ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 15

ന മാം ദുഷ്കൃതിനോ മൂഢാഃ
പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാ
ആസുരം ഭാവമാശ്രിതാഃ

പാപശീലന്മാരും മൂഢന്മാരും ആത്മജ്ഞാനസ്വരൂപമില്ലാത്തവനും ആസുരഭാവത്തെ ആശ്രയിക്കുന്നവരും മനുഷ്യരില്‍ അധമന്മാരായിരിക്കുന്നവരും എന്നെ ശരണം പ്രാപിക്കുന്നില്ല.

എന്നാല്‍, നിര്‍ഭാഗ്യമെന്നുപറയട്ടെ, ബഹുഭൂരിപക്ഷം ആളുകളും അഹംഭാവത്തിന്റെ തിരത്തള്ളലില്‍, ആത്മജ്ഞാനസമ്പാദനമെന്ന യഥാര്‍ത്ഥ ലക്ഷ്യത്തെ വിസ്മരിക്കുന്നു. ആത്മനിയന്ത്രണമാകുന്ന ഉടയാട അവരുടെ ശരീരത്തില്‍നിന്ന് ഊര്‍ന്നിറങ്ങിപ്പോയതും തന്മൂലം നഗ്നരായിത്തീര്‍ന്നതും അറിയാതെ അവര്‍ ലജ്ജാവിഹീനരായി, വേദങ്ങളാല്‍ നിഷേധിക്കപ്പെട്ട കര്‍മ്മങ്ങളില്‍ കുതൂഹലചിത്തരായി മുഴുകി അധഃപതിക്കുന്നു. മനുഷ്യശരീരികളായി ഈലോകത്തു ജന്മമെടുത്തതിന്റെ പ്രത്യേകലക്ഷ്യം എന്താണെന്നറിയാതെ, അവര്‍ വിഷയസുഖങ്ങളില്‍ മുഴുകിയും വിവിധകാരണങ്ങള്‍ക്ക് അടിമപ്പെട്ടും, ഞാനെന്നും എന്‍റേതെന്നുമുള്ള ജല്പനങ്ങള്‍ നടത്തിയും ഇഷ്ടാനുസരണം നടക്കുന്നു.