ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 20
കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ
പ്രപദ്യന്തേഽ ന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രകത്യാ നിയതാ സ്വയാ.
തങ്ങളുടെ സ്വഭാവത്തില്‍ (പൂര്‍വജന്മകര്‍മ്മവാസനയാല്‍ ) നിയന്ത്രിതരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്നാനത്തോടുകൂടിയവരുമായ ജനങ്ങള്‍ വിവിധ നിയമങ്ങളെ സ്വീകരിച്ച് ഇതര ദേവന്മാരെ ഭജിക്കുന്നു.
തങ്ങള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം തങ്ങള്‍ക്കു വേണമെന്നുള്ള ആഗ്രഹം മനസ്സില്‍ കടന്നുകൂടുന്നതോടുകൂടി ജ്ഞാനത്തിന്റെ പ്രകാശം അണയുന്നു. അപ്രകാരം അകത്തും പുറത്തും അജാഞാനാന്ധകാരം പടര്‍ന്നുപിടിക്കുമ്പോള്‍ അവന്‍ എന്നെ വിസ്മരിക്കുകയും ഔത്സുക്യത്തോടെ മറ്റു ദേവന്മാരുടെ ഉപാസനയില്‍ ഹൃദയംഗമമായി മുഴുകുകയും ചെയ്യുന്നു. അപ്രകാരമുള്ളവര് മായയുടെ അടിമകളായിത്തീരുകയും ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പാഞ്ഞു തരംതാഴുകയും ചെയ്യുന്നു. ഭൗതികസുഖങ്ങളില്‍ ആസക്തരായിത്തീരുന്ന അവരെപ്പറ്റി എന്തുപറയാനാണ് ? ഈ ദേവതകളുടെ ഉപാസനയ്ക്കുവേണ്ട ആരാധനാക്രമങ്ങളൊക്കെ ഉറപ്പുവരുത്തിയും അവര്‍ക്ക് അര്‍പ്പിക്കേണ്ട വഴിപാടുകള്‍ എന്തൊക്കെയെന്നു നിശ്ചയിച്ചും അതിലേക്കാവശ്യമായ വ്രതങ്ങള്‍ അനുഷ്ഠിച്ചുമാണ് അവര്‍ ഇഷ്ടദേവതമാരെ ഭജിക്കുന്നത്.