ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 21

അവ്യക്തോഽ ക്ഷര ഇത്യുക്തഃ
തമാഹൂഃപരമാം ഗതിം
യം പ്രാപ്യ ന നിവര്‍ത്തന്തേ
തദ്ധാമ പരമം മമ

ശ്ലോകം 22

പരുഷഃ സ പരഃ പാര്‍ത്ഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃസ്ഥാനി ഭൂതാനി
യേന സര്‍വ്വമിദം തതം.

അതീന്ദ്രീയമെന്നും നാശരഹിതമെന്നും പറയപ്പെട്ടിരിക്കുന്ന ഈ ഭാവംതന്നെയാണ് പരമപുരുഷാര്‍ത്ഥമായിട്ടുള്ളതെന്ന് വേദങ്ങള്‍ പറയുന്നു. അതിനെ പ്രാപിച്ചാല്‍ പിന്നെ തിരിച്ചുവരവില്ല. അതത്രേ എന്റെ പരമമായ ധാമം. അല്ലയോ പാര്‍ത്ഥാ! കാരണഭൂതനായിരിക്കുന്ന യാതൊരുവന്റെ ഉള്ളില്‍ സകലപ്രാണികളും സ്ഥിതിചെയ്യുന്നവോ, അങ്ങനെയിരിക്കുന്ന പരമപുരുഷന്‍ അനന്യമായ ഭക്തികൊണ്ടുമാത്രം പ്രാപിക്കത്തക്കവനാകുന്നു.

അവ്യക്തമെന്നോ അപ്രകടിതമെന്നോ അതിനെ വിളിക്കാമെങ്കിലും അതു തികച്ചും അനനുരൂപമായ ഒരു പേരല്ല. എന്തു കൊണ്ടെന്നാല്‍ അതു ബോധശക്തിക്കും യുക്തിവിചാരത്തിനും പ്രാപിക്കാന്‍ കഴിയുന്നതിന്റെ പരിധിക്കുമപ്പുറത്താണ്. അതു രൂപം കൈക്കൊള്ളുമെങ്കിലും അരൂപമായ അതിന്റെ സ്വഭാവം നഷ്ടപ്പെടുന്നില്ല. അതിന്റെ രൂപം ഇല്ലാതാകുമ്പോഴും അത് അതിന്റെ ആദ്യന്തവിഹീനത്വത്തെ ബാധിക്കുന്നില്ല. അതുകൊണ്ട് അതിന്റെ സാരം അനായാസേന ഗ്രഹിക്കാന്‍ കഴിയുന്ന, യഥാര്‍ത്ഥനാമമായ ‘അക്ഷരം’ എന്ന് അതിനെ വിളിക്കുന്നു. അതിനപ്പുറമായി മറ്റു യാതൊന്നുമില്ല. അതുമനുഷ്യന്റെ അവസാനത്തെ ലക്ഷ്യമായ പരമപദമാണ്. അതു ജീവിതാവസാനം വരെ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. എന്നാല്‍ നിദ്രയിലെന്നപോലെ ആയതുകൊണ്ട് അതു സ്വയമായോ മറ്റുള്ളവരെക്കൊണ്ടോ എന്തെങ്കിലും ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അനുസ്യുതം നടക്കുന്നു. ഇന്ദ്രിയങ്ങള്‍ യഥേഷ്ടം അവയുടെ പ്രവര്‍ത്തനം തുടരുന്നു. തുറന്ന് വെയ്ക്കപ്പെട്ട ഇന്ദ്രിയങ്ങളുടെ അങ്ങാടിയില്‍ മനസ്സ് ഒരു വില്പനകേന്ദ്രമായി സുഖദുഃഖങ്ങളുടെ വ്യാപാരം നടത്തുന്നു. രാജാവ് സ്വസ്ഥമായിട്ടിരിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും പ്രജകള്‍ അവരവരുടെ ആഗ്രഹാനുസാരമുള്ള തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നു. പ്രഭാകരന്‍ പ്രസരിപ്പിക്കാതെ തന്നെ ജനങ്ങള്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതുപോലെ പരമാത്മാവ് പ്രവര്‍ത്തിപ്പിക്കാതെ തന്നെ ബുദ്ധിയും മനസ്സും ഇന്ദ്രിയങ്ങളും പ്രാണവായുവും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്തുന്നു. ശരീരരൂപത്തിലുള്ള പുരത്തില്‍ വസിച്ചു വിശ്രമിക്കുന്നതു കൊണ്ട് ആത്മാവിനെ പുരുഷന്‍ എന്നുവിളിക്കുന്നു. കൂടാതെ പ്രകൃതി-മായ തന്റെ വിശ്വസ്തയായ പത്നിയായിരിക്കുന്നതുകൊണ്ടും പരമാത്മാവിനെ പുരുഷന്‍ എന്നു വിളിക്കുന്നു. ത്രികാലജ്ഞാനമുള്ള വേദങ്ങള്‍ക്കും ആത്മാവിനറെ അധിവാസസ്ഥാനത്തിന്റെ പ്രാദേശങ്ങളില്‍ പോലും എത്താന്‍ കഴിയുകയില്ല. അനന്തമായ ആകാശം ആത്മാവിന്റെ മഹത്ത്വത്തിന്റെ മേലങ്കിമാത്രമാണ് അതുകൊണ്ട് എല്ലാ സമ്പൂര്‍ണ്ണതയ്ക്കും അതീതമായി യോഗികള്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. എന്നിട്ടും നിരതിശയമായ ഈ ദിവ്യസത്ത് തന്റെ ഭക്തനെ ദര്‍ശിക്കാനായി വരുകയും അവന്റെ എളിയ പാര്‍പ്പിടത്തില്‍ അവനെ സന്ധിക്കുകയും ചെയ്യുന്നു. മനസ്സും ശരീരവും വാക്കും ഹൃദയംഗമമായി സര്‍വേശ്വരനു സമര്‍പ്പിക്കപ്പെട്ട ഒരു ഭക്തന്, അവന്റെ അനന്യമായ ഭക്തിക്കു പാരിതോഷികമായി ലഭിക്കുന്നത്, സമൃദ്ധിയുടെ പൂങ്കാവനമായ സര്‍വേശ്വരനെത്തന്നെയാണ്. പ്രപഞ്ചം മുഴുവനും പുരുഷോത്തമന്റെ രൂപമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒഒരു വിശ്വാസിക്ക്, അവന്‍ അഭയ സ്ഥാനമാണ്. അവര്‍ വിനീതന്റെ കുലീനത്വമാണ്; ഗുണാതീതന്റെ ജ്ഞാമാണ്; നിസ്പൃഹരുടെ സാമ്രാജ്യത്തിലെ ആനന്ദമാണ്; സംതൃപ്തര്‍ക്കു വിളമ്പുന്ന ഭക്ഷണമാണ്; പരമോന്നതസ്ഥാനത്ത് എത്തുന്നതിനുള്ള ഭക്തിയുടെ രാജവീഥിയാണ്. അല്ലയോ അര്‍ജുനാ, ഇതെല്ലാം കൂടുതലായി വിശദീകരിച്ച് എന്റെ സമയം വ്യര്‍ത്ഥമാക്കുന്നത് എന്തിനാണ്?

ആത്മാവ് പരബ്രഹ്മത്തിലെത്തിചേരുമ്പോള്‍ അതു പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നു. ചൂടുവെള്ളം ശീതസമീരണനേറ്റു ശീതളമാകുന്നതുപോലെയോ, സൂര്യന്‍ ഉദിക്കുമ്പോള്‍ തമസ്സ് പ്രകാശമാകുന്നതുപോലെയോ, ഒരുവന്‍ ബ്രഹ്മസ്ഥാനത്ത് എത്തുമ്പോള്‍ അവന്റെ പ്രാപഞ്ചികമായ അസ്തിത്വംതന്നെ മോചനമായി മാറുന്നു. അഗ്നിയിലിടുന്ന വിറക് അഗ്നിയായി മാറുന്നു. പിന്നീട് അതിനെ തടിയായി തിരിച്ചറിയാന്‍ കഴിയുന്നില്ല. പഞ്ചസാരയെ കരിമ്പാക്കി മാറ്റാന്‍ സാധ്യമല്ല. പരശുമണി ഇരുമ്പിനെ സ്വര്‍ണ്ണമാക്കി മാറ്റുന്നു. മറ്റൊരു പദാര്‍ത്ഥത്തിനും അതിനെ വീണ്ടും ഇരുമ്പാക്കി മാറ്റാന്‍ കഴിയുകയില്ല. നെയ് വീണ്ടും പാലായി മാറുകയില്ല. ഇപ്രകാരം, പരമാത്മാവുമായി ഐക്യം പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചുവരവുണ്ടാവില്ല. എന്റെ അത്യുന്നതമായ ആവാസസ്ഥാനം അതാണ്. മറഞ്ഞിരിക്കുന്ന ഈ രഹസ്യം ഞാന്‍ഇപ്പോള്‍ നിനക്കു വെളിപ്പെടുത്തിത്തരിക്കുന്നു.