.

ഈ എട്ടു വിഭാഗങ്ങളുടെ സമതുലിതാവസ്ഥയാണ് എന്റെ ഉത്കൃഷ്ടപ്രകൃതി (പരാപ്രകൃതി). അതിനെ ജീവനെന്നു പറയുന്നു. അത് അചേതനമായ വസ്തുക്കള്‍ക്കു ജീവന്‍ നല്കുകയും ജീവജാലങ്ങളെ ചിരിപ്പിക്കുകയും ചെയ്യുന്നു. മനസ്സ് ദുഃഖവും വിഭ്രാന്തിയും അനുഭവിക്കുന്നതിന് അത് കാരണമായിത്തീരുന്നു. ബുദ്ധിക്കു ബോധനശക്തി ഉണ്ടാക്കിക്കൊടുക്കുന്നതു മായയുമായിട്ടുള്ള അതിന്റെ സംസര്‍ഗ്ഗംകൊണ്ടാണ്. അതില്‍നിന്ന് ഉത്ഭുതമാകുന്ന അഹന്തയുടെ വൈഭവം ലോകത്തെ നിലനിര്‍ത്തുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.