ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 10

മയാദ്ധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാ നേന കൗന്തേയ
ജഗദ്വിപരിവര്‍ത്തതേ

ഹേ അര്‍ജ്ജുന, എല്ലാറ്റിനും അദ്ധ്യക്ഷനായിരിക്കുന്ന (നിയന്താവായിട്ടുള്ള) എന്നാല്‍ പ്രേരിതയായിട്ട് പ്രകൃതി ചരങ്ങളും അചരങ്ങളുമായ എല്ലാ പ്രപഞ്ചഘടകങ്ങളേയും പ്രസവിക്കുന്നു. ഇത് ഹേതുവായിട്ടു പ്രപഞ്ചം ഇങ്ങനെ ആവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നു.

അല്ലയോ അര്‍ജ്ജുനാ, ഭാനുമാന്‍ എല്ലാ ലോകവ്യാപാരങ്ങള്‍ക്കും എപ്രകാരം ഉപകരണമായിരിക്കുന്നുവോ അപ്രകാരം ഞാന്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്ക് കാരണഭൂതനായിരിക്കുന്നു. എന്‍റെ അധികാരത്തിന്‍കീഴില്‍ പ്രകൃതി സര്‍വചരാചരങ്ങളുടേയും സൃഷ്ടി നടത്തുന്നത് കൊണ്ട് ഞാന്‍ പ്രപഞ്ചത്തിന്റെയെല്ലാം പ്രേരകശക്തിയാണെന്ന് എല്ലാവരും ധരിക്കുന്നു. എന്നാല്‍ ഭൂതജാലങ്ങള്‍ എന്നില്‍ നിന്നാണ് സൃഷ്ടിക്കപ്പെടുന്നതെങ്കിലും ഞാന്‍ അവയിലൊന്നും ഇല്ലതന്നെ. ഈ അറിവിന്റെ വെളിച്ചത്തില്‍ നിനക്ക് എന്‍റെ ഐശ്വര്യയോഗത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയും. ഭൂതജാലങ്ങള്‍ എന്നിലോ ഞാന്‍ അവയിലോ ഇല്ലെന്നുള്ള വസ്തുത നീ ഒരിക്കലും വിസ്മരിക്കരുത്. ഞാന്‍ നിനക്ക് മാത്രമായി വെളിപ്പെടുത്തിത്തരുന്ന ഗഹനമായ ഈ രഹസ്യം, ഇന്ദ്രിയങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ചിട്ട്‌ നിന്റെ ഹൃദയത്തില്‍ അനുഭവിച്ചറിയണം. വൈക്കോല്‍ കൂമ്പാരത്തിനിടയില്‍ വീണുപോയ നെന്മണികള്‍ കണ്ടുപിടിക്കാന്‍ കഴിയാത്തതുപോലെ, ഈ രഹസ്യം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാത്ത ഒരുവന് എന്‍റെ യഥാര്‍ത്ഥ സ്വരൂപം മനസ്സിലാക്കാന്‍ സാധ്യമല്ല. അനുമാനം കൊണ്ട് എന്നെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ മരീചിക കൊണ്ട് ഭൂമി തണുക്കുമോ ? കടലില്‍ വലവീശുന്ന മുക്കുവന്‍ സമുദ്രത്തില്‍ കാണുന്ന ചന്ദ്രന്റെ പ്രതിബിംബം തന്റെ വലയില്‍ അകപ്പെട്ടുവെന്ന് ധരിക്കുന്നു. എന്നാല്‍ വല കരയ്ക്ക്‌ വലിച്ചുകയറ്റി കുടയുമ്പോള്‍ പ്രതിബിംബം എവിടെ ? ഇപ്രകാരം പല ആളുകളും തങ്ങള്‍ ആത്മസാക്ഷാത്കാരം നേടിയെന്ന് വാചാലമായി പ്രസംഗിക്കാറുണ്ടെങ്കിലും സൂക്ഷ്മനിരീക്ഷണത്തില്‍ അവരുടെ നേട്ടം ഭാവനയില്‍ മാത്രമാണെന്നും ഭാവിയില്‍പോലും അവര്‍ക്ക് അത് കൈവരിക്കാന്‍ സാദ്ധ്യമല്ലെന്നും ബോധ്യമാകും.