ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 13
ത്രിഭിര്‍ഗുണമയൈര്‍ ഭാവൈ-
രേഭിഃ സര്‍വ്വമിദം ജഗത്
മോഹിതം നാഭിജാനാതി
മാമേഭ്യഃ പരമവ്യയം
ഈ സത്വരജസ്തമോരൂപങ്ങളായ മൂന്നു ഗുണഭാവങ്ങളാല്‍ മോഹിതന്മാരകയാല്‍ സകല പ്രാണികളും ഇവയില്‍നിന്നു ഭിന്നനായും നാശരഹിതനുമായിരിക്കുന്ന എന്നെ അറിയുന്നില്ല.
ജലത്തില്‍നിന്നുണ്ടായ ജലാഞ്ചലം ജലത്തെ മൂടുന്നു. കാര്‍മേഘങ്ങള്‍ ആകാശത്തെ മറയ്ക്കുന്നു. അയഥാര്‍ത്ഥമായ സ്വപ്നം സുഷുപ്തിയുടെ വശീകരണത്തില്‍ യഥാര്‍ത്ഥമായി തോന്നുകയും അതിന്റെ അവാസ്തവസ്വഭാവം നാം വിസ്മരിക്കുകയും ചെയ്യുന്നു. നേത്രങ്ങളിലെ ജലത്തില്‍നിന്നുണാടാകുന്ന നേത്രപടലം കാഴ്ചയെ നശിപ്പിക്കുന്നു.അതുപോലെ ത്രിഗുണങ്ങള്‍ കുത്തിനിറച്ചിട്ടുള്ള, എന്റെ നിഴലും പ്രതിബിംബവുമായ മായ, ഒരു മൂടുപടം നിര്‍മ്മിച്ച് എന്റെ യഥാര്‍ത്ഥസ്വരൂപത്തെ മറയ്ക്കുന്നു. ജലത്തില്‍നിന്നുണ്ടായ മുത്ത് ജലത്തില്‍ അലിഞ്ഞുചേരാത്തതുപോലെ, ഞാന്‍ സൃഷ്ടിച്ചിട്ടുള്ളതും എന്നിലില്ലാത്തതുമായ ജീവികള്‍ എന്നെ അറിയുന്നില്ല. കളിമണ്ണില്‍ നിന്നുണ്ടാക്കിയ കലം ഉടന്‍തന്നെ പൊട്ടിച്ചാല്‍ അത് അനായേസേന മണ്ണുമായി കൂടിക്കലരുമെങ്കിലും തീയിലിട്ടു ചുട്ട കലങ്ങള്‍ മണ്ണുമായി കലരാതെ വേറിട്ടുനില്‍ക്കും. അപ്രകാരം സമസ്തജീവികളും എന്റെ ഭാഗങ്ങളാണ്. എന്റെ മായാലീലകൊണ്ട് അവ വ്യത്യസ്തമായ വ്യക്തിജീവിതം ധരിച്ചിരിക്കുന്നു. അവയെല്ലാം എന്നില്‍നിന്ന് ഉത്ഭൂതമായതാണെങ്കിലും അവയൊന്നും എന്റെ സ്വരൂപത്തിലില്ല. എന്നിലാണ് അവയെല്ലാം നിലനില്‍ക്കുന്നതെങ്കിലും അവയൊന്നും എന്നെ അറിയുന്നില്ല. അവയെല്ലാം വിഷയേന്ദ്രിയങ്ങള്‍ക്ക് അടിമകളായി, ഞാനെന്നും എന്റേതെന്നുമുള്ള വ്യാമോഹത്തിന്റെ ആവേശത്തില്‍പ്പെട്ട് സ്വയം മറന്ന് അന്ധരായി ചരിക്കുന്നു.