ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 14

അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പര്‍ത്ഥ!
നിത്യയുക്തസ്യ യോഗിനഃ

ശ്ലോകം 15
മാമുപേത്യ പുനര്‍ജന്മ
ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ
സംസിദ്ധിം പരമാം ഗതാഃ

അല്ലയോ അര്‍ജ്ജുന, അന്യവിഷയത്തില്‍ ചിന്തയില്ലാത്തവനായി യാതൊരുവന്‍ പ്രതിദിനം എപ്പോഴും എന്നെ സ്മരിക്കുന്നുവോ, അപ്രകാരമുള്ള സ്ഥിരമായ മനസ്സോടുകൂടിയ യോഗിക്കു ഞാന്‍ പ്രയാസംകൂടാതെ പ്രാപിക്കത്തക്കവനാകുന്നു. ശ്രേഷ്ഠമായ മോക്ഷത്തെ പ്രാപിച്ച യോഗികള്‍ എന്നെ പ്രാപിച്ചാല്‍ പിന്നെ ദുഃഖങ്ങള്‍ക്കിരിപ്പിടവും അനിത്യവുമായ, തുടര്‍ന്നുള്ള ജനനത്തെ പ്രാപിക്കാനിടവരുന്നില്ല.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും ഐഹികസുഖങ്ങളെ ത്യജിക്കുകയും ചെയ്തിട്ടുള്ളവര്‍ എന്നെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ആനന്ദം അനുഭവിക്കുന്നു. തദവസരത്തില്‍ വിശപ്പും ദാഹവും പോലും അനുഭവിക്കപ്പെടാതെ അവര്‍ക്ക് അവരുടെ കണ്ണുകളില്‍ പെടുന്ന വസ്തുക്കള്‍ പിന്നെ എങ്ങനെയാണ് ആകര്‍ഷണങ്ങളാവുക? അപ്രകാരം ഞാനുമായി താദാത്മ്യം പ്രാപിക്കുകയും എന്നില്‍ തന്നെ സമ്പൂര്‍ണ്ണമായി അധിവസിക്കുകയും ചെയ്യുന്ന അവര്‍ക്ക് മരണ വേളയില്‍ കടാക്ഷം ലഭിക്കുന്നതിനു പ്രത്യേകമായി എന്നെ സ്മരിക്കേണ്ട ആവശ്യമുണ്ടോ? അങ്ങനെയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ എന്നെ സേവിക്കുകയും ആരാധിക്കുകയും ചെയ്തതിന് എന്തു പ്രയോജനമാണുള്ളത്? പീഢിതനായ സാധാരണ മനുഷ്യന്‍ പോലും ‘ അല്ലയോ ദൈവമേ’ എന്നു ദീനമായി പരിതപിക്കുമ്പോള്‍ ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ ഓടിയെത്താറില്ലേ? ഇതേ പരിഗണനയാണു ജീവിതകാലം മുഴുവന്‍ എന്റെ ഭക്തന്മാരായി കഴിയുന്നവര്‍ക്കും ഞാന്‍ നല്‍കുന്നതെങ്കില്‍, പിന്നെ എന്നെ സ്ഥിരമായി എല്ലായ്പോഴും ഭജിക്കുന്നതിനുള്ള ഔജിക്കുന്നതിനുള്ള ഔത്സുക്യം ആര്‍ക്കാണുണ്ടാവുക? അതുകൊണ്ട്, അല്ലയോ പാര്‍ത്ഥ, നിന്റെ മനസ്സില്‍ ഇതെപ്പറ്റി അല്പംപോലും സംശയം ഉണ്ടാവരുത്. എന്റെ ഭക്തന്‍ന്മാരോട് എനിക്കുള്ള കടപ്പാട് വളരെ വലുതാണ്. അവരെ എല്ലാവിധത്തിലുള്ള കഷ്ടപ്പാടുകളില്‍ നിന്നും മോചിപ്പിക്കാന്‍ ഞാന്‍ സദാ ജാഗരൂകനുമാണ്. ശരീരത്തില്‍നിന്നു പിരിഞ്ഞുപോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിരഹതാപം അനുഭവിക്കാതിരിക്കായി ആത്മജ്ഞാനത്തിന്റെ അറയില്‍ ഞാന്‍ അവര്‍ക്ക് അഭയം നല്‍കുന്നു. അവരുടെ മനസ്സ് എപ്പോഴും എന്നില്‍തന്നെ ഏകാഗ്രമായി നില്‍ക്കുന്നതിനു വേണ്ടി എന്റെ സ്മരണയുടെ ശാന്തവും ഗീതവുമായ തണലില്‍ ഞാന്‍ അവരെ പോറ്റുന്നു. ഇപ്രകാരം, മരണത്തിന്റെ യാതൊരു ദുരവസ്ഥയും അനുഭവിക്കാന്‍ ഇടയാകാതെ എന്റെ ഭക്തന്മാരെ ഭദ്രമായും നിരാമയമായും ഞാനും എന്റെ ശാശ്വതരൂപത്തോടു ചേര്‍ക്കുന്നു.

എന്റെ ഭക്തന്‍ന്മാരുടെ ബാഹ്യമായ ശരീരം ഉപേക്ഷിക്കപ്പെടുകയും അവരുടെ അഹംഭാവം നശിക്കുകയും ചെയ്തുകഴിഞ്ഞാല്‍ , പിന്നെ പരിശുദ്ധമായ ആഗ്രഹങ്ങളോടുകൂടിമാത്രം അവര്‍ ഞാനുമായി ഐക്യം പ്രാപിക്കുന്നു. അവര്‍ക്കു ദേഹവുമായി യാതൊരു ബന്ധവും തോന്നാത്തതു കൊണ്ട്, അതുമായുള്ള വേര്‍പാട് അവരെ ദുഖിപ്പിക്കുന്നില്ല. ജലത്തില്‍ പ്രതിബിബിക്കുന്ന ചന്ദ്രകിരണങ്ങള്‍ ചന്ദ്രനില്‍തന്നെ നിലനില്‍ക്കുന്നവയാകുന്നു. അതുപോലെ, എന്റെ ഭക്തന്മാര്‍ ജീവനോടുകൂടി ഇരിക്കുമ്പോള്‍ അവരില്‍ കാണുന്ന ജീവിതം, പരമാത്മസ്വരൂപത്തിന്റെ പ്രതിഫലനം മാത്രമാണ്. ആകയാല്‍ യോഗത്തില്‍ സതതം നിര്‍ലീനമായിരിക്കുന്നവര്‍ക്കു നിഷ്പ്രയാസം എന്നെ പ്രാപിക്കാന്‍ കഴിയും. മരണശേഷം അവര്‍ ഞാനുമായി ഒന്നുചേരുന്നു. നിത്യമായ ആവാസസ്ഥാനത്ത് എത്തിച്ചേര്‍ന്ന അവര്‍ പിന്നീടൊരിക്കലും ദേഹജീവികളായിതിരിച്ചു പോവുകയില്ല.

അല്ലയോ പാര്‍ത്ഥ! കഷ്ടപ്പാടുകളാകുന്ന വൃക്ഷങ്ങള്‍ വളരുന്ന ഒരു തോട്ടമാണ് ഈ ശരീരം. അതു താപത്രയങ്ങളാകുന്ന തീക്കനല്‍ നിറഞ്ഞ ഒരടുപ്പാണ്. മരണമാകുന്ന കാകനു നല്‍കുന്നു നൈവേദ്യമാണ്. അതു മരണഭയത്തെ അധികരിക്കുന്നതിന് ഇടയാക്കാത്തക്കവണ്ണം നിര്‍ഭാഗ്യത്തെ പരിപോക്ഷിപ്പിക്കുന്നു ദേഹം എല്ലാവിധ ജീവിതദുഃഖങ്ങളുടെയും ഒരു കലവറയാണ്. അതു ക്ഷുദ്രമായ ചിന്തകളുടെ സ്രോതസ്സാണ്. അധാര്‍മികമായ പ്രവര്‍ത്തനങ്ങളുടെ പക്വമാര്‍ന്ന കനിയാണ്. വ്യാമോഹത്തിന്റെ മൂര്‍ത്തിഭാവമാണ്. ദുരിതത്തിന്റെയും ഐഹികജീവിതത്തിന്റെയും അധിവാസസ്ഥാനമാണ്. കാമവും ക്രോധവും അതില്‍ തഴച്ചുവളരുന്നു. അത് എല്ലാവിധരോഗങ്ങള്‍ക്കും നല്‍ക്കുന്ന ആഹാരമാണ്. മരണത്തിനര്‍പ്പിക്കുന്ന ആഹാരശേഷിപ്പാണ്. വഞ്ചനയുടെ ശേഖരവും വികല്പത്തിന്റെ പ്രവാഹവും മതിഭ്രമത്തിന്റെ ഭ്രാന്തിയും നിറഞ്ഞ അത്, ആഗ്രഹങ്ങളുടെ ജഡരൂപമാണ്. ജനനമരണങ്ങളുടെ പെരുവഴിയാണ്. ഉള്ളറയില്‍ തേളുകളെക്കൊണ്ടു നിറഞ്ഞ അത് വ്യാഘ്രങ്ങളുടെ ഗഹ്വരമാണ്. വ്യഭിചാരിണികളുടെ ഉത്തമസുഹ്യത്തും ഇന്ദ്രിയ സുഖഭോഗങ്ങളുടെ ഉപകരണവുമാണ്. അതു ഒരുദുര്‍മന്ത്രവാദിനിയുടെ ഭൂതാനുകമ്പ പോലെയോ, വിഷത്തിന്റെ ശീതളപാനീയം പോലെയോ, കപടനാട്യക്കാരായ കള്ളന്മാരില്‍ അര്‍പ്പിക്കുന്ന വിശ്വാസം പോലെയോ ആണ്. അത് ഒരു കുഷ്ഠരോഗിയുടെ ആശ്ലേഷംപോലെയോ, മാരകമായ സര്‍പ്പത്തിനു പുറമെ കാണുന്ന മൃദുത്വം പോലെയോ, പക്ഷികളെയും മൃഗങ്ങളെയും വലയിലാക്കുന്ന വേടന്റെ വശ്യസംഗീതം പോലെയോ ആണ്. അത് മനുഷ്യര്‍ ബാഹ്യമായി പ്രകടിപ്പിക്കുന്ന ആദരവുപോലെയോ ആണ്. ചുരുക്കിപ്പറഞ്ഞാല്‍ ദേഹം എല്ലാ ദുരന്തങ്ങളുടേയും ഒരു ദുഃഖാര്‍ണ്ണവമാണ്. അത് നിദ്രയില്‍ കാണുന്ന സ്വപ്നം പോലെയോ, മരീചികയില്‍ വളര്‍ന്ന നിബിഡവനംപോലെയോ, ധൂമപടലംകൊണ്ട് ഉണ്ടാക്കപ്പെട്ട ആകാശം പോലെയോ ഉള്ള അയഥാര്‍ത്ഥ വസ്തുവാണ്. എന്റെ അമേയമായസ്വരൂപവുമായി ഐക്യം പ്രപിക്കുന്നവര്‍ക്ക്, ഇനിയും ഒരു ജന്മം എടുത്ത് അപ്രകാരമുള്ള ഒരു ശരീരത്തില്‍ ജീവിക്കാന്‍ ഇടയാവുകയില്ല.