ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 28
വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം.
അത്യേതി തത് സര്‍വ്വമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം.
ഈ തത്ത്വമറിഞ്ഞ യോഗി, വേദങ്ങള്‍, യജ്ഞങ്ങള്‍, തപസ്സുകള്‍, ദാനങ്ങള്‍ എന്നിവകൊണ്ടു സിദ്ധിക്കുന്ന എല്ലാ പുണ്യഫലങ്ങളേയും അനുഭവിച്ചറിഞ്ഞ് അവയ്ക്കൊക്കെ അപ്പുറത്തുള്ള ആനന്ദാനുഭവത്തില്‍ എത്തിച്ചേരുന്നു. പിന്നീട് ആദ്യവും പരമവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു.
വിശദമായി വേദങ്ങള്‍ പഠിക്കുകയും വിപുലമായി യജ്ഞങ്ങള്‍ നടത്തുകയും കൊടിയ തപസ്സുകള്‍ ചെയ്യുകയും ഉദാരമായി ദാനകര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരുവന്‍ എത്രമാത്രം ഐശ്വര്യമോ സമ്പത്തോ നേടിയാലും അവയില്‍നിന്നെല്ലാമായി ലഭിക്കുന്ന ഫലത്തെ ബ്രഹ്മാനുഭവത്തില്‍ നിന്നുണ്ടാകുന്ന പരിശുദ്ധമായ ആനന്ദാനുഭൂതിയുമായി താരതമ്യം ചെയ്യാന്‍ സാധ്യമല്ല. വേദാനുഷ്ഠാനക്രമങ്ങള്‍ കൊണ്ടു സമ്പാദിക്കുന്ന സ്വര്‍ഗ്ഗീയമായ ആനന്ദം ശാശ്വതമായ ആനന്ദവുമായി തുലനംചെയ്യുമ്പോള്‍ കുറവായി തോന്നുകയില്ല. അതു തളരുകയോ അവസാനിക്കുകയോ ചെയ്യാതെ പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്നതുകൊണ്ട്, അതിനു പരമാനന്ദവുമായി ബന്ധമുണ്ടെന്ന് അജ്ഞാനികള്‍ കരുതുന്നു. സ്വര്‍ഗ്ഗാനുഭൂതി, ഇന്ദ്രിയവിഷയകമാണെങ്കിലും, അത് ഈശ്വരേഛയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട്, നൂറ് യജ്ഞങ്ങള്‍ നടത്തിയാലും ആര്‍ജ്ജിക്കുവാന്‍ സാധ്യമല്ല. ശ്രേഷ്ഠനായ യോഗി തന്റെ സൂക്ഷ്മവും അനിതര സാധാരണവുമായ അന്തര്‍ദൃഷ്ടികൊണ്ട് അതിനെ പരമാനന്ദവുമായി തുലനം ചെയ്തുനോക്കുമ്പോള്‍ അതു നിസ്സാരമായി അവര്‍ ദര്‍ശിക്കുന്നു. അപ്പോള്‍ ഈ സ്വര്‍ഗ്ഗീയാനന്ദം, പരബ്രഹ്മത്തിന്റെ പീഠത്തില്‍ കയറിയിരിക്കുന്നതിനുള്ള ചവിട്ടുപടിയായി അവന്‍ ഉപയോഗിക്കുന്നു.
യദുവംശത്തിന് തിലകവും സകലചരാചരങ്ങളുടെ വിഘാതാവും ശങ്കരന്റേയും ബ്രഹ്മദേവന്റേയും ആരാധനാമൂര്‍ത്തിയും യോഗികള്‍ അനുഭവിക്കുന്ന അമൂല്യസമ്പത്തും സകലകലാവല്ലഭനും പരമമായ ആനന്ദത്തിന്റെ മൂര്‍ത്തീഭാവവും അഖിലജഗത്തിന്റേയും ജീവനും ആത്മാവും സര്‍വ്വജ്ഞതയുടെ കാതലും ആയ ഭഗവാന്‍ കൃഷ്ണന്‍ ഇപ്രകാരം അര്‍ജ്ജുനനോടു പറഞ്ഞു.
സജ്ഞയന്‍, കുരുക്ഷേത്രത്തിലെ യുദ്ധക്കളത്തില്‍ നടന്ന ഈ കഥ ധൃതരാഷ്ടരെ വിവരിച്ചു കേള്‍പ്പിച്ചു.
ജ്ഞാനേശ്വരന്‍ പറയുന്നു: ഈ കഥയുടെ ശേഷം ഭാഗം കേള്‍ക്കുക.
ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
അക്ഷരബ്രഹ്മയോഗോ നാമ
അഷ്ടമോ ഽ ദ്ധ്യായഃ
അക്ഷരബ്രഹ്മയോഗം എന്ന
എട്ടാം അദ്ധ്യായം കഴിഞ്ഞു.