എന്റെ അഖണ്ഡസ്വരൂപം മനോദൃഷ്ടിക്ക് ഗോചരമാകുന്നില്ല (ജ്ഞാ.9.5)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 5
ന ച മല്‍സ്ഥാനി ഭൂതാനി
പശ്യ മേ യോഗമൈശ്വരം
ഭൂതഭൃന്ന ച ഭൂതസ്ഥോ
മമാത്മാ ഭൂതഭാവനഃ
പക്ഷേ, ഭൂതങ്ങള്‍ എന്നില്‍ ഇരിക്കുന്നില്ല. എന്റെ അത്ഭുതമായ ശക്തിയെ, അസാധാരണയുക്തിയെ (അഘടന ഘടനാചാതുര്യത്തെ) നോക്കുക. എന്റെ പരമമായിരിക്കുന്ന സ്വരൂപം ഭൂതങ്ങളെ ധരിക്കുന്നതും ഭൂതങ്ങളെ പാലിക്കുന്നതും ആണെങ്കിലും ഭൂതങ്ങളില്‍ ഞാന്‍ സ്ഥിതിചെയ്യുന്നില്ല.
തെറ്റിദ്ധാരണ കൂടാതെ പ്രകൃതിക്കുപരിയായി എന്റെ യഥാര്‍ത്ഥസ്വരൂപം കാണണമെന്നു നീ ആഗ്രഹിക്കുന്നെങ്കില്‍ , എല്ലാവസ്തുക്കളും എന്നില്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നുള്ള പ്രസ്താവന അവാസ്തമാണെന്നു നിനക്കു ബോദ്ധ്യപ്പെടും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എല്ലാറ്റിലും എല്ലാമാകുന്നു. എന്റെ അസ്തിത്വത്തിനപ്പുറത്ത് ഒന്നും തന്നെയില്ല. എങ്കിലും എന്റെ അഖണ്ഡസ്വരൂപം, ശങ്കയാകുന്ന മങ്ങിയ സസ്ധ്യാകാലവെളിച്ചത്തില്‍ മനോദൃഷ്ടിക്ക് ഗോചരമാകുന്നില്ല. തന്മൂലം ഞാന്‍ എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിരിക്കയാണെങ്കിലും, വ്യത്യസ്തമായ അനേകം ജീവികളായി കാണപ്പെടുന്നു. എന്നാല്‍ ശങ്ക ഒഴിവായി വെളിച്ചത്തിന്റെ മങ്ങല്‍ മാറുമ്പോള്‍ വഴിപിഴപ്പിക്കുന്ന ഈ അനേകത്വം നിശ്ശേഷം ഉരുകി പരബ്രഹ്മത്തില്‍ ലയിച്ച് എന്റെ യഥാര്‍ത്ഥസ്വരൂപം ദൃശ്യമാകുന്നു. ഇത്, പാമ്പാണെന്നു ശങ്കിച്ച പൂമാല ശങ്കയൊഴിയുമ്പോള്‍ പൂമാലയാണെന്നു ബേദ്ധ്യപ്പെടുന്നതുപോലെയാണ്.
കുറച്ചുകൂടി സ്പഷ്ടമായി ഞാന്‍ വിശദീകരിക്കാം മണ്‍കുടം സ്വയമേവ മണ്ണില്‍ നിന്നുണ്ടാകുന്നതാണോ? അത് കുശവന്റെ കരവിരുതുകൊണ്ടല്ലേ ഉണ്ടാകുന്നത് ? ആഴി അലയെ ഉണ്ടാക്കുന്നുണ്ടോ ? അല അനിലന്റെ സ്വതന്ത്രമായ ചലനം കൊണ്ട് ആഴിയുടെ ജലപ്പരപ്പില്‍ ആവിര്‍ഭവിക്കുന്നതല്ലേ? പഞ്ഞിക്കെട്ടിനകത്ത് വസ്‍ത്രം ഇരിപ്പുണ്ടോ ? വസ്‍ത്രം നെയ്ത്തുകാരന്‍ നിമിത്തമായിട്ടല്ലേ രൂപം പ്രാപിക്കുന്നത് ? സ്വര്‍ണ്ണം ആഭരണമാകുമ്പോള്‍ അതിന്റെ സ്വഭാവത്തിനു യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെങ്കിലും, അതു ധരിക്കുന്നവന്റെ ഭാവനാവിലാസത്തില്‍ അത് ആഭരണം മാത്രമാണ്. നാം കേള്‍ക്കുന്ന മാറ്റൊലിയും കണ്ണാടിയില്‍ കാണുന്ന പ്രതിബിംബവും നമ്മുടെ തന്നെ ശബ്ദത്തിന്റെയും ആകാരത്തിന്റെയും മാറ്റൊലിയും പ്രതിബിംബവുമല്ലെ? അതു മുമ്പു സ്വയമായി അവിടെ ഉണ്ടായിരുന്നതാണോ ? അതുപോലെ ഒരുവന്‍ ഈ വിവിധസൃഷ്ടികളെ എന്റെ ശുദ്ധസ്വരൂപത്തിന്റെ മേല്‍ അദ്ധ്യാരോപിക്കുന്നതു കൊണ്ടാണ് അവ യഥാര്‍ത്ഥമായും വ്യത്യസ്തമായും അവന്റെ ഭാവനയില്‍ തോന്നുന്നത്. ഈ അദ്ധ്യാരോപം മായയില്‍ നിന്നുടലെടുത്ത വെറും തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഈ അബദ്ധധാരണ നീങ്ങുമ്പോള്‍ അദ്ധ്യാരോപം അവസാനിക്കുകയും നിരാകാരമായ എന്‍റെ സ്വരൂപം മാത്രം അവശേഷിക്കുകയും ചെയ്യും. തലകറക്കം ബാധിച്ച ഒരുവന് അവന്റെ ചുറ്റുപാടുമുള്ള ഭൂമിയും വൃക്ഷങ്ങളും മറ്റും കറങ്ങുന്നതായി തോന്നുന്നതുപോലെ മനോസങ്കല്‍പ്പത്തില്‍ നിന്നുണ്ടായ വികല്‍പം എന്റെ അഖണ്ഡസ്വരൂപത്തില്‍ ജീവജാലങ്ങളെ ദര്‍ശിക്കുന്നതിനു കാരണഭൂതമാകുന്നു. ഈ മനോസങ്കല്‍പത്തെ ഒഴിവാക്കിയാല്‍ ഞാന്‍ ജീവജാലങ്ങളില്‍ ഉണ്ടെന്നോ അവ എന്നിലുണ്ടെന്നോ സ്വപ്നത്തില്‍ പോലും ഭാവനചെയുന്നത് നിരര്‍ത്ഥകമായിരിക്കും. ആകയാല്‍ ഞാന്‍ എല്ലാ ജീവജാലങ്ങളേയും താങ്ങിനിര്‍ത്തുന്നുവെന്നോ, എല്ലാ ജീവജാലങ്ങളിലും സ്ഥിതിചെയ്യുന്നുവെന്നോ പറയുന്നത് ജ്വരഭ്രാന്തി മൂര്‍ച്ഛിച്ച ഒരുവന്റെ പേയ്പറച്ചില്‍ പോലെയാണ്. അയഥാര്‍ത്ഥമായ ഒരു പൊരുളിനെപ്പറ്റിയുള്ള മിഥ്യാധാരണകൊണ്ടാണ് ഞാന്‍ അവയ്ക്കെല്ലാം ആധാരമാണെന്നോ അവലംബമാണെന്നോ ഒരുവന്‍ ചിന്തിക്കുന്നത്. കാനല്‍ജലം ഇല്ലാതെയിരുന്നിട്ടും സൂര്യകിരണങ്ങള്‍ കൊണ്ട് അത് യഥാര്‍ത്ഥമായിതോന്നുന്നു. അതുപോലെ ഒരുവന്‍ ജീവജാലങ്ങളെ എന്നില്‍ കാണുകയും ഞാന്‍ അവയില്‍ഉണ്ടെന്ന് കരുതുകയും ചെയ്യുന്നു. എന്നാല്‍ സൂര്യനും അതിന്റെ കിരണങ്ങളും ഒന്നുതന്നെ ആയിരിക്കുന്നതുപോലെ ഞാന്‍ ജീവജാലങ്ങളില്‍ നിന്നു ഭിന്നമല്ല. അല്ലയോ അര്‍ജുന, നീ എന്റെ ദിവ്യമായ പ്രാഭവം മനസ്സിലാക്കുന്നുണ്ടോ ? പറയൂ, ഞാനും ജീവജാലങ്ങളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം നീ കാണുന്നുണ്ടോ ? ഈ പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ എന്നില്‍നിന്നു ഭിന്നമല്ല. ആകയാല്‍ ഞാന്‍ അതില്‍ നിന്നും ഭിന്നമാണെന്ന് ഒരിക്കലും ചിന്തിക്കരുത്.