ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 2

രാജവിദ്യാരാജഗുഹ്യം
പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധര്‍മ്മ്യം
സുസുഖം കര്‍ത്തുമവ്യയം

ഈ ജ്ഞാനം എല്ലാ വിദ്യകളിലും വെച്ച് ശ്രേഷ്ഠവും അത്യന്തരഹസ്യവും ഉത്തമവും നേരിട്ടനുഭവിക്കാവുന്നതും ശാസ്തത്രാനുസൃതവും പരിശീലിക്കാന്‍ എളുപ്പമുള്ളതും അന്യൂനവും ആകുന്നു.

ഈ ജ്ഞാനം – രാജവിദ്യ – എല്ലാ ജ്ഞാനങ്ങളുടേയും അഗ്രിമസ്ഥാനത്താണ്. ഇത് രഹസ്യങ്ങളില്‍ വെച്ച് രാജാവാകുന്നു. പവിത്രമായിട്ടുള്ളവയില്‍വെച്ച് ഏറ്റവും പവിത്രവുമാകുന്നു. ഇത് ധര്‍മ്മത്തില്‍ നിന്നിളകാതെ അടിയുറച്ച് നില്‍ക്കുന്നു. ഇത് ഉത്തമത്തില്‍വെച്ച് ഉത്തമമാണ്. ഇത് പുനര്‍ജ്ജന്മത്തിന് ഇട നല്‍കുന്നില്ല. ഇത് എല്ലാവരുടെയും ഹൃദയത്തില്‍ എപ്പോഴും സ്ഥിതി ചെയ്യുന്നതും ഗുരുമുഖത്തുനിന്നു കേള്‍ക്കുന്ന മാത്രയില്‍തന്നെ നൈസര്‍ഗികമായി അനുഭവപ്പെടുന്നതുമാകുന്നു. അനായാസമായ നടപടികളില്‍കൂടി ഇതിനെ പ്രാപിക്കാന്‍ കഴിയുന്നതാണ്. ഒരിക്കല്‍ കൈവരിച്ചാല്‍ പിന്നെ മറ്റനുഭവങ്ങളെല്ലാം അവസാനിക്കുന്നു. പ്രാപഞ്ചിക ജീവിതത്തിന്റെ ഈ തീരത്തുവെച്ചുപോലും നിഷ്പ്രയാസം സാക്ഷാത്കരിക്കാന്‍ കഴിയുന്നു. ഇത് ഹൃദയത്തില്‍ ആനന്ദം നിറക്കുന്നു. ഈ ജ്ഞാനത്തിന്റെ മറ്റാരു പ്രത്യേകസ്വഭാവം ഇത് പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും നഷ്ടപ്പെടുകയില്ലെന്നുള്ളതാണ്. ഒരുവന്‍ ഇത് അനുഭവിക്കുന്ന വേളയില്‍ അല്‍പമെങ്കിലും ഇതു കുറയുകയോ തളരുകയോ ചെയ്യുന്നില്ല.

അര്‍ജ്‍ജുനാ, നീ ഇതെപ്പറ്റി യുക്തി പൂര്‍വം ആലോചിക്കുകയാണെങ്കില്‍ നിനക്കൊരു സംശയം തോന്നാം. ‘ഇപ്രകാരമുള്ള ഒരു വസ്തു എന്തുകൊണ്ടാണ് മര്‍ത്ത്യന്‍ അവഗണിക്കുന്നത്? ധനസമ്പാദനത്തിനുവേണ്ടി ശ്രമിക്കുന്ന ലോഭികള്‍ ദുരാഗ്രഹംകൊണ്ടുവെള്ളത്തിലും തീയിലും ചാടാന്‍ സാഹസം കാണിക്കുമ്പോള്‍ എന്തുകൊണ്ടാണ് ആത്മജ്ഞാനത്തിന്റെ ആനന്ദം സംമ്പാദിക്കുന്നതില്‍ ഉദാസീനത കാണിക്കുന്നത്? ആത്മജ്ഞാനത്തിന്റെ ആനന്ദം പരിശുദ്ധവും ഹര്‍ഷപ്രദവും അനായാസേന കൈവരിക്കാവുന്നതും കര്‍ത്തവ്യങ്ങള്‍ക്കു ചേര്‍ന്ന‍തും മോചനത്തിന് സഹായകരവുമാണത്രെ. ഇത്രത്തോളം ആനന്ദകരവും അഭികാമ്യവും അഭികാമ്യവും ആണെങ്കില്‍ എന്തുകൊണ്ടാണ് ഇത് ആളുകളുടെ ശ്രദ്ധയില്‍പെടാതെ വിട്ടുപോകുന്നത്?’ ഇപ്രകാരമുള്ള സംശയം നിന്റെ മനസ്സില്‍ തോന്നിയാല്‍ നീ ഒരിലും അതിനെ വെച്ചുപുലര്‍ത്തരുത്.