ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 24

അവ്യക്തം വ്യക്തിമാപന്നം
മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ
മമാവ്യയമനുത്തമം.

നിത്യമായും നിരതിശയമായുമിരിക്കുന്ന എന്റെ പരമാത്മ സ്വഭാവത്തെ അവിവേകികള്‍ അറിയുന്നില്ല. തന്മൂലം ഞാന്‍ ഇതേവരെ അപ്രകാശനായിരുന്നുവെന്നും ഇപ്പോള്‍ പ്രകാശത്തെ പ്രാപിച്ചവനായിരിക്കുന്നുവെന്നും അവര്‍ വിചാരിക്കുന്നു.

എന്നാല്‍ സാധാരണ മനുഷ്യര്‍ ഇപ്രകാരം ചെയ്യാതെ അവരുടെ സൗഖ്യം സ്വയം നശിപ്പിക്കുന്നു. അവര്‍ കൈക്കുമ്പിളിലുള്ള വെള്ളത്തില്‍കൂടി നീന്താന്‍ ശ്രമിക്കുന്നതുപോലെയാണ്. അമൃതസാഗരത്തില്‍ മുങ്ങിക്കിടക്കുന്നവന്‍ തന്റെ വായ് അടച്ചുപിടിച്ചു കൊണ്ട് പൊട്ടക്കുളത്തിലെ മലിനജലം കുടിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണ്? അവന്‍ എന്തുകൊണ്ട് അമൃത് പാനംചെയ്ത് അമരനാകാന്‍ ആഗ്രഹിക്കുന്നില്ല ? അതുപോലെ ഒരുവന്‍ കര്‍മ്മഫലങ്ങളുടെ കുരുക്കില്‍നിന്നു മോചിതനായി, ആത്മാനുഭവമാകുന്ന ചിറകുകള്‍ വിടര്‍ത്തി, ദൈവദത്തമായ ജീവിതത്തിന്റെ അനന്തവിഹായസ്സിലേക്കു പറന്നുയര്‍ന്ന് അതിന്റെ നാഥനാകാത്തത് എന്തുകൊണ്ടാണ് ? അപ്രകാരം ഉയര്‍ന്നുപറക്കുന്ന വീരപ്രവൃത്തി അന്തമില്ലാത്ത ആനന്ദാനുഭൂതിക്ക് ഇടയാക്കുകയും അവനെ പുളകംകൊള്ളിക്കുകയും ചെയ്യും. അപരിമേയമായ എന്നെ പരിമേയമാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് ? അപ്രകാശിതമായ എന്നെ പ്രകാശിതമായി കരുതുന്നത് എന്തിനാണ് ? നിരാകാരനായ എന്നെ എന്തിനാണ് ആകാരമുള്ളവനായി പരിഗണിക്കുന്നത് ? എന്റെ ദിവ്യമായ മാഹാത്മ്യം എവിടെയും ദൃശ്യമാകുമ്പോള്‍ എന്തിനാണ് എന്നെ തേടി ഒരുവന്റെ സമയവും ഓജസ്സും പാഴാക്കുന്നത് ? അല്ലയോ പാണ്ഡുപുത്ര, ഞാന്‍ ഇപ്രകാരം ഇതേപ്പറ്റിയെല്ലാം പറയുന്നത് ബുദ്ധിഹീനരായ മര്‍ത്ത്യര്‍ അശേഷം ഇഷ്ടപ്പെടുന്നില്ല.