ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 7
സര്‍വ്വഭൂതാനി കൗന്തേയ
പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസൃജാമ്യഹം.
അല്ലയോ കൗന്തേയ പ്രളയകാലത്തില്‍ (ബ്രഹ്മാവിന്റെ പകല്‍ തീരുമ്പോള്‍) എല്ലാ പ്രപഞ്ചഘടകങ്ങളും അവ്യക്തരൂപിണിയായ എന്റെ പ്രകൃതിയില്‍ വന്നു ലയിക്കുന്നു. സൃഷ്ടികാലത്തില്‍ (പകല്‍ തുടങ്ങുമ്പോള്‍) അവയെ പിന്നേയും ഞാന്‍ വിശേഷമായി സൃഷ്ടിക്കുന്നു.
ഇതു പ്രകൃതിയെന്ന് അറിയപ്പെടുന്നു. ഞാന്‍ മുമ്പു പറഞ്ഞതു പോലെ ഇതു രണ്ടു മടങ്ങായിട്ടാണ്. ഒന്ന് എട്ടു വ്യത്യസ്തരീതിയിലും മറ്റേതു ജീവഭൂതമായിട്ടും പ്രകടിതമാകുന്നു. അല്ലയോ അര്‍ജുനാ, പ്രകൃതിയെപ്പറ്റി നീ എന്നില്‍ നിന്നും നേരത്തെ തന്നെ എല്ലാം കേട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയും അതേപ്പറ്റി വീണ്ടും ഞാന്‍ പറയേണ്ട ആവശ്യമുണ്ടോ ? പ്രളയകാലത്ത് എല്ലാ ഭൂതങ്ങളും എന്റെ പ്രകൃതിയില്‍ ലയിച്ച് ഒന്നായിത്തീരുന്നു. വേനല്‍ക്കാലത്ത് ഉഗ്രമായ ചൂടില്‍ പുല്‍ക്കൊടിയും അതിന്റെ വിത്തും മണ്ണില്‍ മറയുന്നില്ലേ ? വര്‍ഷകാലത്ത് ആകാശം തിങ്ങിനില്‍ക്കുന്ന മേഘങ്ങള്‍ ശരല്‍ക്കാലത്ത് അപ്രത്യക്ഷമാകുന്നില്ലേ ? വായു വിഹായസ്സില്‍ മറയുന്നില്ലേ ? തിരമാലകള്‍ ജലത്തില്‍ ലയിച്ചുചെരുന്നില്ലേ ? ഉണരുമ്പോള്‍സ്വപ്നം മനസ്സില്‍ നിന്നു തിരോധാനം ചെയ്യുന്നില്ലേ ? അതുപോലെ എല്ലാഭൂതങ്ങളും പ്രളയകാലത്ത് പ്രകൃതിയില്‍ ലയിക്കുന്നു. എന്നാല്‍ ഒരു കല്പത്തിന്റെ ആരംഭത്തില്‍ ഞാന്‍ ഈ ലോകത്തെ സൃഷ്ടിക്കുന്നുവെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഇതങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഞാന്‍ വിശദീകരിക്കാം. ശ്രദ്ധിക്കുക.