അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ മഹാത്മാക്കള്‍ അവതരിക്കുന്നത്. കേരളം ജാതിപ്പിശാചിന്റെ ബാധനിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചുമാറ്റാന്‍ ശ്രീനാരായണഗുരു അവതരിച്ചത്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരു രചിച്ച ‘ജാതിനിര്‍ണ്ണയം’ എന്ന കൃതി ചിന്താശക്തിയുള്ള ഏതൊരു വ്യക്തിയെയും ജാതിപ്പിശാചിന്റെ ബാധയില്‍ നിന്നും വിമുക്തനാക്കുകയും തുടര്‍ന്ന് പരമപുരുഷാര്‍ത്ഥമായ ആത്മാനുഭവത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
ജാതിനിഷേധത്തിന്റെ ശാസ്ത്രീയമായ പൊരുള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഈ കൃതിയില്‍ തത്ത്വദര്‍ശനത്തില്‍ രൂപംകൊണ്ട ശാസ്ത്രചിന്തയുടെ ഉജജ്വല രൂപം കാണാം. ജാതിയുണ്ടെങ്കില്‍ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ കൃതിയില്‍ നിന്നും നിസ്സംശയമായ മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാള്‍ക്ക് ജാതിപിശാചിന്റെ പിടിയില്‍ നിന്നും രക്ഷ കിട്ടും എന്നത് തീര്‍ച്ചയാണ്. മനുഷ്യരുടെ ഇടയില്‍ ജാതിയൊന്നൊന്നില്ലെന്നു യുക്തിയുക്തം തെളിയിക്കാനാണ് ഗുരുദേവന്‍ ചെറുതെങ്കിലും ചിന്തോദ്ദീപകമായ ജാതിനിര്‍ണ്ണയം എന്ന ഈ കവിത രചിച്ചത്. ഈ ചെറുകൃതി നമ്മുടെ സംസ്കാരിക മണ്ഡലത്തിന് ഒരു കെടാവിളക്കായി എന്നും വിളങ്ങും.
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
ജീവികളെ മനുഷ്യര്‍ , മൃഗങ്ങള്‍ , പക്ഷികള്‍ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേര്‍തിരിച്ചാല്‍ തര്‍ക്കശാസ്ത്ര പ്രസിദ്ധങ്ങളായ മനുഷ്യത്വാദി ജാതികളുണ്ടാവാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേര്‍തിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ആദ്യമായി വെളിപ്പെടുത്തുന്നത്.
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.
യഥാ – എപ്രകാരമാണോ; ഗവാം – പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്, ഗോത്വം – ഗോവിന്റെ ഭാവം എന്ന അര്‍ത്ഥത്തിലുള്ള ഗോത്വം, ജാതി – ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ; മനുഷ്യാണാം – മനുഷ്യര്‍ക്ക്; മനുഷ്യത്വം – മനുഷ്യത്വമെന്നത്; ജാതി – ജാതിയായി ഗണിക്കാവുന്നതാണ്. അസ്യ – മനുഷ്യന്; ബ്രാഹ്മണാദി – ജനനം കൊണ്ടു കുട്ടുന്നതായി കരുതപ്പെടുന്ന ബ്രഹ്മണാദി ജാതി; ഏവം ന – ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല; ഹാ – കഷ്ടം; കഃ അപി – ആരും തന്നെ; തത്ത്വം ന വേത്തി – യഥാര്‍ത്ഥ്യമെന്തെന്നറിയുന്നതേയില്ല.
എപ്രകാരമാണോ പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോവിന്റെ ഭാവം എന്ന അര്‍ത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമെന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരുംതന്നെ യാഥാര്‍ത്ഥ്യമെന്തെന്നറിയുന്നില്ല.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.
[ കടപ്പാട് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ വ്യാഖ്യാനം. ശ്രീനാരായണഗുരുവിന്റെ കൃതികള്‍, ജീവചരിത്രം, കൃതികളുടെ വ്യാഖ്യാനങ്ങള്‍, സത്സംഗപ്രഭാഷണങ്ങള്‍ എന്നിവയ്ക്ക് ശ്രേയസ് സന്ദര്‍ശിക്കുക : https://sreyas.in/narayanaguru ]