ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 16

ആബ്രഹ്മഭുവനാല്ലോകാഃ
പുനരാവര്‍ത്തിനോഽര്‍ജ്ജുന
മാമുപേത്യ തു കൗന്തേയ
പുനര്‍ജന്മ ന വിദ്യതേ

അല്ലയോ അര്‍ജുനാ! ബ്രഹ്മലോകം ഉള്‍പ്പെടെയുള്ള സകലലോകങ്ങളും പുനര്‍ജ്ജന്മത്തെ പ്രാപിക്കുന്നവയാകുന്നു. അല്ലയോ കുന്തീപുത്ര! എന്നാല്‍ എന്നെ പ്രാപിക്കുന്നവര്‍ക്ക് പുനര്‍ജ്ജന്മമുണ്ടാകുന്നതല്ല.

ശ്രേഷ്ഠനായ ബ്രഹ്മാവിനു പോലും ജനനമരണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സാധ്യമല്ല. അപ്പോള്‍ പിന്നെ ആ ബ്രഹ്മാത്മാവുമായി ഐക്യം പ്രാപിച്ചവന്റെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരും ജനനമരണങ്ങളുടെ പാതയില്‍ കൂടി സഞ്ചരിച്ചേമതിയാകൂ. എന്നാല്‍ മരണമടഞ്ഞവന്‍ വയറുവേദന അനുഭവിക്കാന്‍ ഇടയാകാത്തതുപോലെ, ഉറക്കമുണര്‍ന്നവന്‍ ഉറക്കത്തില്‍ കണ്ട സ്വപ്നത്തിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിക്കാത്തപോലെ, എന്നെ പ്രാപിച്ചവന്‍ ജനനമരണങ്ങളുടെ പരിവൃത്തി ഒരിക്കലും അനുഭവിക്കാന്‍ ഇടയാവുകയില്ല.

യഥാര്‍ത്ഥത്തില്‍ നാമരൂപങ്ങളുള്ള സകല പ്രപഞ്ചത്തിന്റേയും ശിരസ്സിന്റെ സ്ഥാനമാണ് ബ്രഹ്മലോകത്തിനുള്ളത്. അതു ശാശ്വതമായഎല്ലാറ്റിന്റെയും അടിത്തറയാണ്. ത്രൈലോക്യമാകുന്ന ഉന്നതപര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന ശിഖരമാണ്. അവിടെ ബ്രഹ്മദേവന്റെ ഒരു ദിവസത്തിന്റെ ചെറിയ ഭാഗം മാത്രമേ ഇന്ദ്രന്റെ ആയുസ്സ് നിലനില്‍ക്കുകയുള്ളു. ഒരു ദിവസത്തില്‍ മൊത്തം പതിന്നാല് ഇന്ദ്രന്മാരാണ് അവിടെ വരുകയും പോകുകയും ചെയ്യുന്നത്.