ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം
ശ്ലോകം 10
അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം
ഭീഷ്മരാല്‍ രക്ഷിക്കപ്പെടുന്ന നമ്മുടെ സൈന്യം അളവറ്റതാണ്. ഭീമനാല്‍ രക്ഷിക്കപ്പെടുന്ന അവരുടെ സൈന്യമാകട്ടെ പരിമിതവും ആകുന്നു.
നാം സേനാനായകനായി ഭാരമേല്‍പ്പിക്കുന്നത് ഭീഷ്മരെയാണ്. അദ്ദേഹം യുദ്ധവിദദ്ധന്മാരുടെ മുന്‍നിരയില്‍ നില്ക്കുന്ന വിശ്വജിത്താണ്. അദ്ദേഹത്തിന്റെ ശക്തിപ്രഭാവങ്ങള്‍കൊണ്ട് പിന്താങ്ങപ്പെടുന്ന നമ്മുടെ സേന ഒരു പെരുങ്കോട്ടപോലെ കാണപ്പെടുന്നു. അതിന്റെ മുന്നില്‍ മൂന്നു ലോകങ്ങള്‍പോലും ദുര്‍ബ്ബലമാണ്. അഗമ്യമായ ആഴിക്ക് ബഡവാനിലന്റെ സഹായം ലഭിക്കുന്നതുപോലെ, ലോക സംഹാരത്തിനുള്ള അഗ്നിയെ കൊടുങ്കാറ്റ് തുണക്കുന്നതുപോലെ, നമ്മുടെ സൈന്യത്തെ നയിക്കുന്നത് അജയ്യനായ ഗംഗാസുതന്‍ ഭീഷ്മരാണ്. അങ്ങനെയുള്ള ഈ സൈന്യത്തെ എതിരിടാന്‍ ആര്‍ക്കാണ് കഴിയുക? നമ്മുടെ സൈന്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാണ്ഡവസൈന്യം നിസ്സാരമായി തോന്നുന്നു. ഇതൊക്കെയാണെങ്കിലും ശക്തനായ ഭീമസേനനാണ് പാണ്ഡവസേനയുടെ പടനായകന്‍.
ഇത്രയും പറഞ്ഞിട്ട് ദുര്യോധനന്‍ നിശബ്ദനായി നിന്നു.