ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 6

ഏതദ്യോനീനി ഭൂതാനി
സര്‍വ്വാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ
പ്രഭവഃ പ്രളയസ്തഥാ.

സ്ഥാവരജംഗമാത്മകങ്ങളായിരിക്കുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ഈ രണ്ടുവക പ്രകൃതികളും കൂടിക്കലര്‍ന്ന് ഉണ്ടായവയാകുന്നു. ഈ രണ്ടു പ്രകൃതികള്‍ മൂലമായി സര്‍വ്വജ്ഞനായും ഈശ്വരനായുമിരിക്കുന്ന ഞാന്‍ സകല ജഗത്തിന്‍റേയും ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആണെന്നറിഞ്ഞാലും.

സൂഷ്മപ്രകൃതി സ്ഥൂലപ്രകൃതിയുമായി സംയോജിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍ അനന്തമാണ്. അങ്ങനെയാണ് നാല് ഇനത്തില്‍പ്പെട്ട ജീവജാലങ്ങള്‍ ഭൂമിയിലുണ്ടാകുന്നത്. മൂല്യത്തിന്റെ കാര്യത്തില്‍ തല്യമാണെങ്കിലും ഈ ജീവികളൊയൊക്കെ വേര്‍തിരിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഈ വര്‍ഗ്ഗങ്ങള്‍ മൊത്തം എണ്‍പത്തിനാലുലക്ഷത്തോളം വരും. കൂടാതെ പ്രധാന വര്‍ഗ്ഗങ്ങളുടെ ഉപവര്‍ഗ്ഗങ്ങളായി വേറെയും അനവധിയുണ്ട്. ഇവയെല്ലാംകൂടി വായുമണ്ഡലം നിറഞ്ഞു കവിയുന്നു. ഖജനാവില്‍ നാണയങ്ങള്‍ നിറയ്ക്കുന്നതുപോലെ ഉല്‍പത്തിയുടെ ഗര്‍ഭഗൃഹത്തില്‍ ഈ ജീവജാലങ്ങള്‍ കുമിഞ്ഞുകൂടുന്നു. ഇപ്രകാരം പ്രകൃതി പഞ്ചഭൂതങ്ങളില്‍നിന്ന് എണ്ണമറ്റവിധം ജീവജാലങ്ങളാകുന്ന നാണയങ്ങളെ സൃഷ്ടിക്കുന്നു. ദിവ്യമായ പ്രകൃതിക്കല്ലാതെ മറ്റാര്‍ക്കും അതിന്റെ എണ്ണം തിട്ടപ്പെടുത്താന്‍ സാധ്യമല്ല. ഈ നാണയങ്ങളെ പരിശോധിച്ചശേഷം പ്രകൃതി അവയെ ഗുണീഭവിപ്പിക്കുകയും വീണ്ടും ഉരുക്കുകയും അങ്ങനെ ഓരോ വ്യക്തിയുടേയും കര്‍മ്മത്തിനനുസൃതമായി അവയെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവ നന്മയുടേയും തിന്മയുടേയും സല്‍ക്കര്‍മ്മങ്ങളുടേയും ദുഷ്കര്‍മ്മങ്ങളുടേയും വ്യാപാരത്തില്‍ വ്യാപരിക്കുന്നു.

ഈ അലങ്കാരം ഉപേക്ഷിച്ചിട്ടു ഞാന്‍ നേരിട്ടു കാര്യം പറയാം. വിവിധരൂപവും നാമവുമുള്ള ഈ പ്രപഞ്ച സൃഷ്ടികളെ മുഴുവന്‍ നിരത്തിയിരിക്കുന്നത് പ്രകൃതിയാണ്. പ്രകൃതി എന്റെ നിഴലല്ലാതെ മറ്റൊന്നുമല്ല. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ ആരംഭവും മധ്യവും അവസാനവും ഞാന്‍ തന്നെയാണെന്നറിയുക.