ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം
ശ്ലോകം 27
ഇച്ഛാദ്വേഷസമുത്ഥേന
ദ്വന്ദ്വമോഹേന ഭാരത
സര്‍വ്വഭൂതാനി സമ്മോഹം
സര്‍ഗ്ഗേ യാന്തി പരന്തപ
അല്ലയോ ശത്രുതാപന, ഭരതകുലത്തില്‍ ജനിച്ചവനെ, ജനിക്കുമ്പോള്‍തന്നെ ഇച്ഛയില്‍നിന്നും ദ്വേഷത്തില്‍ നിന്നും ഉത്ഭവിക്കുന്ന ശീതോഷ്ണ, സുഖദുഃഖാദി ദ്വന്ദ്വങ്ങള്‍ നിമിത്തമുണ്ടാകുന്ന അവിവേകത്താല്‍ സകല പ്രാണികളും സമ്മോഹാധീനരായിത്തീരുന്നു.
അഹംഭാവവും ദേഹവുംകൂടി പ്രേമബദ്ധരായപ്പോള്‍ അവര്‍ക്ക് ഇച്ഛയെന്നൊരു പുത്രി ജനിച്ചു. പ്രായപൂര്‍ത്തിയെത്തിയ അവളെ ദ്വേഷത്തിനു വിവാഹം ചെയ്തുകൊടുത്തു. സുഖദുഃഖങ്ങള്‍, സന്തോഷസന്താപങ്ങള്‍ തുടങ്ങിയ ദ്വന്ദ്വങ്ങള്‍ക്കു കാരണക്കാരനായ വ്യാമോഹം എന്നൊരു പുത്രന്‍ അവര്‍ക്കുണ്ടായി. ഈ പുത്രനെ മുത്തച്ഛനായ അഹംഭാവം വാത്സല്യത്തോടെ രക്ഷിച്ചുവളര്‍ത്തി. കാലക്രമത്തില്‍ അത്യാഗ്രഹമാകുന്ന പാലുകുടിച്ച് തളിര്‍ത്തുകൊഴുത്ത അവന്‍, ധൈര്യത്തിന്റെയും ഇന്ദ്രിയനിഗ്രഹത്തിന്റെയും ശത്രുവായിത്തീര്‍ന്നു. അസന്തുഷ്ടിയാകുന്ന വീഞ്ഞിന്റെ ലഹരിയില്‍ മതിമയങ്ങിയ അവന്‍ ഇന്ദ്രിയസുഖങ്ങളുടെ കൊട്ടാരത്തില്‍ കേളികളാടി ഉല്ലസിച്ചു. അവന്‍ ഭക്തിയുടെ മാര്‍ഗ്ഗത്തില്‍ സംശയത്തിന്റെ മുള്ളുകള്‍ വിതച്ചു. ദുഷ്കര്‍മ്മങ്ങളുടെ ഊടുവഴികള്‍ തുറന്നു. തന്മൂലം മോഹാധീനരായി എഹികജീവിതത്തിന്റെ പച്ചിലക്കാടുകളില്‍ പെട്ടുപോയ ജീവിതങ്ങള്‍ ഭുരിതാനുഭവങ്ങളുടെ പീഡനമേറ്റു ഞെരിയുന്നു.