ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 1

ശ്രീഭഗവാനുവാച:
ഇദം തു തേ ഗുഹ്യതമം
പ്രവക്ഷ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം
യജ്ഞാത്വാ മോക്ഷ്യസേഽ ശുഭാത്

ഏതൊന്നറിഞ്ഞാല്‍ നീ സംസാരബന്ധത്തില്‍നിന്നു നിശ്ശേഷം മോചിതനാകുമോ, അപ്രകാരമുള്ള അതിരഹസ്യവും അനുഭവ സ്വരൂപത്തോടൊപ്പമുള്ള ഈ ജ്ഞാനത്തെ, അസൂയാരഹിതനായ നിനക്ക് ഞാന്‍ ഉപദേശിക്കാം.

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:

അല്ലയോ അര്‍ജ്ജുന, എന്റെ അന്തഃകരണത്തില്‍ അത്യന്തം രഹസ്യമായിട്ടിരിക്കുന്ന വിജ്ഞാനസമന്വിതമായ ഈ ജ്ഞാനത്തെപ്പറ്റി നിന്നോടു പറയാം. ഞാന്‍ ഇത് നിന്നോടു വെളിവാക്കുന്നതെന്തിനാണെന്ന് നിനക്ക് അത്ഭുതം തോന്നാം. എങ്കില്‍ ശ്രദ്ധിക്കൂ. നീ പ്രാജ്ഞനാണ്. ജ്ഞാനപ്രാപ്തിക്ക് അദമ്യമായി ആഗ്രഹിക്കുന്നവനാണ്. ഞാന്‍ പറയുന്നത് നീ ഒരിക്കലും അവഗണിക്കുകയില്ല. ആകയാല്‍, പറയാന്‍ പാടില്ലാത്തതാണെങ്കിലും ഈ രഹസ്യം നിന്നോടു വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഹൃദയത്തിലുള്ളത് നിന്റെ മനസ്സിലേക്ക് നിവേശിക്കണമെന്ന് എനിക്കുതോന്നുന്നു. സ്തനത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്തന്യത്തിന്റെ സ്വാദ് സ്തനം അറിയുന്നില്ല. എന്നാല്‍ അതു കുടിക്കുന്ന കുഞ്ഞ് അതിന്റം മാധുര്യം ആസ്വദിക്കുകയും സംതൃപ്തിയടയുകയും ചെയ്യുന്നു. അതുകണ്ട് അമ്മ ആനന്ദനിര്‍വൃതി നേടുന്നു. കുടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിത്ത് ഉഴുതു തയ്യാറാക്കിയ ഭൂമിയില്‍ വിതയ്ക്കുമ്പോള്‍ അതുനഷ്ടപ്പെട്ടുവെന്ന് ആരെങ്കിലും കരുതാറുണ്ടോ ? അതുപോലെ, പ്രിയങ്കരമായിരിക്കുന്ന ഈ രഹസ്യം ശുദ്ധമനസ്കനും ഋജുബുദ്ധിയും അപവാദം നടത്താത്തവനും എന്നില്‍ നിഷ്കളങ്കഭക്തിയുള്ളവനുമായ ഒരാള്‍ക്ക് വെളിപ്പെടുത്തികൊടുക്കെണ്ടതാണെന്നു ഞാന്‍ കരുതുന്നു. ഈ യോഗ്യതകളെല്ലാം ഒത്തുചേര്‍ന്ന് നിന്നെപ്പോലെ മറ്റൊരാളില്ല. അതുകൊണ്ട് ഈ രഹസ്യം നിനക്ക് നല്‍കാതെ തടഞ്ഞുവെയ്ക്കാന്‍ പാടില്ല എന്നാണ് എന്‍റെ വിശ്വാസം. രഹസ്യം രഹസ്യം എന്ന് നിരന്തരമായി ഉരുവിടുന്നത് കേട്ട് നിനക്ക് വിരസത ഉണ്ടായിക്കാണും. ഈ ജ്ഞാനം വിജ്ഞാനസമന്വിതം നിനക്ക് വെളിവാക്കി തരുന്നതാണ്. സത്യവും മിഥ്യയും തമ്മില്‍ കൂട്ടിക്കലര്‍ത്തിയാല്‍ ശരിയായ പരീക്ഷണങ്ങള്‍ കൊണ്ട് അതു തിരിച്ചറിയാന്‍ സാധിക്കും. രാജഹംസത്തിന് അതിന്‍റെ ചുണ്ട് കൊണ്ട് പാലിനെ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നത്‌പോലെ, ആത്മജ്ഞാനവും ലൗകികജ്ഞാനവും വേര്‍തിരിച്ചറിയുന്നതിനുള്ള ഉപദേശം ഞാന്‍ നിനക്ക് നല്‍കാം. നെല്ലില്‍ അടങ്ങിയിരിക്കുന്ന പതിര് കാറ്റത്ത്‌ ദൂരീകൃതമാകുമ്പോള്‍ നെന്മണികളുടെ മാത്രമായ കൂമ്പാരം നമുക്ക് ലഭിക്കുന്നു. അതുപോലെ ശരിയായ ജ്ഞാനം ലഭിക്കുന്ന ഒരുവന്‍ സംസാരജീവിതത്തിന്‍റെ കുരുക്ക് പൊട്ടിച്ച് മോചനത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതിന് ഇടയാകുന്നു.