ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം
ശ്ലോകം 30
സാധിഭൂതാധിദൈവം മാം
സാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേ പി ച മാം
തേ വിദുര്‍യുക്തചേതസഃ
എന്നെ അതിഭൂത, അധിദൈവങ്ങളോടുകൂടിയവനായും അധിയജ്ഞത്തോടു കൂടിയവനായും അറിയുന്നവരാരോ, മൃത്യുകാലത്തില്‍ക്കൂടിയും അവര്‍ യോഗയുക്തചിത്തരായിട്ട് എന്നെ സാക്ഷാത്കരിക്കുന്നു.
എന്റെ സര്‍വ്വപ്രധാനമായ പ്രകൃതം അനുഭൂതമാണെന്ന് അനുഭവത്തില്‍കൂടി അറിയുന്നവര്‍ എന്റെ ദിവ്യമായ അവസ്ഥയെ ഗ്രഹിക്കുകയും ആത്മജ്ഞാനംകൊണ്ട് എന്നെ യജ്ഞങ്ങളുടെ മൂലവസ്തുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അപ്പോള്‍ ശരീരം വെടിയുന്നതില്‍ തപിക്കത്തക്കതായി ഒന്നും തന്നെ അവര്‍ കാണുകയില്ല. അല്ലാത്തപക്ഷം ജീവന്റെ തന്തു പൊട്ടാനുള്ള സമയം സമാഗതമാകുമ്പോള്‍ ആസന്നമായ മരണത്തെയോര്‍ത്ത് അവര്‍ അസ്വസ്ഥരായി ബഹളംവെയ്ക്കുന്നു. ഇതുകാണുമ്പോള്‍ ലോകാവസാനം അടുത്തുവെന്നുപോലും ജീവിച്ചിരിക്കുന്നവര്‍ക്ക് തോന്നുന്നതില്‍ എന്താണത്ഭുതം? എന്നാല്‍ ഞാനുമായി ഒത്തുചേര്‍ന്നു നില്‍ക്കുന്നവര്‍ മരണസമയത്ത് എന്നെ കാണും. അപ്പോള്‍ എന്നെയല്ലാതെ ഇതര ദേവതയേയോ, സ്വദേഹത്തേയോ മരണവേദനയേയോ ഒന്നും അവര്‍ അറിയുകയില്ല. ഇപ്രകാരം നിഷ്ണാതരായ യോഗികള്‍ ഹൃദയംഗമമായി എന്നോടു ബന്ധപ്പെട്ടു നില്‍ക്കുന്നു.