ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം

ഗഹനങ്ങളായ ആശയങ്ങളുടെയും ഭക്തിയാകുന്ന പരിമളത്തിന്റെയും ചാറുകൊണ്ടുനിറഞ്ഞ, പരമാത്മാവിന്റെ വാക്കുകളാകുന്ന കനി, ഭഗവാന്‍ കൃഷ്ണനാകുന്ന വൃക്ഷത്തില്‍നിന്ന്, കാരുണ്യത്തിന്റെ മന്ദസമീരണനേറ്റ് അര്‍ജ്ജുനന്റെ കാതുകളിലേക്കു പതിച്ചു. ഈ കനി മഹത്തായ തത്ത്വജ്ഞാനത്തില്‍ നിന്നു സൃഷ്ടിച്ചതും ബ്രഹ്മരസത്തിന്റെ സാഗരത്തില്‍ മുക്കിയെടുത്തതും പരമാനന്ദമാകുന്ന പഞ്ചസാരകൊണ്ടു പൊതിഞ്ഞതുമായിരുന്നു. ഈ വാക്കുകളുടെ പരിശുദ്ധിയും വൈശിഷ്ട്യവും കൊണ്ട് അതിലടങ്ങിയിരുന്ന ഉന്നതമായ വിജ്ഞാനം നുകരണമെന്ന് അര്‍ജ്ജുനന്‍ ആഗ്രഹിച്ചു. അവന്‍ സ്വര്‍ഗ്ഗീയസുഖസമ്പത്തുക്കളെ പരിഹസിച്ചു. അവന്റെ ഹൃദയം ഹര്‍ഷോന്മാദംകൊണ്ടു പുളകിതമായി. ഈ കനിയുടെ ബാഹ്യസൗന്ദര്യം കണ്ടു മോഹിതനായ അവന്‍ അത് ആസ്വദിക്കാന്‍ കൊതിച്ചു. അനുമാനമാകുന്ന പാണിതലംകൊണ്ടു വാരിയെടുത്ത് അനുഭവമാകുന്ന വക്ത്രത്തിലിട്ടു. എന്നാല്‍ വിചാരമാകുന്ന നാവുകൊണ്ട് അതിനെ അലിയിക്കുന്നതിനോ, ഹേതുവാകുന്ന ദന്തങ്ങള്‍കൊണ്ട് അതിനെ ദംശിക്കുവാനോ കഴിഞ്ഞില്ല. ഇതു മനസ്സിലാക്കിയ അര്‍ജ്ജുനന്‍ അത്ഭുതപാരവശ്യത്തോടെ സ്വയം പറഞ്ഞു.

ഹോ, ഇതു ജലത്തില്‍ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളുടെ പ്രതിബിംബംപോലെയാണ്. ഇതിന്റെ ബാഹ്യരൂപം എന്നെ എത്രമാത്രം വഞ്ചിച്ചിരിക്കുന്നു. ഇതു കേവലം വാക്കുകളല്ല. ഇത് ആകാശമാകുന്ന വസ്ത്രങ്ങളില്‍ കാണുന്ന ഞൊറിവുകളാണ്. നമ്മുടെ ബുദ്ധികൊണ്ട് ഇതില്‍ ഗഹനമായ അര്‍ത്ഥം അളക്കുവാന്‍ കഴിയുന്നില്ല.

ഇതെല്ലാം എപ്രകാരമാണു വെളിവാക്കേണ്ടതെന്ന വിചാരത്തോടെ അര്‍ജ്ജുനന്‍ അച്യുതനെ നോക്കി. ധീരനായ ആ യോദ്ധാവ് അദ്ദേഹത്തോട് കെഞ്ചിപ്പറഞ്ഞ:

പ്രഭോ, ബ്രഹ്മം, കര്‍മ്മം, അദ്ധ്യാത്മം, അധിഭൂതം, അധിദൈവം തുടങ്ങിയ ഈ വാക്കുകളൊന്നും ഞാന്‍ മുമ്പു കേട്ടിട്ടില്ലെന്നുള്ളതു വിചിത്രമായിരിക്കുന്നു. സാധാരണയായി ശ്രദ്ധയോടെ ശ്രവിച്ചു കൊണ്ടിരിക്കുന്ന ശ്രോതാക്കള്‍ക്ക് വിവിധ തത്ത്വങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു മനസ്സിലാക്കികൊടുക്കുക. അസാധ്യമല്ല.എന്നാല്‍ അങ്ങയുടെ ഈ സംവാദം ലളിതമായ ഒന്നല്ല. വിസ്മയത്തോടെയാണ് ഒരുവന്‍ ഈ വാക്കുകള്‍ കേള്‍ക്കുന്നത്. ഇതു ശ്രവിക്കുമ്പോള്‍ ആശ്ചര്യം പോലും അമ്പരന്നുപോകുന്നു. അങ്ങയുടെ വാക്കുകളാകുന്ന കിരണങ്ങള്‍ കാതുകളാകുന്ന വാതായനങ്ങളില്‍കൂടി കടന്ന് എന്റെ ഹൃദയത്തെ തലോടിയപ്പോള്‍ അത്ഭുതപാരവശ്യംകൊണ്ട് എന്റെ ശ്രദ്ധതന്നെ വഴുതിപ്പോയി. എനിക്ക് ഈ വാക്കുകളുടെ അര്‍ത്ഥം അറിയാന്‍ അതിയായ ആകാംക്ഷയുണ്ട്. അല്പംപോലും കാത്തിരിക്കാന്‍ ക്ഷമയില്ല. ആകയാല്‍ അല്ലയോ ദേവാ, ഒട്ടും സമയം കളയാതെ അത് എനിക്ക് വിശദീകരിച്ച് തന്നാലും.

നോക്കുക. എത്ര വിദഗ്ധമായിട്ടാണ് അര്‍ജ്ജുനന്‍ ഭഗവാനോട് കാര്യങ്ങള്‍ ചോദിച്ചത് ? ഭഗവാന്‍ ഇതിനകം പറഞ്ഞകാര്യങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ടും ആ വക കാര്യങ്ങള്‍ കൂടുതലായി അറിയണമെന്നുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടും ഹൃദയസ്പൃക്കായ വിധത്തിലാണ് അര്‍ജ്ജുനന്‍ ഭഗവാനോട് സംസാരിച്ചിത്. വിനയത്തിന്റെ അതിരുകള്‍ ലംഘിക്കാതെ ഏറ്റവും ശാലീനതയോടെയാണ് അര്‍ജ്ജുനന്‍ ഭഗവാനോടു കാര്യങ്ങള്‍ പറഞ്ഞത്. ഭഗവാനെ ആശ്ളേഷിക്കാന്‍ അര്‍ജ്ജുനന്‍ മുതിര്‍ന്നില്ല. ഒരു ഗുരുവിനോട് ഉപദേശം ആവശ്യപ്പെടുമ്പോള്‍ എത്രമാത്രം അവധാനതയോടെയാണ് ശിഷ്യന്‍ പെരുമാറേണ്ടതെന്ന് അര്‍ജ്ജുനന് നല്ലതുപോലെ അറിയാമായിരുന്നു.

സവ്യസാചിയായ അര്‍ജ്ജുനന്റെ ചോദ്യങ്ങളും അതിനു സര്‍വ്വജ്ഞനായ ഭഗവാന്റെ ഉത്തരങ്ങളും എത്രത്തോളം ചാതുര്യത്തോടെയാണ് സഞ്ജയന്‍ പറഞ്ഞുകേള്‍പ്പിക്കുന്നതെന്നറിയുക. ആ വിവരണം ശ്രദ്ധിക്കുക. കാതുകള്‍ കേള്‍ക്കുന്നതിനു മുമ്പു തന്നെ കണ്ണുകള്‍ക്ക് അതിന്റെ അര്‍ത്ഥം മനസ്സിലാകും. തേനോലുന്ന ആ വാക്കുകളുടെ മാധുര്യത്തെ ബുദ്ധി ആസ്വദിക്കുന്നതിനുമുമ്പായി ആ വാഗ്ധോരണിയുടെ സൗകുമാര്യം ഇന്ദ്രിയങ്ങളെ വശീകരിക്കും. മുല്ലപ്പൂവിന്റെ പരിമളം നാസികയ്ക്ക് ഹൃദ്യമായി അനുഭവപ്പെടുന്നതുപോലെ, അതിന്റെ നയനസുഭഗത്വം നേത്രങ്ങളെയും രഞ്ജിപ്പിക്കുന്നില്ലേ? അതുപോലെ ഭാഷയുടെ മനോഹാരിത ഇന്ദ്രിയങ്ങള്‍ക്കു സന്തുഷ്ടി നല്‍കിക്കഴിയുമ്പോള്‍ അത് അത്യന്തം ഗഹനങ്ങളായ സിദ്ധാന്തങ്ങളെ മനസ്സിലാക്കുന്നതിനു തയാറായിക്കൊള്ളും.

ആകയാല്‍ നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനേശ്വരന്‍ പറയുന്നു. ശ്രദ്ധിച്ചുകേള്‍ക്കുക. ഈ വാക്കുകള്‍ മറ്റു സംഭാഷണങ്ങളെല്ലാം നിശബ്ദമാക്കും.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ
ജ്ഞാനവിജ്ഞാനയോഗോ നാമ
സപ്തമോ ദ്ധ്യായഃ

ജ്ഞാനവിജ്ഞാനയോഗം എന്ന ഏഴാം അദ്ധ്യായം കഴിഞ്ഞു.