ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 4

മയാ തതമിദം സര്‍വ്വം
ജഗദവ്യക്തമൂര്‍ത്തിനാ
മത് സ്ഥാനി സര്‍വ്വഭൂതാനി
ന ചാഹം തേഷ്വവസ്ഥിതഃ

ഇന്ദ്രിയങ്ങള്‍ക്ക് അഗോചരമായിരിക്കുന്ന രൂപത്തോടുകൂടിയ എന്നാല്‍ ഈ ജഗത്ത് ആസകലവും വ്യാപിക്കപ്പെട്ടിരിക്കുന്നു. ചരാചരങ്ങളായ സകലഭൂതങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നു. എന്നാല്‍ ഞാനാകട്ടെ അവയില്‍ മാത്രമായി ഒതുങ്ങുന്നവനല്ല.

ഈ പ്രപഞ്ചം മുഴുവനും എന്റെ അസ്തിത്വത്തിന്റെ പ്രകടിതമായ വിസ്‍തൃതിയല്ലേ? ഉറകൂടിയ പാലിനെ തൈരെന്നു വിളിക്കുന്നു. ഉരുക്കിയ സ്വര്‍ണ്ണം ആഭരണങ്ങളായിത്തീരുന്നു. വിത്തില്‍ നിന്നു മുളച്ചുവരുന്ന ചെടി വൃക്ഷമായി വളരുന്നു. എന്നാല്‍ അതിലെല്ലാം അടങ്ങിയിരിക്കുന്ന വസ്തു ഒന്നുതന്നെയാണ്. ഇതുപോലെ വിശ്വം മുഴുവനും വ്യാപിച്ചുനില്‍ക്കുന്നത് എന്റെ പരബ്രഹ്മരൂപം മാത്രമാണ്. എന്റെ അവ്യക്തഭാവം ഘനീഭവിക്കുമ്പോള്‍ അത് പ്രപഞ്ചരൂപമായിത്തീരുന്നു. അങ്ങനെ അപ്രകടിതമായ ഞാന്‍ ജഗത്രയങ്ങളിലേക്കും വ്യാപിച്ചുനില്‍ക്കുന്നു. മഹത്തത്ത്വങ്ങള്‍ മുതല്‍ ശരീരം വരെ നാമരൂപങ്ങളുള്ള എല്ലാ സത്ത്വങ്ങളും ജലപ്പരപ്പില്‍ കാണുന്ന പതപോലെ എന്നില്‍ പ്രതിഫലിച്ചുകാണുന്നു. എന്നാല്‍ പതയില്‍ ജലം ഇല്ലാത്തതുപോലെ, സ്വപ്നത്തില്‍ കാണുന്ന വിവിധവിഷയങ്ങള്‍ ഉന്നിദ്രാവസ്ഥയില്‍ കാണാത്തതുപോലെ, ഇവയെല്ലാം എന്നില്‍ പ്രതിബിംബിച്ചു കാണുന്നെങ്കിലും ഞാന്‍ ഇതെപ്പറ്റിയെല്ലാം വിശദമായി നിന്നോടു പറഞ്ഞിട്ടുള്ളതു കൊണ്ട് ഇനിയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. എന്നാല്‍ എന്റെ യഥാര്‍ത്ഥസ്വരൂപത്തെപ്പറ്റിയുള്ള സമീക്ഷണം നിനക്ക് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.