ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം

പ്രാരംഭം

ഞാന്‍ പറഞ്ഞതു മുഴുവനും മനസ്സിരുത്തി ശ്രദ്ധിക്കുന്ന ശ്രോതാക്കള്‍ക്ക് അളവറ്റ സുഖം അനുഭവപ്പെടുമെന്ന് ഞാനിതാ ഉറപ്പുനല്‍കുന്നു. ഞാന്‍ വമ്പു പറയുകയല്ല. ആദരണീയരായ എന്റെ ശ്രോതാക്കളോടുള്ള അഗാധമായ സ്നേഹവായ്പുകൊണ്ട് സവിനയം അഭ്യര്‍ത്ഥിക്കുകയാണ്, ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെന്ന്. ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധിച്ചുതരുന്ന മാതാപിതാക്കളെപ്പോലെയാണ്, എനിക്കു നിങ്ങള്‍. നിങ്ങളുടെ കടാഷങ്ങളാകുന്ന ആനന്ദകുസുമങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന നികുഞ്ജത്തിന്റെ ശീതാളച്ഛായയില്‍, കുളുര്‍മ്മയുടെ വരപ്രസാദമേറ്റ് , ക്ലാന്തനായി വിശ്രമിക്കുന്നവനാണു ഞാന്‍. അല്ലയോ മഹാത്മാക്കളേ, നിങ്ങള്‍ അമൃതതുല്യമായ ആനന്ദസരിത്താണ്. ഞാന്‍ അങ്ങേയറ്റം ആഗ്രഹിക്കുന്ന കാരുണ്യത്തിന്റെ നനവ്‌ അതില്‍നിന്ന് എനിക്കു ലഭിക്കുന്നു. നിങ്ങളോട് ഞാന്‍ എന്തെങ്കിലും അപേക്ഷിക്കുന്നതില്‍ എന്തിനു ലജ്ജിക്കണം ? കുഞ്ഞുങ്ങളുടെ കൊഞ്ചുന്ന വര്‍ത്തമാനം കേള്‍ക്കാന്‍ മാതാപിതാക്കള്‍ ഇഷ്ടപ്പെടാറില്ലേ ? കാലിടറിയുള്ള അവരുടെ നടത്തം കൗതുകത്തോടെയല്ലേ അമ്മ നോക്കിനില്‍ക്കുന്നത് ? അതു പോലെ മഹാത്മാക്കളായ നിങ്ങള്‍ സ്നേഹം എനിക്കു പകര്‍ന്നു തന്നാലും. നിങ്ങളെപ്പോലെയുള്ള വിദ്യാസമ്പന്നര്‍ക്ക് എന്നില്‍നിന്ന് നേടാന്‍ എന്താണുള്ളത് ? സരസ്വതീപുത്രനെ എഴുത്തു പഠിപ്പിക്കാന്‍ ഒരുമ്പെടുന്നത് സാഹസമല്ലേ ? എത്ര വലിയ മിന്നാമിനുങ്ങും പ്രഭാകരന്റെ മുന്നില്‍ നിഷ്പ്രഭമല്ലേ ? അമൃത് കൊണ്ടുണ്ടാക്കിയ പാത്രത്തില്‍ അതിനേക്കാള്‍ സ്വാദിഷ്ടമായ എന്തു വിഭവമാണ് വിളമ്പാന്‍ കഴിയുക ? സോമബിംബത്തെ വീശി കുളിര്പകരാനൊരുമ്പെടുന്നത് വിഡ്ഢിത്തമല്ലേ ? സപ്തസ്വരങ്ങളെ സംഗീതം അഭ്യസിപ്പിക്കണോ ? ഭൂഷണത്തെ വീണ്ടും ഭൂഷിതമാക്കേണ്ടതുണ്ടോ ? പരിമളം വാസന തേടി പോകേണ്ടതുണ്ടോ ? സാഗരം എവിടെ സ്നാനം ചെയ്യും ? വിസ്തൃതമായ വാനം വിശ്രമത്താവളം കണ്ടെത്തുന്നത് എവിടെയാണ് ? നിങ്ങളുടെ കാതുകളെയും ശ്രദ്ധയേയും ആകര്‍ഷിക്കാന്‍ കഴിയുമാറ് അങ്ങേയറ്റം മികവു കാട്ടി ആഭാഷണം ചെയ്യാന്‍ ആര്‍ക്കാണ് ആവുക ? എങ്കിലും ലോകം മുഴുവനും വെളിച്ചം വിതറുന്ന വിവസ്വാനെ ഒരു നെയ്‌വിളക്ക് കൊളുത്തി ആരാധിച്ചുകൂടേ ? ഒരു കൈക്കുമ്പിള്‍ ജലം അര്‍പ്പിച്ച് പാരാവാരത്തെ പ്രീതിപ്പെടുത്തിക്കൂടെ ?

അല്ലയോ മഹാത്മാക്കളെ പരമേശ്വരന്റെ പ്രതിരൂപങ്ങളായ നിങ്ങളെ ഭക്തിയോടെ സേവിക്കുന്ന സാധുവാണ്‌ ഞാന്‍. വാക്കുകള്‍ കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന വഴിപാട് ബില്വപത്രങ്ങള്‍ കൊണ്ട് ചെയ്യുന്ന അര്‍ച്ചനയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ആഹാരം കഴിച്ചുകൊണ്ടിരിക്കുന്ന പിതാവിന്‍റെ പാത്രത്തില്‍ നിന്ന് സ്വന്തം കുഞ്ഞ് ആഹാരപദാര്‍ത്ഥം കയ്യിലെടുക്കുമ്പോള്‍, എത്ര മാത്രം ആനന്ദഭരിതനായിട്ടാണ് അച്ഛന്‍ വാ പിളര്‍ന്നു അതു കുഞ്ഞിന്‍റെ കയ്യില്‍ നിന്നു സ്വീകരിക്കുന്നത് ? അതുപോലെ ശിശുസഹജമായ നിഷ്കളങ്കതയോടെ ഞാന്‍ നിങ്ങളോട് എന്തെങ്കിലും സ്വാതന്ത്ര്യം കാണിച്ചാല്‍ എന്നോടുള്ള സ്നേഹം കൊണ്ട് നിങ്ങള്‍ സന്തോഷപൂര്‍വ്വം അതു സഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അമ്മയുടെ അകിടില്‍ ആഞ്ഞിടിക്കുന്ന കുഞ്ഞിന് അമ്മ കൂടുതല്‍ പാല്‍ ചുരത്തിക്കൊടുക്കാറില്ലേ ? അതുപോലെ സ്നേഹത്തോടെയുള്ള കോപം കൂടുതല്‍ സ്നേഹം ചുരത്തികൊടുക്കുന്നു. എന്‍റെ ശിശുചേഷ്ടിതങ്ങള്‍ നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന കാരുണ്യത്തെ ഉണര്‍ത്തിയിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നത് കൊണ്ട് ഗീതയെപ്പറ്റി നിങ്ങളോട് സംസാരിക്കാനുള്ള ധൈര്യം എനിക്ക് ലഭിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഇന്ദുവിനെ സമ്മര്‍ദ്ദം കൊണ്ട് പൂര്‍ണ്ണേന്ദുവാക്കാനും വായുവിന് വേഗത വര്‍ദ്ധിപ്പിക്കാനും ആകാശത്തിന്‌ ആവരണമുണ്ടാക്കാനും ആരെക്കൊണ്ടെങ്കിലും സാധിക്കുമോ ? ജലത്തെ കൂടുതല്‍ ജലം ചേര്‍ത്ത് നേര്‍മ്മയുള്ളതാക്കാനോ വെണ്ണയെ കടയാനോ സാധ്യമാല്ലാത്തത് പോലെ, നിങ്ങളോട് പ്രഭാഷണം നടത്തുമ്പോള്‍ ഞാന്‍ ലജ്ജിതനാകുന്നു. പരമസത്യമാകുന്ന പരബ്രഹ്മത്തെ വര്‍ണ്ണിക്കുന്ന വേദവാക്യങ്ങള്‍ പരിക്ഷീണിതരായി ഗീതാതല്‍പ്പത്തില്‍ വിശ്രമം കൊള്ളുമ്പോള്‍, എന്‍റെ പ്രാദേശിക ഭാഷയായ മറാത്തിയില്‍ ഗീത വ്യാഖാനിക്കാന്‍ എനിക്ക് എന്തര്‍ഹതയാണുള്ളത് ? എന്നാല്‍ എന്‍റെ സാഹസികമായ പ്രവര്‍ത്തനം നിങ്ങളെ പ്രീതിപ്പെടുത്തുമെന്നുള്ള വിശ്വാസത്തോടെ ഞാന്‍ അതിനു ധൈര്യപ്പെടുകയാണ്. ചന്ദ്രികയുടെ കുളുര്‍മ്മ പോലെയും അമൃതിന്റെ ഉത്തേജനം പോലെയുമുള്ള നിങ്ങളുടെ ശ്രദ്ധ നല്‍കി എന്‍റെ അനുഗ്രഹനിവൃത്തി വരുത്തിത്തന്നാലും.