ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 8

പ്രകൃതിം സ്വാമവഷ്ടഭ്യ
വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേര്‍വശാത്.

സ്വന്തം ശക്തിയായ പ്രകൃതിയെ സദാ തനിക്കധീനയായി നിര്‍ത്തിക്കൊണ്ട് പ്രകൃതിക്ക് അടിമപ്പെട്ട് ആവശ്യമായിക്കഴിയുന്ന ഈ പ്രപഞ്ചഘടകങ്ങളെ ഞാന്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു.

അല്ലയോ കിരീടി, എന്റെ സ്വന്തം ശക്തിയായ പ്രകൃതി എപ്പോഴും എനിക്കധീനയാണ്. നെയ്ത്തുകാരന്‍ ഊടുംപാവും നിര്‍മ്മിച്ച്‌ നൂല്കൊണ്ട് നെയ്യുന്ന വസ്ത്രങ്ങളിലെ സമചതുരാകൃതി പൂണ്ടു കാണുന്ന രന്ധ്രങ്ങളിലും വസ്ത്രം തന്നെ നിറഞ്ഞു നില്‍ക്കുന്നു. അതുപോലെ പ്രകൃതി നാമരൂപാദികളോട് കൂടിയ പഞ്ചമഹാഭൂതങ്ങളായി, പ്രപഞ്ചമായി വെളിപ്പെടുന്നു. അല്പം തൈര് കലരുമ്പോള്‍ അതുമായി ചേര്‍ന്ന പാല് മുഴുവന്‍ തൈരായിത്തീരുന്നത് പോലെ, പ്രകൃതി സൃഷ്ടിയില്‍ പ്രവേശിക്കുമ്പോള്‍ പ്രപഞ്ചസൃഷ്ടി മുഴുവന്‍ പ്രകൃതിയുടെ രൂപം കൈക്കൊള്ളുന്നു. മണ്ണില്‍ കിടക്കുന്ന വിത്ത്‌ ജലസ്പര്‍ശമേറ്റു മുളച്ചു ശാഖോപശാഖകളുള്ള വൃക്ഷമായി തഴച്ചു വളരുന്നത്‌ പോലെ, പ്രകൃതി പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് എന്നോട് കടപ്പെട്ടിരിക്കുന്നു. ഒരു പട്ടണം രാജാവിനാല്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നത് ഒരു കണക്കിന് സത്യമാണെങ്കിലും യഥാര്‍ഥത്തില്‍ ആ പട്ടണത്തിന്‍റെ നിര്‍മ്മാണത്തിന് രാജാവ് എന്തെങ്കിലും പണിയെടുത്തിട്ടുണ്ടോ ? ഉറക്കത്തില്‍ സ്വപ്നം കാണുകയും അതില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ഒരുവനെപ്പോലെയാണ് ഞാന്‍ പ്രകൃതിയെ അവലംബമാക്കി പ്രവര്‍ത്തിക്കുന്നത്. ഉറക്കത്തില്‍ നിന്ന് ഉന്നിദ്രാവസ്ഥയിലെത്തുന്നതിന് കാലുകള്‍ക്ക് വേദന ഉണ്ടാക്കത്തക്കവണ്ണം അവനു നടക്കേണ്ടി വന്നുവോ ? സ്വപ്നത്തില്‍ നടത്തിയ ഏതെങ്കിലും യാത്ര അവനെ ക്ഷീണിതനാക്കുമോ ? ഞാന്‍ ഇതെല്ലാം പറയുന്നതിന്റെ ഉദ്ദേശം, ഈ പ്രപഞ്ചസൃഷ്ടിക്ക് വേണ്ടിയുള്ള യാതൊരു കര്‍മ്മങ്ങളുംഎന്നെ ലവലേശം സ്പര്‍ശിക്കുന്നില്ല എന്ന് നിന്നെ അറിയിക്കാനാണ്. രാജാവ് പ്രജകളെ ഭരിക്കുമ്പോഴും അവര്‍ അവരുടെ വ്യാപാരങ്ങളില്‍ വ്യാപൃതരായിരിക്കുന്നത് പോലെയാണ് എനിക്ക് പ്രകൃതിയുമായുള്ള ബന്ധം. എല്ലാം പ്രവര്‍ത്തിക്കുന്നത് പ്രകൃതിയാണ്.