ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 1,2
അര്‍ജ്ജുന ഉവാച:
കിം തദ് ബ്രഹ്മ കിമദ്ധ്യാത്മം
കിം കര്‍മ്മ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്ത-
മധി ദൈവം കിമുച്യതേ
അധിയജ്ഞഃ കഥം കോഽത്ര
ദേഹേഽസ്മിന്‍ മധുസൂദന
പ്രയാണകാലേ ച കഥം
ജ്ഞേയോഽസി നിയതാത്മഭിഃ
അല്ലയോ പുരുഷോത്തമ ! അങ്ങു പറഞ്ഞ ആ പൂര്‍ണ്ണബ്രഹ്മം എന്താണ് ? കര്‍മ്മം എന്താണ് ? അധിഭൂതമെന്നു പറയപ്പെട്ടതെന്താണ് ? അധിദൈവമെന്നും എന്തിനെയാണു പറഞ്ഞത് ? അല്ലയോ കൃഷ്ണാ, ഈ ശരീരത്തില്‍ അധിയജ്ഞഭാവേന ആരാണുള്ളത് ? അതെങ്ങനെ? ദേഹം വിട്ട് ഇവിടെ നിന്നു യാത്രയാകുമ്പോഴും ജ്ഞാനികളാല്‍ അങ്ങ് ഏതു പ്രകാരമാണ് അറിയപ്പെടുക ?
അര്‍ജ്ജുനന്‍ ചോദിച്ചു: ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയാണ്. ഞാന്‍ ചോദിച്ച കാര്യങ്ങള്‍ ദയവായി എനിക്കു വിവരിച്ചു തന്നാലും. ബ്രഹ്മം എന്താണെന്നു പറഞ്ഞുതരിക. എന്താണ് കര്‍മ്മം ? അദ്ധ്യാത്മം എന്നു പറയുന്നത് എന്താണ് ? അധിഭൂതവും അധിദൈവവും എന്താണ് ? എനിക്കു മനസ്സിലാകത്തക്കവണ്ണം വ്യക്തമായി വിശദീകരിച്ചുതന്നാലും.
പ്രഭോ, അനുമാനത്തിന്റെ പരിധിയില്‍ വരാത്തവണ്ണം അധിയജ്ഞഭാവേന ശരീരത്തിലുള്ളത് എന്താണ് ? അല്ലയോ കൃഷ്ണാ! മരണസമയത്ത് ഒരു യോഗി എങ്ങനെയാണ് അങ്ങയെ അറിയുന്നതെന്ന് എനിക്കു പറഞ്ഞുതന്നാലും.
ചിന്താമണികൊണ്ടു നിര്‍മ്മിക്കപ്പെട്ട ഒരു വീട്ടില്‍ കിടന്നുറങ്ങുന്ന ഭാഗ്യശാലിയായ ഒരുവന്‍ സ്വപ്നത്തില്‍ പറയുന്ന വാക്കുകള്‍പോലും നിരര്‍ത്ഥകമായി പോവുകയില്ല. അതുപോലെ, അര്‍ജ്ജുനന്‍ ഇത്രയും പറഞ്ഞപ്പോഴേക്കും ഭഗവാന്‍ കൃഷ്ണന്‍ പ്രതിവചിച്ചു:
ഞാന്‍ പറയുന്ന മറുപടി ശ്രദ്ധിച്ചു കേല്‍ക്കുക.
ജ്ഞാനേശ്വരന്‍ പറയുകയാണ്:
അര്‍ജ്ജുനന്‍, എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന കല്പതരുക്കളുടെ ശീതളഛായയില്‍ വിശ്രമിക്കുന്നു. എന്തും നല്‍കുന്ന കാമധേനുവിന്റെ കിടാവാണവന്‍ . അപ്പോള്‍ പിന്നെ അവന്റെ ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ എന്താണ് ആശ്ചര്യം? ഭഗവാന്‍ കൃഷ്ണന്‍ കോപംകൊണ്ട് ഒരുവനെ നിഗ്രഹിച്ചാല്‍പോലും അവനു മുക്തി ലഭിക്കുന്നു. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ ഉപദേശംകൊണ്ട് അനുഗൃഹീതനാകുന്ന ഒരുവന് എന്തുതന്നെ ലഭിക്കുകയില്ല? ഭഗവാനുമായി ഒരുവന്‍ സാത്മ്യം പ്രാപിക്കുമ്പോള്‍ അദ്ദേഹം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു. അപ്പോള്‍ അവന്റെ സങ്കല്പങ്ങളുടെ അങ്കണത്തില്‍ അഷ്ടസിദ്ധികളും അവനെ സേവിക്കാന്‍ തയ്യാറായി കാത്തുനില്‍ക്കുന്നു. അര്‍ജ്ജുനന് ഭഗവാനോട് അനന്യമായ ഭക്തിയാണുള്ളത്. അതുകൊണ്ട് അവന്റെ ഇച്ഛ സഫലമാകുന്നു.
അര്‍ജ്ജുനന്റെ വിചാരങ്ങള്‍ എന്തായിരിക്കുമെന്നു മനസ്സിലാക്കിയ ഭഗവാന്‍ അതിനുള്ള മറുപടിയാകുന്ന വിഭവങ്ങള്‍ ഒരു തളികയില്‍ തയ്യാറാക്കിവെച്ചു. തന്റെ വാത്സല്യനിധിയായ ശിശുവിനു മുലകുടിക്കേണ്ട സമയം എപ്പോഴാണെന്ന് ഒരു മാതാവിനു നൈസര്‍ഗ്ഗികമായി അറിയാം. അതുപോലെ കാരുണ്യവാനായ ഗുരുവിനു തന്റെ ശിഷ്യനോട് അഗാധമായ വാത്സല്യം ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഭഗവാന്‍ പറഞ്ഞത് എന്താണെന്നു ശ്രദ്ധിക്കുക.