ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 19

ബഹൂനാം ജന്മനാമന്തേ
ജ്ഞാനവാന്‍ മാം പ്രപദ്യതേ
വാസുദേവഃ സര്‍വ്വമിതി
സ മഹാത്മാ സുദുര്‍ല്ലഭഃ

അനേകം ജന്മങ്ങള്‍ എടുത്തശേഷം, ജ്ഞാനിയായവന്‍ സകലവും വാസുദേവനാണെന്നറിഞ്ഞ് എന്നെ ഭജിക്കുന്നു. അപ്രകാരമുള്ള മഹാത്മാവിനെ വളരെ ദുര്‍ല്ലഭമായിട്ടേ കാണാറുള്ളൂ.

ഇന്ദ്രിയങ്ങളാകുന്ന നിബി‍‍ഡവനങ്ങളില്‍കൂടിയുള്ള യാത്രയില്‍ നേരിടേണ്ടിവരുന്ന കാമക്രോധാദികളെ ഒഴിവാക്കി അവന്‍ സദ് വിചാരങ്ങളുടെ മല കയറുന്നു. അതിനുശേഷം പുണ്യപുരുഷന്മാരുമായുള്ള സംസര്‍ഗ്ഗത്തില്‍പെട്ട്, ദുഷ്കര്‍മ്മങ്ങളുടെ ഊടുവഴിവിട്ട് സല്‍ക്കര്‍മ്മങ്ങളുടെ രാജവീഥിയില്‍ക്കൂടി യാത്രചെയ്യുന്നു. ഈ യാത്ര മമതയാകുന്ന പാദരക്ഷയില്ലാതെ എണ്ണമറ്റ ജന്മങ്ങളില്‍ക്കൂടി തുടരുന്നു. അങ്ങനെയുള്ള ഒരുവന് എങ്ങനെയാണ് കര്‍മ്മഫലത്തില്‍ ആഗ്രഹമുണ്ടാകുന്നത് ? ഇപ്രകാരം അനവധി ജന്മങ്ങള്‍ സ്വീകരിച്ച് അജ്ഞതയുടെ അന്ധകാരത്തില്‍കൂടി സഞ്ചരിച്ചുകഴിയുമ്പോള്‍ അറിവിന്റെ അരുണോദയം ഉണ്ടാവുകയും കര്‍മ്മങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു. പിന്നീടു ഗുരുകൃപയാകുന്ന പ്രഭാതകിരണങ്ങളും ജ്ഞാനമാകുന്ന സൂര്യപ്രകാശവും അവനില്‍ പതിയുന്നു. അപ്പോള്‍ എല്ലാം ഒന്നെന്നുള്ള ദിവ്യമായ ഏകത്വത്തിന്റെ ഉത്കൃഷ്ടമായ ഭണ്ഡാരം അവനു ദൃശ്യമാകുന്നു. പിന്നീട് അവന്‍ എവിടേക്ക് ദൃഷ്ടികള്‍ പായിച്ചാലും എന്നെമാത്രം ദര്‍ശിക്കുന്നു. അവന്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും എന്റെ സാനിദ്ധ്യം അനുഭവിക്കുന്നു. ജലത്തില്‍ താഴ്ത്തിയ ഒരു കുടത്തിന്റെ അകത്തും പുറത്തും ജലം നിറഞ്ഞുനില്‍ക്കുന്നതുപോലെ അവന്‍ എന്നില്‍ ജീവിക്കുകയും ഞാന്‍ അവന്റെ അകത്തും പുറത്തും വസിക്കുകയും ചെയ്യുന്നു. അവന്റെ അവസ്ഥ വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാന്‍ പ്രയാസമാണ്. ജ്ഞാനത്തിന്റെ ഭണ്ഡാഗാരം അവന്റെ മുന്നില്‍ തുറക്കുന്നു വെയ്ക്കപ്പെടുകയും പ്രപഞ്ചവും അവനും ഒന്നാണെന്നുള്ള അറിവോടുകൂടി അവന്‍ ജീവിക്കുകയും ചെയ്യുന്നു. ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണെന്ന് സ്വാനുഭവത്തില്‍കൂടി സംജാതമായ അവന്റെ ദൃഢവിശ്വാസം അവനെ ഉത്തമനായ ഭക്തനും ശ്രേഷ്ഠനായ ജ്ഞാനിയും ആക്കിത്തീര്‍ക്കുന്നു. അവന്റെ അനുഭവസമ്പത്തു വളരെ വിപുലമായതുകൊണ്ട് , അതില്‍ സര്‍വ്വചരാചരങ്ങളും അടങ്ങിയ ഈ പ്രപഞ്ചത്തെയൊട്ടാകെ ഉള്‍ക്കൊള്ളാന്‍ അവനു കഴിയും. എന്നാല്‍ അല്ലയോ ധനുര്‍ദ്ധര, അപ്രകാരമുള്ള ഒരു മഹാത്മാവ് വളരെ അപൂര്‍വ്വമാണ്. ഫലേച്ഛയോടെ എന്നെ ഭജിക്കുന്നവര്‍ അനവധിയുണ്ട്. അവരോക്കെ പ്രത്യാശയുടെ അന്ധകാരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അല്പബുദ്ധികളാണ്.