ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 12

യേ ചൈവ സാത്വികാ ഭാവാ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്‍ വിദ്ധി
ന ത്വഹം തേഷു തേ മയി

സാത്വികമായും രാജസമായും താമസമായും യാതൊരു വസ്തുക്കളാണുള്ളത് അവയെല്ലാം എന്നില്‍നിന്നുണ്ടായവയാണെന്നറിഞ്ഞാലും ഇങ്ങനെയാണെങ്കിലും ഞാന്‍ അവയില്‍ ഇരിക്കുന്നില്ല.

മനസ്സിന്റെ മൂന്നു വ്യത്യസ്ത ഭാവങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവ എന്നില്‍ നിന്നുത്ഭവിച്ചിട്ടുള്ളതാണെന്നറിയുക. എന്നാല്‍ സ്വപ്നത്തിന്റെ അഗാധകയത്തില്‍ ജാഗ്രദവസ്ഥയെ ജലനിമഗ്നമാക്കാന്‍ കഴിയാത്തതുപോലെ, ഞാന്‍ അവയിലൊന്നിലും ഇല്ല. ഒരു വിത്തില്‍ കട്ടിപിടിച്ച നീര് സ്ഥിതിചെയ്യുന്നു. ആ വിത്തുമുളച്ച് വലിയ തടിയാകുന്നു. എങ്കിലും ആ തടിക്ക് വിത്തിന്റെ സ്വഭാവം ഉണ്ടെന്നു പറയാന്‍ കഴിയുമോ? അതുപോലെ എന്നില്‍നിന്നു പലവിധത്തിലുമുള്ള രൂപാന്തരങ്ങള്‍ സംഭവിക്കുന്നു. എങ്കിലും എന്റെ അസ്തിത്വത്തിന് ഒരു വിപരിണാമവും ഉണ്ടാക്കുന്നില്ല. ഞാന്‍ സര്‍വ്വവ്യാപിയാണ്. എനിക്കു സഹജമായ സ്വഭാവലക്ഷണങ്ങളൊന്നുമില്ല. കാര്‍മുകില്‍ ആകാശത്തു പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ആകാശം അവയെ ഉള്‍ക്കൊള്ളുന്നില്ല. മേഘത്തില്‍നിന്നു മാരിചൊരിയുന്നു. പക്ഷേ മഴവെള്ളത്തില്‍ മേഘം ഇല്ല. ജലദങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ മിന്നല്‍പിണര്‍ ഉണ്ടാകുന്നു. എന്നാല്‍ മിന്നല്‍പിണറില്‍ ജലം ഉണ്ടോ? അഗ്നിയില്‍നിന്നും ധൂമം ഉണ്ടാകുന്നു. പക്ഷേ ധൂമത്തില്‍ അഗ്നിയില്ല. അതുപോലെ എല്ലാ പരിണാമങ്ങളും എന്നില്‍നിന്നു ജാതമാകുന്നു. എന്നാല്‍ ഞാന്‍ അവയിലൊന്നിലും ഇല്ല തന്നെ.