ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 28

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകര്‍മ്മണാം
തേ ദ്വന്ദ്വമോഹനിര്‍മ്മുക്താ
ഭജന്തേ മാം ദൃഢവ്രതാഃ

എന്നാല്‍ പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള്‍ ദ്വന്ദ്വമോഹത്തില്‍നിന്നു മുക്തരായി ദൃഢവ്രതരായി എന്നെ ഭജിക്കുന്നു.

എന്നാല്‍ പുണ്യാത്മാക്കള്‍ക്ക് സംശയത്തിന്റെയും തെറ്റുകളുടേയും മുള്ളുകള്‍ അര്‍ത്ഥശൂന്യമാണെന്ന് അറിയാവുന്നതുകൊണ്ട് മായാമോഹം ഒരിക്കലും അവരുടെ മനസ്സിന് ഒരു ഭീഷണിയല്ല. അവന്‍ ഭക്തിവിശ്വാസത്തോടെ ദുശ്ചിന്തകളാകുന്ന മുള്ളുകളെ കാല്‍ക്കീഴില്‍ ഞെരിച്ചമര്‍ത്തി , അടിവെച്ചടിവെച്ച് പാപത്തിന്റെ കൊടുംകാടിനെ കടന്നുകയറുന്നു. അതിനുശേഷം അവര്‍ ചെയ്തിട്ടുള്ള സല്‍ക്കര്‍മ്മങ്ങളുടെ ബലത്തില്‍ പുണ്യത്തിന്റെ വീഥിയില്‍ക്കൂടി ഓടി, കാമക്രോധങ്ങളാകുന്ന കൊള്ളക്കാരുടെ പിടിയില്‍ പെടാതെ അക്ഷതരായി എന്നെ സമീപിക്കുന്നു.