ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 18

അവ്യക്താത് വ്യക്തയഃ സര്‍വ്വാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ.

ശ്ലോകം 19

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേഽവശഃ പാര്‍ത്ഥ
പ്രഭവത്യഹാരാഗമേ.

ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുന്നതോടെ പ്രകൃതിയുടെ അവ്യക്തസ്ഥിതിയില്‍ നിന്നും എല്ലാ പ്രപഞ്ചനാമരൂപങ്ങളും ഒന്നൊന്നായി ആവിര്‍ഭവിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി ആരംഭിക്കുന്നതോടെ ആ അവ്യക്തസ്ഥിതിയില്‍തന്നെ ഒന്നൊന്നായി വീണ്ടും ലയിക്കുകയും ചെയ്യുന്നു.

അല്ലയോ അര്‍ജുന, മുമ്പുണ്ടായിരുന്ന പ്രാണിസമൂഹം തന്നെ പിന്നെയും പിന്നെയും ജനിച്ച് രാത്രിയുടെ ആരംഭത്തില്‍ ലയത്തെ പ്രാപിക്കുന്നു. പിന്നെയും പകല്‍ ആരംഭിക്കുമ്പോള്‍ അതു കര്‍മ്മവശാല്‍ പരാധീനമായിട്ടു ജനനത്തെ പ്രാപിക്കുന്നു- സകലപ്രപഞ്ചങ്ങളും പ്രളയകാലത്തു സൂക്ഷ്മമാവസ്ഥയെ പ്രാപിക്കുകയും സൃഷ്ടികാലത്തു സ്ഥൂലാവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നുവെന്നര്‍ത്ഥം.

ബ്രഹ്മാവിന്റെ ഒരു പകല്‍ ഉദിക്കുമ്പോള്‍ അവ്യക്തസ്ഥിതിയിലിരിക്കുന്ന പ്രകൃതിയില്‍ നിന്നും എല്ലാ പ്രപഞ്ചരൂപനാമങ്ങളും ഓന്നൊന്നായി ആവിര്‍ഭവിക്കുന്നു. പകല്‍ കഴിയുമ്പോള്‍, പ്രകടിതമാക്കപ്പെട്ട സൃഷ്ടിയാകുന്ന സാഗരം വറ്റി വരളുന്നു. വീണ്ടും ഉദയത്തില്‍ അതു രൂപം കൊള്ളുന്നു. ശരല്‍ക്കാലത്തിന്റെ ആവിര്‍ഭാവത്തോടെ കാര്‍മുകില്‍ വാനില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഗ്രീഷ്മകാലത്തിന്റെ അവസാനത്തോടെ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതുപോലെ ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ ഈ പ്രപഞ്ചം നിലവില്‍ വരുകയും നാലായിരം യുഗങ്ങളുടെ അവസാനം വരെ നിലനില്‍ക്കുകയും ചെയ്യുന്നു. ഞാന്‍ ഇതെല്ലാം നിന്നോടു പറയുന്നതിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്‍പത്തിയും ക്ഷയവും ബ്രഹ്മലോകത്തിലെ ഒരു പകലും രാത്രിയുമായിട്ടാണ് നടക്കുന്നതെന്നു നിന്നെ അറിയിക്കാനാണ്. നോക്കുക, എത്രമഹത്തരമാണ് അതിന്റെ പരിമണം. സൃഷ്ടിക്കപ്പെട്ട ലോകങ്ങളത്രയും ബ്രഹ്മപുരിയെ ചൂഴ്ന്നു നില്‍ക്കുന്നവയാണ്. എന്നാല്‍ ജനനമരണചക്രത്തിന്റെ അത്യുന്നത ശൃംഗവുമാണ്. അല്ലയോ അര്‍ജുന, പകല്‍ ആരംഭിക്കുമ്പോള്‍ ഈ പ്രപഞ്ചം വികസിക്കാന്‍ തുടങ്ങുകയും രാത്രിയാകുന്നതോടെ അതിന്റെ പൂര്‍വാവസ്ഥയിലേക്കു മടങ്ങിപ്പോവുകയും ചെയ്യുന്നു. വൃക്ഷം വിത്തിനുള്ളില്‍അന്തര്‍ഹിതമായി ഇരിക്കുന്നതുപോലെയോ, കാര്‍മേഘം വാനത്തില്‍ ലയിച്ചുചേരുന്നപോലെയോ, നാനാത്വം ഏകത്വത്തില്‍ മുഴുകി ഐക്യം പ്രാപിക്കുന്ന അവസ്ഥയാണ് സമത്വം.