ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 25
ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്‍മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിര്‍
യോഗീ പ്രാപ്യ നിവര്‍ത്തതേ
ധൂമത്തേയും രാത്രിയേയും കറുത്ത പക്ഷത്തേയും ദക്ഷിണായനമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്ന ദേവതമാരുടെ മാര്‍ഗ്ഗമാണ് ദക്ഷിണായന മാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍ കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള കര്‍മ്മയോഗി ചന്ദ്രപ്രകാശത്തോട് കൂടിയ സ്വര്‍ഗ്ഗലോകത്തെ പ്രാപിച്ച് ദേവന്മാരുമൊത്ത് സ്വര്‍ഗ്ഗസുഖങ്ങള്‍ അനുഭവിച്ചശേഷം വീണ്ടും ഭൂമിയില്‍ വന്നു ജനിക്കുന്നു.
ഒരുവന്‍ ദേഹം വെടിയുന്ന സമയത്ത് വായുവും കഫവും അധികരിക്കയാണെങ്കില്‍ മനസ്സ് അന്ധകാരംകൊണ്ടു മൂടുന്നു. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ നിശ്ചേഷ്ടമാവുകയും ഓര്‍മ്മശക്തിനശിക്കുകയും ചെയ്യുന്നു. ജഠരാഗ്നി അതിന്റെ ജ്വാലയില്ലാതെ വെറും പുകയായി അവശേഷിക്കുന്നു. തന്മൂലം ശരീരത്തിന്റെ ചേതനത്വം അമിഴ്ത്തപ്പെടുന്നു. കറുത്ത കാര്‍മേഘങ്ങളാല്‍ ചന്ദ്രന്‍ മറയ്ക്കപ്പെടുമ്പോള്‍ മങ്ങിയ വെളിച്ചവും നേര്‍ത്ത തമസ്സും അനുഭവപ്പെടുന്നതു പോലെ, അവന്‍ മരിച്ചില്ലെങ്കിലും ഐഹികജീവിതത്തിന്റെ അന്ത്യം പ്രതീക്ഷിച്ചു കൊണ്ടു ചലനമറ്റുകിടക്കുമ്പോള്‍ , മനസ്സും ചിന്താശക്തിയും ഇന്ദ്രിയങ്ങളും ധൂമം ഹേതുവായി മരവിക്കുമ്പോള്‍, ജീവിതകാലത്തെ പ്രയത്നംകൊണ്ടു നേടിയ യോഗത്തിന്റെ നേട്ടങ്ങള്‍ നഷ്ടപ്രായമാകുന്നു. കൈയിലുണ്ടായിരുന്നതു നശിച്ച ഒരുവനു പുതുതായി എന്തെങ്കിലും നേടിയെടുക്കാനുള്ള പ്രതീക്ഷ എങ്ങനെയാണുണ്ടാവുക? ഈ ലോകത്തില്‍ നിന്നു വേര്‍പെടുമ്പോള്‍ അവന്റെ അവസ്ഥ ഇപ്രകാരമാണ്. ഇത് അവന്റെ ആന്തരികസ്ഥിതി ആയിരിക്കുമ്പോള്‍ , പുറമെ സ്ഥിതിചെയ്യുന്നത് രാത്രിസമയവും മാസത്തിലെ കറുത്തപക്ഷവും സൂര്യന്റെ ദക്ഷിണായനത്തിലെ ഒരു മാസവുമാകുന്നു. ഇപ്രകാരം പുനര്‍ജന്മത്തിന് ഇടംനല്‍കുന്ന എല്ലാ വ്യവസ്ഥകളും ഒരുവന്റെ മരണസമയത്തു കോര്‍ത്തു സംയോജിക്കപ്പെടുമ്പോള്‍, എങ്ങനെയാണ് അവന്‍ അക്ഷരവുമായി സാക്ഷാത്കാരം പ്രാപിക്കുക? ഈ സമയത്തു ദേഹം വെടിയുന്ന ഒരു യോഗി ചന്ദ്രമണ്ഡലത്തിലേക്കു പോവുകയും അവിടെനിന്നു മര്‍ത്ത്യലോകത്തിലേക്കു മടങ്ങിവരുകയും ചെയ്യുന്നു. അതുകൊണ്ടാണ് അശുഭകരമെന്നു ഞാന്‍ പറഞ്ഞത്. ധൂമാദിമാര്‍ഗ്ഗം അവംലംബിക്കുന്ന ഒരുവന്‍ വീണ്ടും ജനിക്കുന്നതിനു ഇടയാകുന്നു. ഇതിനു വിപരീതമായ അര്‍ച്ചിരാദി മാര്‍ഗ്ഗം അനായാസവും ഉത്തമവും, സ്വാഭാവികമായും ആനന്ദത്തിനും മോഹത്തിനും മോചനത്തിനും ഉപയുക്തവും ആകുന്നു.